വൈറ്റ് കാറ്റഗറി വ്യവസായങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലിയറൻസ് വേണ്ട
Mail This Article
ന്യൂഡൽഹി∙ മലിനീകരണം തീരെ കുറഞ്ഞ വൈറ്റ് കാറ്റഗറി വിഭാഗത്തിൽ വരുന്ന വ്യവസായ സ്ഥാപനങ്ങൾക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലിയറൻസ് ആവശ്യമില്ലെന്നു വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഈ പട്ടികയിൽ വരുന്ന വ്യവസായങ്ങൾ തുടങ്ങുന്നതിനോ (കൺസെന്റ് ടു എസ്റ്റാബ്ലിഷ്), പ്രവർത്തിക്കുന്നതിനോ (കൺസെന്റ് ടു ഓപ്പറേറ്റ്) മുൻകൂട്ടി അനുമതി തേടേണ്ടതില്ലെന്ന് പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
വായു, ജല മലിനീകരണത്തിന്റെ തോതനുസരിച്ച് വ്യവസായ സംരംഭങ്ങളെ വൈറ്റ്, ഗ്രീൻ, ഓറഞ്ച്, റെഡ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ വൈറ്റ് കാറ്റഗറി വ്യവസായ സംരംഭങ്ങൾ ഇനി വായു, ജല മലിനീകരണത്തിന് ഇടയാക്കുന്നില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ല. മുൻപ് ഇത് നിർബന്ധമായിരുന്നു.
പൊലൂഷൻ ഇൻഡക്സ് സ്കോർ 20ന് മുകളിലുള്ള എല്ലാ വ്യവസായ സംരംഭങ്ങളെയും വൈറ്റ് കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണു മന്ത്രാലയം പുതിയ വിജ്ഞാപനമിറക്കിയത്. സൈക്കിൾ, എയർകണ്ടിഷൻ, എയർകൂളർ അസംബ്ലിങ് യൂണിറ്റുകൾ, പരുത്തി–കമ്പിളി വസ്ത്ര നിർമാണ യൂണിറ്റുകൾ, തേയില ബ്ലെൻഡിങ്–പാക്കിങ് കേന്ദ്രങ്ങൾ, പ്ലാസ്റ്റർ ഓഫ് പാരിസിൽ നിന്നുള്ള ചോക്ക് നിർമാണം, ഡീസൽ പമ്പ് സർവീസിങ്, കയർ ഉൽപന്ന നിർമാണ യൂണിറ്റുകൾ, മെറ്റൽ ക്യാപ് നിർമാണ യൂണിറ്റ്, സർജിക്കൽ, മെഡിക്കൽ ഉപകരണങ്ങളുടെ അസംബ്ലിങ് യൂണിറ്റ് തുടങ്ങി 39 തരം വ്യവസായങ്ങളാണ് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വൈറ്റ് കാറ്റഗറി വ്യവസായങ്ങളുടെ പട്ടികയിലുള്ളത്.