നികുതി: ഭൂരിപക്ഷത്തിനും സർക്കാരിനെ വിശ്വാസമില്ല, ആശങ്കയേറുന്നു
Mail This Article
കോഴിക്കോട്∙ കൃത്യമായി നികുതി നൽകുന്നു, പക്ഷേ, അതിനുതക്ക സൗകര്യങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുന്നില്ലെന്ന നികുതിദായകരുടെ ആശങ്ക കൂടിവരികയാണെന്ന് സ്ഥാണു ആർ.നായർ. മലയാള മനോരമ ഹോർത്തൂസിൽ ‘നികുതി നിത്യജീവിതത്തിൽ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി അടയ്ക്കുന്നു, അതിന് എനിക്കെന്തു ലഭിക്കുന്നു എന്നാണ് ആളുകൾ ചിന്തിക്കുന്നത്. അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നുവെന്ന് സർക്കാർ പറയാറുണ്ട്. പക്ഷേ, ഭൂരിപക്ഷംപേരും സർക്കാരിനെ വിശ്വസിക്കുന്നില്ല. സർക്കാരിൽ വിശ്വാസം കുറയുമ്പോൾ നികുതിവെട്ടിപ്പിനുള്ള സാധ്യത കൂടും. സ്വമേധയാ നികുതി നൽകാനുള്ള താൽപര്യമുണ്ടോയെന്നു ചോദിച്ചാൽ ഭൂരിപക്ഷത്തിനും താൽപര്യമില്ല. 18–28 പ്രായക്കാരാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജോലി ചെയ്യുന്ന ഇത്തരക്കാർക്കിടയിൽ വിശ്വാസം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഏബ്രഹാം റെൻ, സ്റ്റാൻലി ജയിംസ് എന്നിവരും ചർച്ചയുടെ ഭാഗമായി.