ഓഹരികൾക്ക് 'മധുര' മുഹൂർത്തം; സംവത്-2081ലേക്ക് നേട്ടത്തോടെ നിഫ്റ്റിയും സെൻസെക്സും, ഇന്നും കുതിച്ച് കിറ്റെക്സ്
Mail This Article
ഉത്തരേന്ത്യൻ ഹൈന്ദവ വിശ്വാസപ്രകാരമുള്ള പുതുവർഷമായ സംവത്-2081ലേക്ക് നേട്ടത്തോടെ ചുവടുവച്ച് ഇന്ത്യൻ ഓഹരി വിപണി. സംവത്-2081ലെ വ്യപാരത്തിന് തുടക്കംകുറിച്ച് ഇന്ന് നടന്ന ഒരു മണിക്കൂർ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 335.06 പോയിന്റ് (+0.42%) ഉയർന്ന് 79,724.12ലും നിഫ്റ്റി 99 പോയിന്റ് (+0.41%) നേട്ടവുമായി 24,304ലുമെത്തി. 80,023 പോയിന്റിലേക്ക് ഉയർന്നാണ് സെൻസെക്സ് ഇന്നത്തെ പ്രത്യേക വ്യാപാരത്തിന് ആരംഭം കുറിച്ചതെങ്കിലും പിന്നീട് മയപ്പെട്ടു. ഒരുവേള 79,655 വരെ താഴുകയും ചെയ്തു. നിഫ്റ്റിയും 24,302ൽ തുടങ്ങി 24,368 വരെ ഉയർന്നശേഷമാണ് നേട്ടം നിജപ്പെടുത്തിയത്.
നിഫ്റ്റിയിലെ താരങ്ങൾ ഇവർ
പുതുതായി വീട്, വസ്ത്രം, വാഹനം തുടങ്ങിയവ വാങ്ങാൻ ഏറ്റവും ശുഭകരമായ സമയമായി ഉത്തരേന്ത്യൻ ഹൈന്ദവർ വിശ്വസിക്കുന്നതാണ് മുഹൂർത്ത വ്യാപാരം. ഈ സമയത്ത് ഓഹരി വാങ്ങുന്നത് ഐശ്വര്യപൂർണമാകുമെന്ന് നിക്ഷേപകരും വിശ്വസിക്കുന്നു. വിശാല വിപണിയിൽ ഇന്ന് എല്ലാ വിഭാഗങ്ങളിലും ഓഹരി വാങ്ങാൻ നിക്ഷേപകർ തിരക്കുകൂട്ടി. നിഫ്റ്റി ഓട്ടോ 1.29%, പൊതുമേഖലാ ബാങ്ക് 0.75%, ഓയിൽ ആൻഡ് ഗ്യാസ് 0.99%, കൺസ്യൂമർ ഡ്യൂറബിൾസ് 0.90%, റിയൽറ്റി 0.68% എന്നിങ്ങനെ നേട്ടമുണ്ടാക്കി. ഒക്ടോബറിലെ മികച്ച വാഹന വിൽപനക്കണക്കുകൾ നിഫ്റ്റി ഓട്ടോയ്ക്ക് ഊർജമായി.
നിഫ്റ്റി50ല്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.59% ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി. ഒക്ടോബറിൽ മൊത്തം വാഹന വിൽപനയിൽ 20 ശതമാനവും എസ്‍യുവി വിൽപനയിൽ 25 ശതമാനവും നേട്ടം കൈവരിച്ചത് മഹീന്ദ്ര ഓഹരികൾ ഇന്ന് ആഘോഷമാക്കുകയായിരുന്നു. ക്രൂഡ് ഓയിൽ വിലവർധനയുടെ പശ്ചാത്തലത്തിൽ ഒഎൻജിസി 2.95% മുന്നേറി രണ്ടാമതെത്തി. മോത്തിലാൽ ഓസ്വാളിൽ നിന്ന് 'വാങ്ങൽ' (buy) സ്റ്റാറ്റസ് കിട്ടിയ പശ്ചാത്തലത്തിൽ അദാനി പോർട്സ് 1.32% ഉയർന്ന് നേട്ടത്തിൽ മൂന്നാമതുണ്ട്. ഐസിഐസിഐ ബാങ്ക്, വിപ്രോ, ഇൻഫോസിസ്, അദാനി എന്റർപ്രൈസസ്, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ഡോ. റെഡ്ഡീസ് എന്നിവ 0.03 മുതൽ 0.96% വരെ നഷ്ടം നേരിട്ടു. നിഫ്റ്റി50ൽ ഇന്ന് ഈ എട്ട് ഓഹരികളാണ് നഷ്ടത്തിലായത്. 42 ഓഹരികൾ നേട്ടത്തിലേറി.
സെൻസെക്സിന്റെ പ്രകടനം
ബിഎസ്ഇയിൽ ഇന്ന് 3,648 ഓഹരികൾ വ്യാപാരം ചെയ്തതിൽ 3,036 എണ്ണവും പച്ചപ്പണിഞ്ഞു. 542 ഓഹരികൾ നഷ്ടത്തിലായിരുന്നു. 70 ഓഹരികളുടെ വില മാറിയില്ല. 118 ഓഹരികൾ 52-ആഴ്ചത്തെ ഉയരവും 11 എണ്ണം താഴ്ചയും കണ്ടു. 336 ഓഹരികൾ അപ്പർ-സർക്യൂട്ടിലും 40 എണ്ണം ലോവർ-സർക്യൂട്ടിലും ആയിരുന്നു. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 3.26 ലക്ഷം കോടി രൂപ വർധിച്ച് 447.97 ലക്ഷം കോടി രൂപയിലുമെത്തി.
സെൻസെക്സിലും 3.29% ഉയർന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് മുന്നിൽ. അദാനി പോർട്സ് 1.26%, ടാറ്റാ മോട്ടോഴ്സ് 1.14% എന്നിങ്ങനെയും ഉയർന്നു. ടാറ്റയുടെ ഒക്ടോബറിലെ വിൽപന നേരിയതോതിൽ കുറഞ്ഞെങ്കിലും ഓഹരികൾ നേട്ടത്തിലേറി. ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് എന്നിവയാണ് സെൻസെക്സിൽ നഷ്ടം നേരിട്ടവ.
മുഹൂർത്ത വ്യാപാരത്തിലെ ട്രെൻഡ്
പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും ഐശ്വര്യപൂർണമായ സമയമെന്ന വിശ്വാസമാണ് പ്രധാനമായും മുഹൂർത്ത വ്യാപാരത്തെ നയിച്ചത്. കഴിഞ്ഞ 13 മൂഹൂർത്ത വ്യാപാരങ്ങളിൽ 10ലും നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കാൻ ഇതോടെ സെൻസെക്സിനും നിഫ്റ്റിക്കും കഴിഞ്ഞു. 2023ലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 354 പോയിന്റും നിഫ്റ്റി 100 പോയിന്റുമാണ് ഉയർന്നത്. അന്ന് ബിഎസ്ഇയിലെ നിക്ഷേപക സമ്പത്ത് 322.48 ലക്ഷം കോടി രൂപയുമായിരുന്നു.
വിദേശ ധനകാര്യസ്ഥാപനങ്ങളുടെ (എഫ്ഐഐ) പിന്മാറ്റം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, യുഎസിലെ സാമ്പത്തിക ചലനങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കമ്പനികളുടെ പ്രവർത്തനഫലം തുടങ്ങിയ വെല്ലുവിളികളാകും വരുംദിവസങ്ങളിലും വിപണിയെ സ്വാധീനിക്കുക. എഫ്ഐഐകൾ ഒക്ടോബറിൽ റെക്കോർഡ് 1.14 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചത്. ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തിന്റെ സൂചന നൽകുന്ന ഇന്ത്യ വിക്സ് സൂചിക ഇന്ന് 2.26% ഉയർന്ന് 15.90 ആയത്, നിക്ഷേപകർക്കിടയിൽ ഇപ്പോഴും ആശങ്കയുണ്ടെന്ന് വ്യക്തമാക്കുന്നു.
കിറ്റെക്സ് ഇന്നും അപ്പർ-സർക്യൂട്ടിൽ
മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിൻ മിനറൽസ് 7.19% ഉയർന്നു. മികച്ച പാദഫലം കരുത്താക്കി കിറ്റെക്സ് ഓഹരികൾ ഇന്നും 5% കുതിച്ച് അപ്പർ-സർക്യൂട്ടിലെത്തി. പ്രൈമ ഇൻഡസ്ട്രീസാണ് മുഹൂർത്ത വ്യാപാരത്തിൽ ഏറ്റവുമധികം മുന്നേറിയ കേരള ഓഹരി; നേട്ടം 11.11%. ഡബ്ല്യുഐപിഎൽ 4.32%, സോൾവ് പ്ലാസ്റ്റിക് 3.95% എന്നിവയും തിളങ്ങി. കേരള ആയുർവേദ, മുത്തൂറ്റ് മൈക്രോഫിൻ, കൊച്ചിൻ ഷിപ്പ്‍യാർഡ്, ബിപിഎൽ, കല്യാൺ ജ്വല്ലേഴ്സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജിയോജിത്, മണപ്പുറം ഫിനാൻസ് എന്നിവയും ഭേദപ്പെട്ട നേട്ടമുണ്ടാക്കി. സഫ സിസ്റ്റംസ് ഇന്നും 4.97% താഴ്ന്ന് നഷ്ടത്തിൽ മുന്നിലായി.