സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ പലിശ കുറയ്ക്കണമെന്ന് ആർബിഐയുടെമേൽ രാഷ്ട്രീയ സമ്മർദം
Mail This Article
കൊച്ചി ∙ വായ്‌പ നിരക്കുകൾ കുറയ്‌ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മേൽ രാഷ്ട്രീയ സമ്മർദം മുറുകുന്നു. നിരക്കുകൾ കുറച്ചു സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്ന് ഏതാനും ദിവസം മുൻപു മാത്രമാണു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ധന മന്ത്രി നിർമല സീതാരാമനും നിരക്കിളവു നിർദേശം ഉന്നയിച്ചതോടെ ആർബിഐ നയ നിർണയ സമിതിയുടെ (എംപിസി) ഡിസംബർ നാലിന് ആരംഭിക്കുന്ന യോഗത്തിനു പ്രസക്‌തിയേറി.
പീയൂഷ് ഗോയലിന്റെ അഭ്യർഥന ആർബിഐയോടുതന്നെയായിരുന്നെങ്കിൽ നിർമല സീതാരാമന്റെ നിർദേശം ബാങ്കുകളോടായിരുന്നു എന്നതു മാത്രമാണു വ്യത്യാസം.
എന്നാൽ നിലവിലെ നിരക്കുകൾ ജനങ്ങൾക്കു താങ്ങാവുന്നതല്ലെന്ന അഭിപ്രായം ബാങ്കുകളെയല്ല ആർബിഐയെത്തന്നെ ലക്ഷ്യമിട്ടാണെന്നു സ്‌പഷ്‌ടം.
ഡിസംബർ 10ന് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന്റെ കാലാവധി അവസാനിക്കുകയാണ്. കാലാവധി നീട്ടിനൽകിയേക്കുമെന്ന അഭ്യൂഹവും നിരക്കിളവിനു വേണ്ടിയുള്ള സർക്കാർ സമ്മർദവും തമ്മിൽ ചില നിരീക്ഷകർ ബന്ധം സംശയിക്കുന്നുണ്ട്.
അതേസമയം, സർക്കാരിൽനിന്നുള്ള സമ്മർദം ന്യായമാണെന്ന അഭിപ്രായമാണു പല സാമ്പത്തിക നിരീക്ഷകർക്കുമുള്ളത്. കേന്ദ്ര ബാങ്കുകളായ യുഎസ് ഫെഡ് റിസർവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, സ്വിസ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് കാനഡ, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, സ്വീഡനിലെ റിക്‌സ് ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ന്യൂസീലൻഡ് എന്നിവ നിരക്കു കുറച്ചു. റിപ്പോ 6.5 ശതമാനത്തിൽ തുടരാനാണ് എംപിസിയുടെ കഴിഞ്ഞ 10 യോഗത്തിലും തീരുമാനിക്കപ്പെട്ടത്.
ഉയർന്ന നിലവാരത്തിലുള്ള വായ്‌പ നിരക്കു മൂലം വ്യവസായ, വാണിജ്യ മേഖലയുടെ വരുമാനത്തിൽ വലിയ തോതിലുള്ള ചോർച്ചയുണ്ടാകുന്നു. പല കമ്പനികൾക്കും തിരിച്ചടവിനു പ്രയാസം നേരിടുന്നുണ്ട്. ഉയർന്ന പലിശ ബാധ്യത ഉൽപാദനച്ചെലവു വർധിപ്പിക്കുന്നതിനാൽ ഉൽപന്നങ്ങളുടെ വില വർധന വേണ്ടിവരുന്നു.
ഏതു സാമ്പത്തിക വർഷത്തിന്റെയും രണ്ടാം പകുതിയിലാണ് ഏറ്റവും കൂടുതൽ വായ്‌പ വളർച്ചയുണ്ടാകേണ്ടത്. അതുണ്ടാകാത്തതിനു കാരണവും നിലവിലെ ഉയർന്ന പലിശ നിരക്കാണ്.