ഇൻവെസ്റ്റ് കേരള ആഗോള സംഗമം, നിക്ഷേപ വാഗ്ദാനങ്ങൾ മാത്രം ആവാതിരിക്കാൻ ജാഗ്രത : 12 സെഷനുകൾ, 2000 പ്രതിനിധികൾ
Mail This Article
കൊച്ചി∙ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി 2000 പ്രതിനിധികളെത്തും. ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന സംഗമത്തിൽ 7 രാജ്യങ്ങൾ പങ്കാളികളാണ്.
ചെറുകിട വ്യവസായങ്ങൾ മുതൽ വൻകിട നിർമാണ വ്യവസായങ്ങളും ഹൈടെക് വ്യവസായങ്ങളും നിക്ഷേപ സാധ്യതകൾ ആരായുന്ന സമ്മേളനമാണിത്. എങ്കിലും യാഥാർഥ്യമാകാൻ ഇടയുള്ള പദ്ധതികൾ മാത്രമാണ് പ്രോൽസാഹിപ്പിക്കുന്നതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. നിക്ഷേപ വാഗ്ദാനങ്ങൾ മാത്രം ആവാതിരിക്കാൻ ജാഗ്രത പുലർത്തും.
കേരളം കൂടുതൽ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള നിയമഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. അനുമതികൾ വേഗം ലഭിക്കും. ചെറുകിട വ്യവസായങ്ങൾക്ക് ആരംഭിച്ച് 3.5 വർഷത്തിനകം അനുമതികൾ നേടിയാൽ മതി. 31 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതിയായിട്ടുണ്ട്. പുതിയ നിക്ഷേപങ്ങൾക്ക് പുതിയ പാർക്കുകൾ സ്ഥലം നൽകും.
അതിനു പുറമേ, ലാൻഡ് പൂളിങ്ങിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ഏറ്റെടുത്തും പുതിയ നിക്ഷേപങ്ങൾക്ക് അവസരം നൽകും.
സമ്മേളനത്തിന്റെ ഭാഗമായി 2 ദിവസം വ്യവസായ പ്രദർശനവും ബിടുബി സമ്മേളനവും ഉണ്ടാവും. ബിസിനസും ഗവൺമെന്റും ചേരുന്ന ബിടുജി സമ്മേളനവും നടത്തും. 12 സെഷനുകളാണ് സമ്മിറ്റിൽ ഉണ്ടാവുക. അതിന്റെ പ്രചാരണത്തിനായി വിവിധ നഗരങ്ങളിലും രാജ്യങ്ങളിലും കോൺക്ളേവുകളും റോഡ്ഷോകളും നടത്തുകയാണ്. ജനുവരിയിലാണ് ഗൾഫ് രാജ്യങ്ങളിലെ പ്രചാരണ പരിപാടികൾ.
കോൺഫറൻസ് പ്രൈം എന്ന സ്റ്റാർട്ടപ് കമ്പനി രൂപകൽപന ചെയ്ത സമ്മേളന വെബ്പോർട്ടൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ, ജനറൽ മാനേജർ വർഗീസ് മാലക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.