കയറ്റുമതിയിലും കേരളപ്പെരുമ; ഒറ്റവർഷം കൊണ്ട് വരുമാനം ഇരട്ടി, മുന്നിൽ എറണാകുളവും ആലപ്പുഴയും
Mail This Article
കേരളത്തിന്റെ ഉൽപന്നങ്ങൾ ലോകവിപണിയിലും ശ്രദ്ധനേടുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. ഒറ്റവർഷം കൊണ്ട് സംസ്ഥാനത്തിന്റെ കയറ്റുമതി വരുമാനം ഇരട്ടിയോളമായാണ് ഉയർന്നത്. കയറ്റുമതി നേട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നതാകട്ടെ ബിസിനസ് നഗരമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയും ഏറ്റവും കൊച്ചുജില്ലയായ ആലപ്പുഴയും.
2022-23 സാമ്പത്തിക വർഷത്തിൽ 35,116.09 കോടി രൂപയായിരുന്നു കേരളത്തിൽ നിന്നുള്ള കയറ്റുമതി വരുമാനം. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ കേരളത്തിന്റെ വിഹിതം 0.97 ശതമാനവുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) വരുമാനം 92.99% മുന്നേറി 67,770.28 കോടി രൂപയായി. കയറ്റുമതി വിഹിതം 1.87 ശതമാനത്തിലുമെത്തി.
നടപ്പുവർഷം (2024-25) ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം കേരളം കയറ്റുമതി വരുമാനമായി നേടിയത് 15,587.15 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തേക്കാൾ 7.27% അധികം. 2023-24ലെ ഏപ്രിൽ-ഓഗസ്റ്റിൽ ലഭിച്ചത് 14,530.31 കോടി രൂപയായിരുന്നു. നടപ്പുവർഷം തുടർമാസങ്ങളിൽ കയറ്റുമതി കൂടുമെന്നും വരുമാനം 70,000 കോടി രൂപ ഭേദിച്ചേക്കുമെന്നുമാണ് വിലയിരുത്തലുകൾ.
എറണാകുളവും ആലപ്പുഴയും
...മ്മ്ടെ തൃശൂരും
കേരളത്തിന്റെ കയറ്റുമതിയിൽ ഏറ്റവുമധികം പങ്കുവഹിക്കുന്നത് എറണാകുളം ജില്ലയാണ്. ആലപ്പുഴയാണ് രണ്ടാംസ്ഥാനത്ത്. മൂന്നാമത് തൃശൂരും. ഏറ്റവും കുറവ് പങ്കുള്ളത് കാസർഗോഡിനാണ്. പിന്നെ പത്തനംതിട്ടയും വയനാടും. നടപ്പുവർഷം ഏപ്രിൽ-ഓഗസ്റ്റിൽ 9,068.7 കോടി രൂപയും വരുമാനമായി സ്വന്തമാക്കിയത് എറണാകുളമാണ്. 2,002.5 കോടി രൂപയുമായാണ് ആലപ്പുഴയുടെ രണ്ടാംസ്ഥാന നേട്ടം. 1,101.6 കോടി രൂപയാണ് തൃശൂരിന്റെ കീശയിലെത്തിയത്.
പാലക്കാട് (617.1 കോടി രൂപ), കൊല്ലം (607.1 കോടി രൂപ), തിരുവനന്തപുരം (487.2 കോടി രൂപ), കോട്ടയം (446.2 കോടി രൂപ), കോഴിക്കോട് (373.7 കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. മലപ്പുറം ജില്ലയിൽ നിന്ന് 328.3 കോടി രൂപയുടെ കയറ്റുമതി നടന്നു. കണ്ണൂർ (197.6 കോടി രൂപ), ഇടുക്കി (162.63 കോടി രൂപ), വയനാട് (118.35 കോടി രൂപ), പത്തനംതിട്ട (53.3 കോടി രൂപ) എന്നിവയാണ് യഥാക്രമം 10 മുതൽ 13 വരെ സ്ഥാനങ്ങളിൽ. 22.43 കോടി രൂപയുടെ വരുമാനമാണ് 14-ാമതുള്ള കാസർഗോഡ് നേടിയത്.
മീനും കയറും അരിയും സ്വർണവും
പച്ചക്കറികൾ മുതൽ പെട്രോളിയം ഉൽപന്നങ്ങൾ വരെ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ചെമ്മീനും മറ്റ് മത്സ്യങ്ങളും ഉൾപ്പെടുന്ന സമുദ്രോൽപന്നങ്ങൾ, കയർ എന്നിവയാണ് ആലപ്പുഴ കയറ്റി അയക്കുന്നത്. പഴം-പച്ചക്കറികൾ, സമുദ്രോൽപന്നങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവയാണ് എറണാകുളത്തിന്റെ സംഭാവന. തേയില, കുരുമുളക്, ഏലം എന്നിവയാണ് ഇടുക്കിയുടെ മിടുക്ക്.
കൊപ്ര, കോട്ടൺ, ലിനൻ, സ്വർണാഭരണങ്ങൾ എന്നിവ കണ്ണൂരും കശുവണ്ടി, സമുദ്രോല‌്‍പന്നങ്ങൾ, ടൈറ്റാനിയം ഡയോക്സൈഡ് എന്നിവ കൊല്ലവും കയറ്റുമതി ചെയ്യുന്നു. കാപ്പിയും റബർ ഉൽപന്നങ്ങളുമാണ് കോട്ടയത്തിനുള്ളത്. സ്റ്റീൽ, സ്വർണാഭരണങ്ങൾ, തേയില, പച്ചക്കറികൾ എന്നിവ കോഴിക്കോടും പച്ചക്കറികൾ, സ്വർണാഭരണങ്ങൾ, ബസ്മതി അരി എന്നിവ മലപ്പുറവും കയറ്റുമതി ചെയ്യുന്നു.
തേയില, അരി, കൊപ്ര, കുരുമുളക് എന്നിവയാണ് പാലക്കാടിനുള്ളത്. പച്ചക്കറികളാണ് പത്തനംതിട്ടയുടെ പെരുമ. പച്ചക്കറികളും സമുദ്രോൽപന്നങ്ങളും മെഡിക്കൽ ഉപകരണങ്ങളുമായി തിരുവനന്തപുരവും കൂടെയുണ്ട്. സ്വർണാഭരണങ്ങൾ, കൊപ്ര, സമുദ്രോൽപന്നങ്ങൾ എന്നിവയാണ് തൃശൂരിന്റെ പങ്ക്. കാപ്പിയും തേയിലയും വയനാട് കയറ്റിഅയക്കുന്നു. നാളികേരവും കശുവണ്ടിയുമാണ് കാസർഗോഡിന്റെ കയറ്റുമതി.