ADVERTISEMENT

വർഷങ്ങളായി ഇന്ത്യൻ ഇന്റർനെറ്റ് ബിസിനസിൽ നോട്ടമിട്ടിരുന്ന ഇലോൺ മസ്കിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി തുടങ്ങി. ഉറ്റ ചങ്ങാതി ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ എവിടെ ട്രംപ് ഉണ്ടോ അവിടെയൊക്കെ മസ്ക്കും ഉണ്ട് എന്നതാകും സ്ഥിതി. അതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം ലേലത്തിന് പകരം അലോക്കേഷൻ രീതിയിൽ വിതരണം ചെയ്യുമെന്ന കേന്ദ്ര വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന. ഇത് വന്നിട്ട് ദിവസങ്ങൾ കുറെ ആയെങ്കിലും ട്രംപിന്റെ അവരോഹണത്തോടെ ഇന്ത്യൻ ടെലികോം മേഖലയിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ് ഇപ്പോൾ.

ഈ തീരുമാനം മസ്കിന് ഏറ്റവും അനുകൂലവും ജിയോ, എയർടെൽ എന്നീ ഇന്ത്യൻ ഇന്റർനെറ്റ് ഭീമന്മാർക്ക് വലിയ തിരിച്ചടിയുമാണ്. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് റിലയൻസ് ട്രായിയെ സമീപിച്ചു കഴിഞ്ഞതായും റിപ്പോർട്ടുണ്ട്. 6,500 ഓളം ഉപഗ്രഹങ്ങളിലുടെയാണ് മസ്കിന്റെ സ്റ്റാർ ലിങ്ക് ആഗോള തലത്തിൽ ശരവേഗത്തിൽ ലോകത്തിന്റെ  മുക്കിനും മൂലയ്ക്കും ഇന്റർനെറ്റ് വിതരണം ചെയ്യുന്നത്. മസ്കിനോട് മുട്ടുമ്പോൾ ഇന്ത്യൻ കമ്പനികൾക്ക് മുട്ടുവിറയ്ക്കുന്നതും അതുകൊണ്ട് തന്നെ. സ്പെക്ട്രം ലേലം ചെയ്യാതെ കുറഞ്ഞ നിരക്ക് നിശ്ചയിച്ച് ആഗോള സമ്പ്രദായമനുസരിച്ച് നൽകാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചാൽ കുറഞ്ഞ എൻട്രി കോസ്റ്റിൽ മസ്കിന് ഇന്ത്യയിൽ പ്രവേശിക്കാം. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം നൽകാൻ ഇത് സ്റ്റാർ ലിങ്കിനെ പ്രാപ്തമാക്കും. ഇതിന് അനുസരിച്ച് നിരക്ക് കുറച്ചില്ലെങ്കിൽ ജിയോയുടെയും എയർടെല്ലിന്റെയും കുത്തകയ്ക്കും പണി കിട്ടും. മാത്രമല്ല മസ്കിനോട് മുട്ടി മുക്കിനും മൂലയിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കണമെങ്കിൽ ജിയോയ്ക്കും എയർടെല്ലിനും വലിയ മുതൽമുടക്ക് നടത്തുകയും വേണം. അങ്ങനെ ചെയ്താലും പുതിയ ബിസിനസ് കിട്ടുമെന്ന് ഉറപ്പൊന്നുമില്ല താനും.

അതേ സമയം മറ്റു രാജ്യങ്ങളിൽ നടപ്പാക്കിയ പ്രൈസിങ് സിസ്റ്റമാണ് മസ്ക് ഇന്ത്യയിലും നടപ്പാക്കുന്നതെങ്കിൽ ജിയോയേക്കാളും ഉപഭോക്കാക്കൾക്ക് ചിലവേറിയതാകും സ്റ്റാർ ലിങ്കിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്. എന്നാൽ ഇന്ത്യൻ ഉപഭോക്താക്കളെ കയ്യിലെടുക്കാൻ കുറഞ്ഞ നിരക്ക്  മസ്ക് അവതരിപ്പച്ചാൽ കളി മാറും.

ആരാണ് സ്റ്റാർ ലിങ്ക്

മസ്കിന്റെ സ്പേസ് എക്സ് എന്ന വിഖ്യാത കമ്പനിയുടെ സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രൊവൈഡറാണ് സ്റ്റാർ ലിങ്ക്. 

ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന 6,500 ഓളം ഉപഗ്രഹങ്ങളിലുടെ ബ്രോഡ്ബാൻഡ് സേവനം 100 ഓളം രാജ്യങ്ങളിൽ നൽകി വരുന്നു. കേബിളുകളിലൂടെ ലഭിക്കുന്ന പരമ്പരാഗത ബ്രോഡ്ബാൻഡിനേക്കാളും പതിന്മടങ്ങ് വേഗം മസ്കിന്റെ ഇന്റർനെറ്റിന് ഉണ്ടാകും. ഇന്ത്യയിലെ ഇന്റർനെറ്റ് കമ്പനികൾക്ക് ഒരിക്കലും എത്താൻ കഴിയാത്ത സ്ഥലത്തുവരെ മസ്ക് നെറ്റ് എത്തിക്കും. കാരണം മസ്കിന് ഇതിന് കേബിളുകളുടെയോ മൊബൈൽ ടവറുകളടെയോ സഹായം വേണ്ട. ഒരു ഡിഷ് ആന്റിനയും വൈഫൈ റൗട്ടറും മതി. ഡിഷ് നേരേ സാറ്റലൈറ്റുമായി കണക്ടഡ് ആകും.

25 മുതൽ 200 എം ബി പി എസ് വേഗതയിൽ നെറ്റ് കിട്ടും. നിരക്ക് ബി.എസ്.എൻ.എൽ, ജിയോ ബ്രോഡ്ബാൻഡിനേക്കാൾ കൂടുതലായിരിക്കും. എന്നാൽ ഒരു നെറ്റും ലഭിക്കാത്ത ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിൽ ഈ കൂടിയ നിരക്ക് ഒരു വിഷയമാകില്ല എന്നാണ് മസ്കിന്റെ കണക്ക് കൂട്ടൽ എന്നാണ് പുറമേയ്ക്ക് പ്രചരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള ഏക പരിഹാരമായി മസ്കിന്റെ ബ്രോഡ്ബാൻഡ് ഉയർത്തിക്കാട്ടി ഇന്ത്യാ ഗവൺമെന്റ് സ്റ്റാർ ലിങ്കിന് കൈ കൊടുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

സർക്കാർ സ്പോൺസർഷിപ്പോടെ സ്റ്റാർ ലിങ്ക് ഇന്ത്യൻ ഗ്രാമീണ മേഖലയിൽ അവതരിപ്പക്കപ്പെട്ടാലും അൽഭുതപ്പെടേണ്ട.

ജിയോയുടെയും എയർടെല്ലിന്റെ യും ചങ്കിടിപ്പ് വർധിക്കുന്നതിന് കാരണവും മറ്റൊന്നല്ല

English Summary:

Will Elon Musk disrupt India's internet?** With Starlink's potential entry and government support, Jio & Airtel face a new competitor. Find out how this impacts internet prices and accessibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com