വെല്ലുവിളികൾ അവസരങ്ങളാണ്, കടൽക്കരുത്തിൽ ഇന്ത്യ മുന്നോട്ട്: മന്ത്രി സർബാനന്ദ സോനോവാൾ
Mail This Article
ചെന്നൈ ∙ ലോകത്തെ നിർണായക സമുദ്ര ശക്തിയായി ഇന്ത്യ വീണ്ടും മാറുകയാണെന്നു കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ‘ദ് വീക്ക്’ സംഘടിപ്പിച്ച മാരിടൈം സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, സമുദ്ര വാണിജ്യ രംഗത്തെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പാതയിലാണ് രാജ്യം. സമുദ്ര മേഖലയിലെ വെല്ലുവിളികൾ അവസരങ്ങൾ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് പൊതുമരാമത്ത്, ചെറു തുറമുഖ വകുപ്പു മന്ത്രി ഇ.വി.വേലുവിന്റെ സന്ദേശം യോഗത്തിൽ വായിച്ചു. ദ് വീക്ക് ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു പ്രസംഗിച്ചു.
പായ്‌വഞ്ചിയിൽ ഒറ്റയ്ക്കു സമുദ്ര സഞ്ചാരം നടത്തിയ നാവികൻ കമാൻഡർ അഭിലാഷ് ടോമി യാത്രയിലെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവച്ചു. സമാപന സമ്മേളനത്തിൽ കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത വകുപ്പ് സഹമന്ത്രി ശന്തനു താക്കൂർ മുഖ്യാതിഥിയായി.
തുറമുഖ, കപ്പൽ ഗതാഗത മന്ത്രാലയ സെക്രട്ടറി ടി.കെ.രാമചന്ദ്രൻ, നാവികസേന മുൻ മേധാവി അഡ്മിറൽ കരംബീർ സിങ്, ചെന്നൈ പോർട്ട് അതോറിറ്റി ചെയർമാൻ സുനിൽ പലിവാൽ, ജവാഹർലാൽ നെഹ്റു പോർട്ട് അതോറിറ്റി ചെയർമാൻ ഉമേഷ് എസ്.വാഗ്, ആന്ധ്രപ്രദേശ് മാരിടൈം ബോർഡ് സിഇഒ പ്രവീൺ ആദിത്യ, ജെഎം ബാക്സി ഗ്രൂപ്പ് എംഡി ദ്രുവ് കൊടാക്, ഈസ്റ്റേൺ നേവി കമാൻഡർ വൈസ് അഡ്മിറൽ രാജേഷ് പെൻധാർകർ, ഇന്ത്യൻ മാരിടൈം സർവകലാശാല വൈസ് ചാൻസലർ ഡോ. മാലിനി ശങ്കർ, കാമരാജർ പോർട്ട് എംഡി ജെ.പി.ഐറീൻ സിന്ധ്യ തുടങ്ങിയവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു. ജർമനി, തയ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും സംബന്ധിച്ചു.