നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ തേരോട്ടം; ആന്ധ്രയെ മറികടന്ന് കേരളം
Mail This Article
ഇന്ത്യയിലേക്ക് എത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ/FDI) മുന്തിയപങ്കും സ്വന്തമാക്കുന്നത് മഹാരാഷ്ട്ര. വർഷങ്ങളായി മഹാരാഷ്ട്ര തന്നെയാണ് എതിരാളികളില്ലാതെ ഒന്നാംസ്ഥാനത്ത് തുടരുന്നതും. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ (ഡിപിഐഐടി/DPIIT) കണക്കുപ്രകാരം നടപ്പു സാമ്പത്തിക വർഷം (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 70,795 കോടി രൂപയുടെ എഫ്ഡിഐയാണ് മഹാരാഷ്ട്ര സ്വന്തമാക്കിയത്. ഇന്ത്യയിലേക്കുള്ള മൊത്തം എഫ്ഡിഐയിൽ 31 ശതമാനവും നേടുന്നതും മഹാരാഷ്ട്രയാണ്.
രണ്ടാംസ്ഥാനത്തുള്ള കർണാടകയുടെ വിഹിതം 21 ശതമാനവും നേടിയ എഫ്ഡിഐ 19,059 കോടി രൂപയുമാണ്. മൂന്നാമതുള്ള ഡൽഹി 10,788 കോടി രൂപയും നാലാമതുള്ള തെലങ്കാന 9,023 കോടി രൂപയും നേടി. ഗുജറാത്ത് (8,505 കോടി രൂപ) ആണ് അഞ്ചാംസ്ഥാനത്ത്.
13-ാം സ്ഥാനമാണ് കേരളത്തിന്. നടപ്പുവർഷം ഏപ്രിൽ-ജൂണിൽ കേരളം നേടിയത് 279.32 കോടി രൂപയും വിഹിതം 0.41 ശതമാനവുമാണ്. തൊട്ടുമുമ്പത്തെ പാദത്തിൽ 0.42% വിഹിതം കേരളത്തിനുണ്ടായിരുന്നു. ഡിപിഐഐടിയുടെ 2019 ഒക്ടോബർ മുതലുള്ള കണക്കുപ്രകാരം 13-15 സ്ഥാനങ്ങളിലായി കേരളത്തിന്റെ റാങ്ക് മാറിമറിയുകയാണ്. 2020 ജൂണിൽ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവയ്ക്ക് പിന്നിലായി 14-ാം സ്ഥാനത്തായിരുന്നു കേരളം. 2021 ജൂണിൽ പഞ്ചാബ് ആദ്യ 10ലേക്ക് കുതിച്ചുകയറിയതോടെ കേരളം 15-ാമതായി. 2022 ജൂണിൽ മധ്യപ്രദേശിനെയും ആന്ധ്രയെയും പിന്തള്ളി കേരളം വീണ്ടും 13-ാം സ്ഥാനത്തെത്തി. എന്നാൽ, കഴിഞ്ഞവർഷം ജൂണിൽ ആന്ധ്ര കേരളത്തെ മറികടന്നു. അതോടെ കേരളം 14-ാം സ്ഥാനത്തേക്ക് ഇറങ്ങി. എന്നാൽ, ഇക്കുറി വീണ്ടും ആന്ധ്രയെ പിന്തള്ളി കേരളം 13-ാം സ്ഥാനം വീണ്ടെടുത്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ കേരളം നേടിയ എഫ്ഡിഐ 207.79 കോടി രൂപയായിരുന്നു. ഇതാണ്, തൊട്ടടുത്ത ത്രൈമാസത്തിൽ (ഈ വർഷം ഏപ്രിൽ-ജൂൺ) 279.32 കോടി രൂപയായി മെച്ചപ്പെട്ടത്. 2019 ഒക്ടോബർ മുതൽ 2024 ജൂൺ വരെ കേരളം നേടിയ ആകെ എഫ്ഡിഐ 7,831.24 കോടി രൂപയാണ്. 2023 ജൂൺ വരെയുള്ള കണക്കുമാത്രം വിലയിരുത്തിയാൽ നേടിയത് 6,126.29 കോടി രൂപയായിരുന്നു. അതായത്, കഴിഞ്ഞ ഒരുവർഷത്തിനിടെ കേരളം സ്വന്തമാക്കിയത് 1,704.95 കോടി രൂപ.
മുന്നിൽ മൊറീഷ്യസ്
ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം എത്തുന്നത് മൊറീഷ്യസിൽ നിന്നാണ് (25%). സിംഗപ്പുർ (23.57%), യുഎസ് (9.6%), നെതർലൻഡ്സ് (7.36%), ജപ്പാൻ (6.12%), യുകെ (5.06%), യുഎഇ (2.74%), കേമാൻ ഐലൻഡ്സ് (2.22%), ജർമനി (2.02%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് രാജ്യങ്ങൾ.
സേവനമേഖലയാണ് കൂടുതൽ എഫ്ഡിഐയും (16.33%) നേടുന്നത്. കംപ്യൂട്ടർ സോഫ്റ്റ്‍വെയർ ആൻഡ് ഹാർഡ്‍വെയർ മേഖല 15.2% വിഹിതവുമായി രണ്ടാമതാണ്. വ്യാപാരമേഖല 6.31 ശതമാനവും ടെലികമ്യൂണിക്കേഷൻസ് 5.72 ശതമാനവും വാഹന നിർമാണമേഖല 5.27 ശതമാനവും നിക്ഷേപം നേടി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.