ADVERTISEMENT

ഗുഡ് ഫ്രൈഡേ! 

അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉൾപ്പെടെ ഗ്രൂപ്പിലെ ഉന്നതർക്കെതിരെ യുഎസിൽ നിന്നാഞ്ഞടിച്ച 'കൈക്കൂലിക്കേസിന്റെ' കൊടുങ്കാറ്റേറ്റ് ഇന്നലെ തളർന്നുവീണ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ഉയിർത്തെണീറ്റത് മികച്ച നേട്ടത്തിലേക്ക്. തുടക്കം മുതൽ പച്ചപ്പിലായിരുന്ന സെൻസെക്സും നിഫ്റ്റിയും വ്യാപാരം പൂർത്തിയാക്കിയതാകട്ടെ, കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന നേട്ടത്തോടെ. ഒട്ടുമിക്ക അദാനി ഗ്രൂപ്പ് ഓഹരികളും നേട്ടത്തിലേറുകയും ഏറ്റവും വമ്പൻ ലിസ്റ്റഡ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസും ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും മുന്നിൽ നിന്ന് നയിക്കുകയും ചെയ്തതോടെ ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്നത്തെ ദിനം 'ഗുഡ് ഫ്രൈഡേ' ആയി. 

കേന്ദ്രം ഭരിക്കുന്ന ബിജെപി നയിക്കുന്ന മുന്നണി (മഹായുതി) മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിലേറുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളും ഓഹരി നിക്ഷേപകരെ ഇന്ന് ആവേശത്തിലാഴ്ത്തി. നാളെയാണ് വോട്ടെണ്ണൽ.  ഓഹരികളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലത്തകർച്ച മുതലെടുത്ത് ഇന്ന് നിരവധിപേർ വാങ്ങൽ താൽപര്യം (buying the dip) കാട്ടിയതും നേട്ടമായി. പുറമേ, ഇന്നലെ യുഎസ് ഓഹരി വിപണിയും ഏഷ്യയിൽ ജപ്പാന്റെ നിക്കേയ്, ദക്ഷിണ കൊറിയയുടെ കൊസ്പി, ഓസ്ട്രേലിയയുടെ എഎസ്എക്സ് ഓഹരി വിപണികളും നേട്ടത്തിലേറിയത് ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചു.

ബിഎസ്ഇയുടെ മുന്നേറ്റവും നിക്ഷേപകരുടെ നേട്ടവും
 

ബിഎസ്ഇയിൽ ഇന്ന് 4,401 ഓഹരികൾ വ്യാപാരം ചെയ്തതിൽ 2,446 ഓഹരികളും നേട്ടത്തിലേറി. 1,475 ഓഹരികൾക്ക് നേട്ടത്തിന്റെ വണ്ടി മിസ്സായി. 120 ഓഹരികളുടെ വില മാറിയതുമില്ല. 163 ഓഹരികൾ ഇന്ന് 52-ആഴ്ചത്തെ ഉയരവും 107 എണ്ണം താഴ്ചയും കണ്ടു. 307 ഓഹരികൾ അപ്പർ-സർക്യൂട്ടിലും 287 എണ്ണം ലോവർ-സർക്യൂട്ടിലുമാണ് വ്യാപാരം ചെയ്തത്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം അഥവാ നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ മൊത്തം മൂല്യം ഇന്ന് ഒറ്റയടിക്ക് 7.32 ലക്ഷം കോടി രൂപ വർധിച്ച് 432.71 ലക്ഷം കോടി രൂപയിലുമെത്തി.

Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.
Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.

77,155ലാണ് ഇന്ന് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. പതിഞ്ഞതാളത്തിൽ തുടങ്ങി വൈകിട്ടോടെ സൂചിക വൻനേട്ടത്തിലേക്ക് കൊട്ടിക്കയറി. ഒരുവേള 2,000 പോയിന്റിലേറെ ഉയർന്ന് 79,218 വരെ എത്തിയ സെൻസെക്സ്, വ്യാപാരം അവസാനിപ്പിച്ചത് 1,961 പോയിന്റ് (+2.54%) നേട്ടവുമായി 79,117ൽ. ബിഎസ്ഇ സെൻസെക്സിലെ 30 കമ്പനികളും ഇന്ന് പച്ചപ്പണിഞ്ഞു എന്നതും ശ്രദ്ധേയം. 

കുതിപ്പായി എസ്ബിഐ; കരുത്തായി റിലയൻസും
 

ഒട്ടുമിക്ക പൊതുമേഖലാ ബാങ്കുകളും റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ്, ടൈറ്റൻ, ഐടിസി തുടങ്ങിയ വമ്പന്മാരും നേട്ടത്തിന്റെ ട്രാക്കിലേറിയത് ഇന്ന് സെൻസെക്സിന് മികച്ച നേട്ടംകൊയ്യാൻ സഹായകമായി. എസ്ബിഐ 4.51%, ടിസിഎസ് 4.13%, ടൈറ്റൻ 4.10% എന്നിങ്ങനെ ഉയർന്ന് കുതിപ്പിൽ മുന്നിലെത്തി.

ഐടിസി 3.92%, ഇൻഫോസിസ് 3.75%, റിലയൻസ് ഇൻഡസ്ട്രീസ് 3.49% എന്നിങ്ങനെയും ഉയർന്നു. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിൽ നിന്ന് 'വാങ്ങൽ' (buy) റേറ്റിങ്ങും 1,030 രൂപ 'ലക്ഷ്യവിലയും' (target price) കിട്ടിയതും ബാങ്കിന് നിക്ഷേപം, വായ്പാ-നിക്ഷേപ അനുപാതം എന്നിവയിൽ ശോഭനമായ ഭാവിയാണ് കാണുന്നതെന്ന ജെഫറീസിന്റെ പ്രവചനവും ഓഹരികളെ ഉഷാറാക്കി. നിലവിൽ ഓഹരിവില 816 രൂപയാണ്.

മുകേഷ് അംബാനി
മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസിന് മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി 'ഓവർവെയിറ്റ്' സ്റ്റാറ്റസും 1,662 രൂപ ലക്ഷ്യവിലയും പ്രവചിച്ചതോടെ, ഓഹരികൾ കുതിക്കുകയായിരുന്നു. ഓവർവെയിറ്റ് എന്നത് ഓഹരി മികച്ചതെന്ന് വ്യക്തമാക്കുന്ന റേറ്റിങ്ങാണ്. നിലവിൽ ഓഹരിവില 1,265 രൂപ. യുഎസിൽ കഴിഞ്ഞയാഴ്ചയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 7-മാസത്തെ താഴ്ചയിലെത്തിയത് ഐടി ഓഹരികൾക്ക് നേട്ടമായി. ഇന്ത്യൻ ഐടി കമ്പനികൾ വരുമാനത്തിന്റെ മുഖ്യപങ്കും നേടുന്നത് യുഎസിൽ നിന്നാണ്.

പേയ്ടിഎമ്മും സുസ്‍ലോണും
 

ഇന്ന് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മറ്റ് രണ്ട് ഓഹരികളാണ് പേയ്ടിഎമ്മും സുസ്‍ലോൺ എനർജിയും. രാജ്യാന്തര ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റെയിനിൽ നിന്ന് മികച്ച റേറ്റിങ് കിട്ടിയ പേയ്ടിഎമ്മിന്റെ ഓഹരികൾ ഇന്ന് 6 ശതമാനത്തിലധികം കുതിച്ചുയർന്നു. തുടർച്ചയായ അഞ്ചാംദിനമാണ് പേയ്ടിഎമ്മിന്റെ മുന്നേറ്റം. കമ്പനിക്ക് കഴിഞ്ഞകാല പ്രതിസന്ധികളിൽ നിന്ന് അതിവേഗം കരകയറാനാകുമെന്ന വിലയിരുത്തലും ഓഹരിക്ക് ഗുണം ചെയ്തു. ബ്രോക്കറേജുകളായ ജിയോജിത്, മോർഗൻ സ്റ്റാൻലി എന്നിവയിൽ നിന്ന് 'വാങ്ങൽ' (buy) റേറ്റിങ്ങും 'ഓവർവെയിറ്റ്' സ്റ്റാറ്റസും കിട്ടിയ കരുത്തിൽ സുസ്‍ലോൺ എനർജി ഓഹരി ഇന്ന് 5% മുന്നേറി. മികച്ച പ്രവർത്തനഫലവും സാമ്പത്തികഭദ്രതയും കമ്പനിയുടെ ഓഹരികൾക്ക് കൂടുതൽ ഉന്മേഷം പകരുന്നുണ്ട്.

നിഫ്റ്റിയുടെ നേട്ടവും വിശാല വിപണിയും
 

23,411.80ൽ ഇന്ന് വ്യാപാരം തുടങ്ങിയ നിഫ്റ്റി ഒരുവേള കുതിച്ചുയർന്നത് 23,956.10 വരെ. വ്യാപാരം അവസാനിപ്പിച്ചത് 557.35 പോയിന്റ് (+2.39%) നേട്ടവുമായി 23,907.25ൽ. നിഫ്റ്റി50ൽ ഒറ്റക്കമ്പനിയേ ഇന്ന് ചുവന്നുള്ളൂ; 49 എണ്ണവും നേട്ടം നുണഞ്ഞു. എസ്ബിഐയാണ് 4.33% ഉയർന്ന് നേട്ടത്തിൽ മുന്നിൽ. ബജാജ് ഫിനാൻസ് (3.93%), ടൈറ്റൻ (3.89%), ഐടിസി (3.69%), ടിസിഎസ് (3.66%) എന്നിവ തൊട്ടുപിന്നാലെ ടോപ് 5ലുണ്ട്.

Image : iStock/duoogle
Image : iStock/duoogle

ബജാജ് ഓട്ടോയാണ് 0.39% താഴ്ന്ന് നഷ്ടത്തിലായ ഏക ഓഹരി. വിശാല വിപണിയിൽ നിഫ്റ്റി മീഡിയ (-0.36%) ഒഴികെ മറ്റ് ഓഹരി വിഭാഗങ്ങളെല്ലാം പച്ചതൊട്ടു. നിഫ്റ്റി ഐടി 3.29%, നിഫ്റ്റി എഫ്എംസിജി 2.27%, നിഫ്റ്റി റിയൽറ്റി 3.17%, നിഫ്റ്റി പൊതുമേഖലാ ബാങ്ക് 2.99%, നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 2.21% എന്നിങ്ങനെ തിളങ്ങി. ബാങ്ക് നിഫ്റ്റിയുടെ നേട്ടം 1.51%.

പിടിച്ചുനിന്ന് അദാനി ഓഹരികളും
 

adani

യുഎസിലെ കേസിന്റെ പശ്ചാത്തലത്തിൽ ഇന്നലെ 25% വരെ തകർന്നടിഞ്ഞ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഇന്ന് അത്ര ആഘാതമുണ്ടായില്ല. അദാനി എനർജി സൊല്യൂഷൻസ് 7.05%, അദാനി ഗ്രീൻ എനർജി 7.97%, അദാനി പവർ 3.08%, അദാനി വിൽമർ 0.58% എന്നിങ്ങനെ ഇന്നും നഷ്ടമെഴുതി.

എന്നാൽ, എസിസി 3.57%, അദാനി എന്റർപ്രൈസസ് 2.17%, അദാനി പോർട്സ് 2.09%, അദാനി ടോട്ടൽ ഗ്യാസ് 1.67%, അംബുജ സിമന്റ് 3.86%, എൻഡിടിവി 0.85%, സംഘി ഇൻഡസ്ട്രീസ് 4.02% എന്നിങ്ങനെ നേട്ടമുണ്ടാക്കി. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച കുറ്റപത്രം ഗുരുതരമാണെങ്കിലും നിക്ഷേപകർ ഇന്ന് അതേക്കുറിച്ച് ആവലാതിപ്പെടാൻ തയാറായില്ലെന്ന്, അദാനി ഓഹരികളുടെ ഇന്നത്തെ കരകയറ്റം വ്യക്തമാക്കുന്നു.

രൂപയ്ക്കും നേട്ടം
 

ഇന്നലെ ഡോളറിനെതിരെ 84.50 എന്ന സർവകാല റെക്കോർഡിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ റുപ്പി ഇന്ന് നേട്ടത്തിലേറി. വ്യാപാരാന്ത്യത്തിൽ 6 പൈസ ഉയർന്ന് 84.44ലാണ് രൂപയുള്ളത്. ഓഹരി വിപണികളുടെ തിരിച്ചുകയറ്റമാണ് രൂപയ്ക്കും ഇന്ന് ഊർജമായത്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Stock Market Today | BSE Sensex Ends 1,961 Points Higher; Nifty Above 23,900: Witness the remarkable surge of the Sensex and Nifty as the Indian stock market rebounds with vigor. Explore the factors driving this impressive rally, including strong performances by Reliance, SBI, and IT giants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com