ADVERTISEMENT

പുതിയ സാമ്പത്തിക വര്‍ഷത്തിൽ ഉചിതമായ നിക്ഷേപ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാൻ മുൻഗണന നൽകാം. ഘട്ടങ്ങളായി കൈവരിക്കേണ്ട ലക്ഷ്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെ സാമ്പത്തിക ആസൂത്രണം നടത്തുന്നതാകും ഉചിതം. നിങ്ങളുടെ പ്രായത്തിന്‌ അനുസരിച്ച്‌ ഇപ്പോള്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന്‌ സ്വയം വിലയിരുത്താനുള്ള അവസരം കൂടിയാണ്‌ ഇത്‌.

അച്ചടക്കവും പഠന സന്നദ്ധതയും ഏത്‌ പ്രായത്തിലുള്ള നിക്ഷേപകനും ആവശ്യമാണ്‌. നിക്ഷേപകന്റെ പ്രായം 25 ആയാലും 60ന്‌ മുകളിലായാലും പഠിച്ചുകൊണ്ടിരിക്കുക എന്നത്‌ പ്രധാനമാണ്‌. എന്തു പഠിക്കുന്നു എന്നത്‌ പ്രായത്തിന്‌ അനുസരിച്ച്‌ വ്യത്യസ്‌തമാകുന്നുവെന്ന്‌ മാത്രം. അതുപോലെ നിക്ഷേപത്തിലെ അച്ചടക്കവും ഏത്‌ പ്രായത്തിലും ബാധകമാണ്‌.


 

കരിയറിന്റെ തുടക്കം

പ്രായത്തിന്റെ ആദ്യഘട്ടങ്ങളില്‍ കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനാണ്‌ നാം പരിശ്രമിക്കേണ്ടതെങ്കില്‍ പ്രായമേറുന്തോറും ഈ പരിശ്രമത്തിലൂടെ നാം വലുതാക്കിയ മൂലധനം എങ്ങനെ വിനിയോഗിക്കുന്നു എന്നത്‌ പ്രധാനമായി വരുന്നു.

25 മുതല്‍ 35 വരെയുള്ള കരിയറിന്റെ ആദ്യഘട്ടം ഒരാള്‍ സമ്പാദിച്ചു തുടങ്ങുന്ന ഘട്ടമാണ്‌. ഈ ഘട്ടത്തില്‍ ഏറ്റവുമേറെ പ്രധാന്യം കൊടുക്കേണ്ടത്‌ പതുക്കെയുള്ള മൂലധന സമാഹരണത്തിനാണ്‌. ഇതിന്‌ ഏറ്റവും അനുയോജ്യം ഇക്വിറ്റി ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപമാണ്‌. പ്രായത്തിന്റെ ഏത്‌ ഘട്ടത്തിലും ഓഹരികളുടെയും സ്ഥിരവരുമാന മാര്‍ഗങ്ങളുടെയും മിശ്രണം ആവശ്യമാണ്‌. അതുകൊണ്ട്‌ റെക്കറിങ് ഡിപ്പോസിറ്റുകളിലോ ഗ്യാരന്റീഡ്‌ ഇന്‍കം സ്‌കീമുകളിലോ കൂടി ഈ ഘട്ടത്തില്‍ എസ്‌ഐപി ചെയ്യണം. അതേ സമയം ഈ ഘട്ടത്തില്‍ ഇക്വിറ്റി ഫണ്ടുകളിലെ എസ്‌ഐപിക്ക്‌ 75-80 ശതമാനം വെയിറ്റേജ്‌ നല്‍കാം.

money2

ദീർഘകാല നിക്ഷേപം

35 മുതല്‍ 50 വരെയുള്ള ഘട്ടത്തില്‍ അതുവരെയുള്ള എസ്‌ഐപി വഴി സാമാന്യം നല്ലൊരു തുക നിക്ഷേപകരുടെ കൈവശം വന്നിരിക്കും. ഇത്‌ ഒന്നിച്ചുള്ള നിക്ഷേപത്തിന്‌ ഈ ഘട്ടത്തില്‍ ഉപയോഗിക്കാം. ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുള്ള കമ്പനികള്‍ തിരഞ്ഞെടുത്ത്‌ അവയുടെ ഓഹരികളില്‍ ദീര്‍ഘകാലത്തേക്ക്‌ നിക്ഷേപിക്കുകയാണ്‌ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്‌. ഇക്വിറ്റി ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം ഈ ഘട്ടത്തിലും തുടരാം. ഈ ഘട്ടത്തില്‍ 50-60 ശതമാനം നിക്ഷേപം ഓഹരികളിലാകണം. ഒപ്പം എഫ്‌ഡി, എന്‍സിഡി, ഗ്യാരന്റീഡ്‌ ഇന്‍കം സ്‌കീം തുടങ്ങിയവയിലും നിക്ഷേപിക്കാം.

girl

പോര്‍ട്‌ഫോളിയോയുടെ ശരിയായ വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താനായി ഉയര്‍ന്ന മൂലധനം ആര്‍ജിച്ചവര്‍ക്ക്‌ ഒരു സ്ഥിരവരുമാനം എന്ന ലക്ഷ്യത്തോടെ റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിക്കാവുന്നതാണ്‌. അഞ്ചോ പത്തോ ശതമാനം നിക്ഷേപം സ്വര്‍ണത്തിനായി മാറ്റിവെക്കാം.

റിസ്ക് കുറയ്ക്കാം

50-60 വയസ്‌ പ്രായം കരിയറിന്റെ അവസാന ഘട്ടമാണ്‌. റിട്ടയര്‍മെന്റ്‌ മുന്നില്‍ കണ്ടാവണം ഈ പ്രായത്തില്‍ നിക്ഷേപം ആസൂത്രണം ചെയ്യേണ്ടത്‌. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ റിസ്‌ക്‌ കുറച്ചുകൊണ്ട്‌ നിക്ഷേപത്തില്‍ പുന:ക്രമീകരണം നടത്തേണ്ടതുണ്ട്‌. ഇക്വിറ്റി ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍, എഫ്‌ഡി അല്ലെങ്കില്‍ എന്‍സിഡി, ഗ്യാരന്റീഡ്‌ ഇന്‍കം സ്‌കീം, റിയല്‍ എസ്റ്റേറ്റ്‌, സ്വര്‍ണം തുടങ്ങിയവയിലെ നിക്ഷേപം എന്നിവ ഈ ഘട്ടത്തിലും തുടരാം. അതേ സമയം നേരിട്ടുള്ള ഓഹരി നിക്ഷേപത്തിനുള്ള തോത്‌ കുറയ്‌ക്കാനും ഓഹരി നിക്ഷേപത്തില്‍ വെല്‍ത്ത്‌ മാനേജ്‌മെന്റ്‌ സേവനങ്ങള്‍ ശരിയായി ഉപയോഗിക്കാനും ഈ ഘട്ടത്തില്‍ ശ്രദ്ധിക്കണം.

ഓഹരിയിൽ ഒരു കൈ നോക്കാം

money-tree3

60 വയസിനു ശേഷം ഒരു സ്ഥിരവരുമാനം ഇല്ലാതാകുന്ന ഘട്ടമാണ്‌. ഓഹരി, എഫ്‌ഡി അല്ലെങ്കില്‍ എന്‍സിഡി, റിയല്‍ എസ്റ്റേറ്റ്‌, സ്വര്‍ണം തുടങ്ങിയവയിലെ നിക്ഷേപം തുടരുന്നതിനൊപ്പം സ്ഥിരവരുമാനത്തിനായി ചില നിക്ഷേപ മാര്‍ഗങ്ങള്‍ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തേണ്ട ഘട്ടമാണിത്‌. ഗ്യാരന്റീഡ്‌ ഇന്‍കം പ്ലാന്‍, അന്വിറ്റി തുടങ്ങിയവയില്‍ നിന്നുള്ള സ്ഥിരവരുമാനം ഈ ഘട്ടത്തില്‍ ലഭിച്ചു തുടങ്ങണം. ഇതിന്‌ പുറമെ അതുവരെയുള്ള പ്രായത്തിനിടെ ആര്‍ജിച്ച അറിവ്‌ ഉപയോഗപ്പെടുത്തി ഓഹരി വ്യാപാരത്തിലൂടെ സ്ഥിരവരുമാനം നേടിയെടുക്കാനായി ഒരു നിശ്ചിത മൂലധനം മാറ്റിവെക്കാം.

ജോലിയില്‍ നിന്ന്‌ വിരമിക്കുന്ന ഈ പ്രായത്തില്‍ മുഴുവന്‍ സമയവും വ്യാപാരത്തിനായി വിനിയോഗിക്കാമെന്നതിനാല്‍ വിവിധ മേഖലകളെ കുറിച്ച്‌ അറിവ്‌ മെച്ചപ്പെടുത്തുന്നതിലൂടെ നമുക്ക്‌ സജീവമായി ഇരിക്കാനും ഒരു സ്ഥിരവരുമാനം നേടാനും ഈ രീതി സഹായകമാകും. ഇത്‌ ഫലപ്രദമായി ചെയ്യാന്‍ ഒരു മെന്റര്‍ ഉണ്ടായിരിക്കുന്നത്‌ ഉത്തമം.

( ലേഖകന്‍ ഹെഡ്‌ജ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്‌ )

English Summary:

Investments and Importance of Age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com