ADVERTISEMENT

കൊച്ചി ∙ ഡോളറിനു ബദൽ എന്ന വാഗ്‌ദാനവുമായി അവതരിച്ച ബിറ്റ്‌കോയിൻ ക്രിപ്‌റ്റോകറൻസിയുടെ വില ഒരു ലക്ഷം ഡോളറിലേക്കു കുതിക്കുന്നു. 15 വർഷം മുൻപ് ആദ്യ ക്രിപ്‌റ്റോകറൻസിയായി അവതരിച്ചപ്പോൾ ഒരു ഡോളർകൊണ്ട് 1300 ബിറ്റ്‌കോയിൻ സ്വന്തമാക്കാൻ കഴിയുമായിരുന്ന സ്‌ഥാനത്താണിത്.

ഈ വർഷംതന്നെ മൂല്യത്തിൽ 50 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ ബിറ്റ്‌കോയിന്റെ വില 94,000 ഡോളർ പിന്നിട്ടുകഴിഞ്ഞു. യുഎസ് പ്രസിഡന്റ് സ്‌ഥാനത്തേക്കു വീണ്ടുമെത്തുന്ന ഡോണൾഡ് ട്രംപ് ഉടമസ്‌ഥനായ ‘ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പി’ന്റെ ചുമതലയിലുള്ള ട്രൂത്ത് സ്‌പെഷൽ എന്ന സമൂഹ മാധ്യമ കമ്പനി ക്രിപ്‌റ്റോ ട്രേഡിങ് പ്‌ളാറ്റ്‌ഫോമായ ബക്‌റ്റിനെ ഏറ്റെടുക്കാൻ നടത്തുന്ന നീക്കമാണു കുതിപ്പിനു പ്രധാനമായും പിന്തുണയേകുന്നത്. ന്യൂയോർക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഉടമകളായ ഇന്റർനാഷനൽ എക്‌സ്‌ചേഞ്ചിന്റേതാണു ബക്‌റ്റ്. ബക്‌റ്റിന്റെ ഉടമാവകാശം മുഴുവൻ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

അതിനിടെ, ന്യൂയോർക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബ്‌ളാക്ക്‌റോക്ക് എന്ന ബഹുരാഷ്‌ട്ര ഇൻവെസ്‌റ്റ്‌മെന്റ് കമ്പനിയുടെ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെ ഓപ്‌ഷൻസ് വ്യാപാരം യുഎസിലെ നാസ്ഡക് എക്‌സ്‌ചേഞ്ചിൽ ആരംഭിച്ചതും വിലക്കുതിപ്പിനു പിന്തുണയേകുന്നുണ്ട്.

പ്രചാരത്തിലുള്ള മുഴുവൻ ബിറ്റ്‌കോയിനും 25 ഡോളറിനു തന്നാൽ പോലും അവ വാങ്ങാൻ തന്നെ കിട്ടില്ലെന്നായിരുന്നു ഒരിക്കൽ പ്രമുഖ ഓഹരി നിക്ഷേപകൻ വാറൻ ബഫെറ്റിന്റെ പരിഹാസം. എന്നാൽ ബിറ്റ്‌കോയിന് അനുദിനം പ്രചാരം ഏറുകയാണ്. ലോകമെങ്ങുമായി ഇന്നു രണ്ടു കോടിയോളം ബിറ്റ്‌കോയിൻ പ്രചാരത്തിലുണ്ട്.

ബിറ്റ്‌കോയിൻ വില റെക്കോർഡ് നിലവാരമായ 94,078 ഡോളറിലെത്തിയതോടെ ക്രിപ്‌റ്റോകറൻസികളുടെ ആഗോള വിപണി മൂല്യവും റെക്കോർഡ് ഉയരം കൈവരിച്ചിരിക്കുന്നു. 3,00,000 കോടി ഡോളറാണ് ആഗോള വിപണി മൂല്യം.

ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തോടെ ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള എല്ലാ ക്രിപ്‌റ്റോകറൻസികൾക്കും പ്രിയം വർധിക്കുകയാണ്. ഡിജിറ്റൽ ആസ്‌തികൾക്കു പിന്തുണ നൽകുമെന്നു തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ട്രംപ് വാഗ്‌ദാനം ചെയ്‌തിരുന്നു. ട്രംപിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിനു കോടികളൊഴുക്കിയ ഇലോൺ മസ്‌കിനു താൽപര്യമുള്ള ഡോജികോയിനും വില വർധിക്കുകയാണ്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്‌ക്കാൻ ആരംഭിച്ചതും ക്രിപ്‌റ്റോ വിപണിയിൽ ഉണർവിനു കാരണമായിട്ടുണ്ട്.

ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസിയുടെ ഭാവി എന്തായിരിക്കുമെന്ന അന്വേഷണത്തിന് ഇക്കഴിഞ്ഞ ജനുവരിയിൽ റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് നൽകിയ മറുപടി ‘വളരെ മോശം’ എന്നായിരുന്നെങ്കിലും രാജ്യത്തെ ക്രിപ്‌റ്റോ വിപണി വളരെ സജീവമാണ്. പ്രതിമാസം 3000 കോടിയിലേറെ രൂപയുടെ ഇടപാടുകൾ ക്രിപ്‌റ്റോ വിപണിയിൽ നടക്കുന്നുണ്ട്.

English Summary:

The price of Bitcoin cryptocurrency rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com