വീടു പണിയാനായി വിവാഹത്തിനു കിട്ടിയ സ്വർണം വിറ്റാൽ നികുതി നൽകണോ?
Mail This Article
ഞാൻ വീടുപണിക്കുള്ള തയാറെടുപ്പിലാണ്. പത്തു വർഷം മുൻപ് വിവാഹസമയത്തു കിട്ടിയ 20 പവൻ ഈ മാർച്ചിൽ വിറ്റു. വീട്ടമ്മയായ ഭാര്യയുടെ പേരിലാണ് ബില്ലു ചെയ്തത്. അവർ ഇതിനു നികുതി നൽകേണ്ടി വരുമോ? എങ്കിൽ എത്ര തുക വരും. അതെങ്ങനെയാണ് കണക്കാക്കുന്നത്. - ജോർജ് ജേക്കബ്. തിരുവല്ല
സ്വർണ വിൽപന; ആദായ നികുതിബാധ്യതയുണ്ട്
സ്വർണത്തിന്റെ വിൽപനമേൽ ആദായ നികുതിബാധ്യതയുണ്ട്. 10 വർഷംമുൻപ് വിവാഹസമയത്തു ലഭിച്ചതായതിനാൽ 3 വർഷത്തിൽ കൂടുതൽ അതു കൈവശം വച്ചശേഷമാണ് വിൽപന. അങ്ങനെ വരുമ്പോൾ കിട്ടിയ ലാഭം ദീർഘകാല മൂലധന നേട്ടമായി കണക്കാക്കി നികുതി കണക്കാക്കണം.
വിൽപനത്തുകയും വാങ്ങിയ തുകയും തമ്മിലുള്ള വ്യത്യാസമാണല്ലോ ലാഭം. എന്നാൽ ദീർഘകാല നേട്ടം കണക്കാക്കുമ്പോൾ ഇൻഡക്സേഷൻ ആനുകൂല്യം കൂടി കണക്കിലെടുത്തുകൊണ്ടുള്ള വാങ്ങിയവില ഉപയോഗിക്കാവുന്നതാണ്.
ഗിഫ്റ്റായി ലഭിച്ചതിനാൽ ഇവിടെ വാങ്ങിയവില എന്നൊന്നില്ല. എന്നാൽ നികുതി കണക്കാക്കുമ്പോൾ ഗിഫ്റ്റ് നൽകിയ ആളുടെ വാങ്ങിയ വില താങ്കളുടെ വാങ്ങിയ വിലയായി എടുക്കേണ്ടിവരും. ഈ വാങ്ങിയ വിലയെ ഗിഫ്റ്റ് ലഭിച്ച വർഷത്തെ കോസ്റ്റ് ഇൻഫ്ലേഷൻ സൂചിക കൊണ്ടു ഹരിക്കണം. എന്നിട്ട് വിൽപനവർഷത്തെ സൂചിക കൊണ്ടു ഗുണിച്ചാൽക്കിട്ടുന്ന തുകയാണ് ഇൻഡക്സേഷൻ ആനുകൂല്യം കഴിഞ്ഞുള്ള വാങ്ങിയ വില.
വിൽപനത്തുകയിൽ നിന്ന് ഇൻഡക്സേഷൻ കഴിഞ്ഞുള്ള വാങ്ങിയവില കുറച്ചാൽ ദീർഘകാല മൂലധന നേട്ടം കിട്ടും. ലാഭം–നേട്ടം കണക്കാക്കുമ്പോൾ വിൽപനയിൽ വരുന്ന ചെലവുകൾ കുറയ്ക്കാം. ദീർഘകാല നേട്ടത്തിന്മേൽ 20.8% ആണ് സെസ്സ് ഉൾപ്പെടെയുള്ള നികുതിബാധ്യത. എന്നാൽ ഇവിടെ വീടുനിർമാണത്തിനാണ് തുക ഉപയോഗിക്കുന്നത്. അതിനാൽ വകുപ്പ് 54F പ്രകാരം ഉള്ള കിഴിവ് താങ്കൾക്കു നേടാവുന്നതാണ്.
54F പ്രകാരം നികുതി ഒഴിവു നേടാം
സ്വർണം വിറ്റ തീയതിമുതൽ മൂന്നു വർഷത്തിനുള്ളിൽ വീടു നിർമിക്കുകയോ രണ്ടു വർഷത്തിനുള്ളിൽ വീടു വാങ്ങുകയോ ചെയ്താൽ വകുപ്പ് 54F പ്രകാരം നികുതി ഒഴിവു നേടാം. വിൽപന വർഷത്തെ റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതിക്കുള്ളിൽ വീടിന്റെ നിർമാണം പൂർത്തിയായിട്ടില്ലെങ്കിൽ സ്വർണം വിറ്റ തുക ക്യാപിറ്റൽ ഗെയിൻസ് എന്ന പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണം. എന്നിട്ട് ആ അക്കൗണ്ട് നമ്പർ റിട്ടേണിൽ കാണിച്ചുകൊണ്ട് റിട്ടേൺ ഫയൽ ചെയ്യാം.
ക്യാപിറ്റൽ ഗെയിൻ അക്കൗണ്ടിൽ നിക്ഷേപിച്ച തുക ദീർഘകാല മൂലധനനേട്ടത്തിന്റെ തുകയിൽനിന്ന് റിട്ടേണിൽ കുറവു ചെയ്തു കാണിക്കാം. മുഴുവൻ വിൽപനത്തുകയും ക്യാപിറ്റൽ ഗെയിൻ അക്കൗണ്ടിലിട്ടാൽ സ്വർണത്തിന്റെ വിൽപനമേലുള്ള നികുതിബാധ്യത പൂർണമായി ഒഴിവാക്കാം. ഭാഗികമായാണു നിക്ഷേപിക്കുന്നതെങ്കിൽ എത്ര തുക നിക്ഷേപിച്ചു എന്നതിന് ആനുപാതികമായ തുക കുറയ്ക്കാം.
(മെയ് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. മറുപടി നൽകിയിരിക്കുന്നത് പ്രശാന്ത് കെ. ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്,കൊച്ചി). ആദായനികുതി സംശയങ്ങൾക്ക് സമ്പാദ്യത്തിലൂടെ മറുപടി ലഭിക്കും. എഡിറ്റർ, മനോരമ സമ്പാദ്യം, കോട്ടയം– 686001 എന്ന വിലാസത്തിലോ sampadyam@mm.co.in ലോ 9207749142 എന്ന വാട്സാപ് നമ്പറിലോ ചോദ്യങ്ങൾ അയയ്ക്കാം. ഉത്തരങ്ങൾ സമ്പാദ്യത്തിലൂടെ മാത്രം.)