ADVERTISEMENT

കൊച്ചി∙ അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ രണ്ടാമൂഴം ഉറപ്പാക്കിയ തിര‍ഞ്ഞെടുപ്പ് ഫലത്തോടെ ഇടിഞ്ഞ സ്വർണവില, നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ നടപടികളെത്തുടർന്നു വീണ്ടും ഉയരുന്നു. 2536 ഡോളറിലേക്ക് ഇടിഞ്ഞ വില 3 ദിവസങ്ങൾക്കൊണ്ട് 100 ഡോളറിലധികമാണ് ഉയർന്നത്. 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതോടെ യുദ്ധസാഹചര്യം വീണ്ടും രൂക്ഷമായതാണ് സ്വർണവില ഉയർത്തുന്നത്.

മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണെന്നും തിരിച്ചടിക്കുമെന്നും റഷ്യ പറഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന തരത്തിലുള്ള വൻകിട നിക്ഷേപകരുടെ സ്വർണം വാങ്ങൽ വീണ്ടും സജീവമായി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31. 1ഗ്രാം സ്വർണം) 2640 ഡോളറിലേക്ക് വില ഉയർന്നു. യുഎസ് ട്രഷറി ബോണ്ട് വരുമാനം കുറഞ്ഞതും തിരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള ഡോളർ ഇൻഡക്സിന്റെ കുതിപ്പിനു താൽക്കാലിക വിരാമമായതും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി. 

(Photo by DIBYANGSHU SARKAR / AFP)
(Photo by DIBYANGSHU SARKAR / AFP)

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം രാജ്യാന്തര വിപണിയിൽ 7% ഇടിവാണു സ്വർണവിലയിലുണ്ടായത്. 2016ൽ ട്രംപ് പ്രസിഡന്റായി വന്നതിനുശേഷമുണ്ടായ ഇടിവിന്റെ അത്രയും തീവ്രത ഇത്തവണ ഉണ്ടാകുന്നില്ലെന്നാണു വിപണിയിൽ നിന്നുള്ള സൂചന. അന്ന്, 30 ദിവസങ്ങൾക്കൊണ്ട് വില 9% ഇടിഞ്ഞു. ഇത്തവണ ബൈഡന്റെ നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ വില ഇടിവിനു തടയിട്ടു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങളോടനുബന്ധിച്ച് സ്വർണവിലയിൽ വൻ ഇടിവുകൾ വിപണിയിൽ സാധാരണമാണ്. പുതിയ പ്രസിഡന്റിന്റെ നടപടികളിൽ പ്രതീക്ഷ വച്ച് ഡോളർ കരുത്താർജിക്കുന്നതാണു കാരണം. എന്നാൽ ആഴ്ചകളോ മാസങ്ങളോ മാത്രമുള്ള ഇടിവിനു ശേഷം സ്വർണവില കുതിച്ചുകയറുന്നതാണു പതിവ്. ട്രംപിന്റെ ഒന്നാമൂഴത്തിൽ സ്വർണവില 60 ശതമാനമാണ് ഉയർന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയങ്ങൾ സ്വർണവിലയെ സ്വാധീനിച്ചേക്കാമെങ്കിലും വില ഉയരാനുള്ള സാധ്യതകളാണ് ഇപ്പോൾ വിപണിയിലുള്ളത്.

English Summary:

How have US presidential elections and the Russia-Ukraine war impacted gold prices? Explore the trends from Trump to Biden and the factors driving gold's fluctuations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com