റഷ്യയെ സഹായിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല! ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക
Mail This Article
അവശ്യ വസ്തുക്കളും സാങ്കേതിക വിദ്യയും നൽകി റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്നാരോപിച്ച് 19 ഇന്ത്യൻ സ്ഥാപനങ്ങൾക്കും രണ്ട് ഇന്ത്യൻ പൗരന്മാർക്കും അമേരിക്ക ബുധനാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്തി.ആയുധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന മൈക്രോ ഇലക്‌ട്രോണിക്‌സ് പോലുള്ള നിർണായക ഘടകങ്ങൾ ഇന്ത്യൻ കമ്പനികൾ റഷ്യയ്ക്ക് വിതരണം ചെയ്യുന്നു എന്നാണ് ആരോപണം.
നിലയ്ക്ക് നിർത്താൻ ശ്രമം
ഇന്ത്യ മാത്രമല്ല വേറെ ചില രാജ്യങ്ങളിലെയും കമ്പനികൾക്കും വ്യക്തികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ 400 സ്ഥാപനങ്ങൾക്കാണ് അമേരിക്ക മുന്നറിയിപ്പ് ഇല്ലാതെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
യുക്രെയ്നിനെതിരായി യുദ്ധം ചെയ്യാൻ റഷ്യ ആശ്രയിക്കുന്ന കമ്പനികളെ നിലയ്ക്ക് നിർത്താനാണ് ഉപരോധമേർപ്പെടുത്തുന്നത് എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പ്രസ്താവനയിറക്കി.
ചൈന, മലേഷ്യ, തായ്‌ലൻഡ്, തുർക്കി, യുഎഇ, തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്കൻ നീക്കം ബാധിക്കും. വ്യവസായ ആവശ്യങ്ങൾക്കും, യുദ്ധാവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികളെയാണ് ഉപരോധം ബാധിച്ചിരിക്കുന്നത്. വ്യവസായ ആവശ്യങ്ങൾ എന്ന പേരിൽ റഷ്യയിലേക്ക് കയറ്റി അയക്കുന്നത് യുദ്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.
കയറ്റുമതി കൂടുന്നു
2023 മാർച്ചിനും 2024 മാർച്ചിനും ഇടയിൽ 200,000 ഡോളറിലധികം വിലമതിക്കുന്ന 700 ഇനങ്ങളാണ് അസെൻഡ് ഏവിയേഷൻ ഇന്ത്യ എന്ന കമ്പനി റഷ്യയിലേക്ക് കയറ്റി അയച്ചതെന്ന് അമേരിക്കൻ അധികൃതർ പറയുന്നു.മറ്റൊരു കമ്പനിയായ മാസ്‌ക് ട്രാൻസ്, 2023 ജൂണിനും 2024 ഏപ്രിലിനും ഇടയിൽ റഷ്യയുടെ എസ് 7 എഞ്ചിനീയറിംഗ് എൽഎൽസി എന്ന കമ്പനിക്ക് 300,000 ഡോളറിലധികം വിലമതിക്കുന്ന വ്യോമയാന ഘടകങ്ങൾ വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്നു.ഉപരോധം ഏർപ്പെടുത്തുക മാത്രമല്ല അത് ലംഘിക്കാനും പാടില്ല എന്നൊരു മുന്നറിയിപ്പും അമേരിക്ക ഇന്ത്യക്ക് നൽകിയിട്ടുണ്ട്.
"ഉപരോധം ലംഘിക്കുന്നത് അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങളെ അപകടത്തിലാക്കുമെന്ന്" ഈ വർഷം ആദ്യം ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ഇന്ത്യൻ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
“റഷ്യയ്‌ക്കെതിരായ ആഗോള ഉപരോധം ലംഘിക്കുന്ന ഏതൊരു ഇന്ത്യൻ കമ്പനിയും അതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം,” ഗാർസെറ്റി ജൂണിൽ പറഞ്ഞു.
ഇന്ത്യ വളരരുത്
ഇന്ത്യയുടെ മാനുഫാക്ച്ചറിങ് മേഖല പച്ചപിടിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഉപരോധം ഏർപ്പെടുത്തുന്നത് രാജ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്. പ്രതിരോധ മേഖലയിലെ കമ്പനികൾ നല്ല പ്രകടനം കാഴ്ചവെച്ച വർഷമാണ് കഴിഞ്ഞു പോയത്. ഇന്ത്യൻ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതും അമേരിക്കക്ക് ഇഷ്ടപ്പെടുന്നില്ല. കൂടാതെ ഇന്ത്യയുടെ ചൈനയുമായുള്ള അതിർത്തി തർക്കങ്ങളിൽ അയവു വന്നതും അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്. റഷ്യയെ ഒതുക്കുന്നതു മാത്രമല്ല ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ അമേരിക്ക ലക്ഷ്യ മിടുന്നത് എന്ന് ചുരുക്കം. ഇന്ത്യൻ കമ്പനികളുടെ അനിയന്ത്രിത വളർച്ച തടയുക എന്ന പരോക്ഷ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇന്ത്യൻ കമ്പനികളുടെ കഴിഞ്ഞ പാദ ഫലങ്ങൾ വന്നപ്പോൾ തന്നെ പിണങ്ങിയ ഓഹരി വിപണി ഉപരോധം ഏർപ്പെടുത്തിയ കമ്പനികളുടെ ഓഹരികളോട് എങ്ങിനെ പ്രതികരിക്കും എന്ന് നോക്കിയിരിക്കുകയാണ് നിക്ഷേപകർ.