ലക്ഷ്യം ചെലവഴിക്കാന്‍ കൂടുതല്‍ പണം: ആദായ നികുതി നിരക്കുകള്‍ കുറയ്ക്കുമോ?
Mail This Article
നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഉപഭോക്താക്കളുടെ കയ്യില്‍ കൂടുതല്‍ പണമെത്തിക്കുകയും ഉപഭോഗനിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നത് ബജറ്റില്‍ ഏറെ പരിഗണിക്കുന്ന വിഷയമായിരിക്കും. ഇതിനായി നികുതി കുറവുകള്‍ വരുത്തുന്നത് ജിഎസ്ടി കൗണ്‍സിലിന്റെ പരിധിയിലുള്ളതായതിനാല്‍ ആദായ നികുതി കുറയ്ക്കുക എന്നതിനാണു സാധ്യതകള്‍ ഏറെയുള്ളത്.
സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാവുമോ ദൃശ്യമാകുക എന്നതാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനു മുന്‍പ് എല്ലാവരുടേയും മനസിലുണരുന്ന സുപ്രധാന ചോദ്യം. സമ്പദ്ഘടനയുടേയും രാഷ്ട്രീയത്തിന്റേയും പരസ്പരവിരുദ്ധമെന്നു തോന്നുന്ന ലക്ഷ്യങ്ങള്‍ക്കിടയില്‍ സന്തുലനം കൈവരിക്കാനാകും വിധം രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതി അനുകൂലമാണെന്നതാണ് ധനമന്ത്രിക്കു മുന്നിലുള്ള ഏറ്റവും മികച്ച ഘടകം. ഇടക്കാല ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ ഏറെ മികച്ച രീതിയില്‍ ജിഡിപി വളര്‍ച്ച 8.2 ശതമാനത്തിലാണ്. പ്രത്യക്ഷ നികുതി പിരിവ് 17.7 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്. ധനകമ്മി കുറയുന്നതടക്കം നിരവധി അനുകൂല ഘടകങ്ങളുമുണ്ട്.
മുൻഗണന ഏതിന്?
സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വളര്‍ച്ചയും നിലനിര്‍ത്തുകയെന്നതു തന്നെയാവും ഏറ്റവും മുന്‍ഗണനയോടെ പരിഗണിക്കുക. ഇതേ സമയം റിസര്‍വ് ബാങ്കില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നതിലും ഒരു ലക്ഷം കോടി രൂപയിലേറെ വരുന്ന 2.1 ലക്ഷം കോടി രൂപ ഡിവിഡന്റ് ലഭിച്ചതും സ്ഥിതിഗതികള്‍ അനുകൂലമാക്കും. ഇതിനിടയിലും ഉപഭോഗ വളര്‍ച്ച നാലു ശതമാനമെന്ന നിലയില്‍ ദുര്‍ബലമായിരിക്കുന്നതും കണക്കിലെടുക്കേണ്ടി വരും. ഉപഭോഗം വര്‍ധിപ്പിക്കാന്‍ എന്തു നീക്കം എന്നതാണ് ഇവിടെ ചിന്തിക്കേണ്ടത്.
ഈ സാഹചര്യത്തില്‍ നികുതി കുറയ്ക്കുന്നത് ജിഎസ്ടി കൗണ്‍സിലാണ് പരിഗണിക്കേണ്ടതെന്നത് ബജറ്റിലെ മറ്റു സാധ്യതകളെ പറ്റി ചിന്തിക്കാനാണു നമ്മെ പ്രേരിപ്പിക്കുന്നത്. ഉപഭോഗത്തിനായി കൂടുതല്‍ പണം ലഭ്യമാക്കുന്ന രീതിയില്‍ ആദായ നികുതി കുറവുകള്‍ വരുത്തുന്നതാവും ഈ സാഹചര്യത്തില്‍ പ്രതീക്ഷിക്കാനാവുക. മധ്യവര്‍ഗം ഭരണ കക്ഷികള്‍ക്കു ശക്തമായ പിന്തുണ നല്‍കുന്ന പശ്ചാത്തലം കൂടി പരിഗണിക്കുമ്പോള്‍ ഇതിനുള്ള സാധ്യതകള്‍ ഏറെയുമാണ്.
പുതിയ രീതിയിലെ നികുതി കണക്കാക്കലുമായി ബന്ധപ്പെട്ടാവും ഇളവുകള്‍ പ്രതീക്ഷിക്കാനാവുക. സ്ലാബുകള്‍ കുറക്കുകയും നികുതി അടക്കേണ്ട പരിധി ഉയര്‍ത്തുകയും ചെയ്യുന്നത് പ്രതീക്ഷിക്കാനാവും. സ്റ്റാന്‍ഡേർഡ് ഡിഡക്ഷന്‍ ഉയര്‍ത്തുന്നതും മറ്റൊരു സാധ്യതയാണ്.
ക്ഷേമ നടപടികൾക്കും സ്ഥാനം
കുറഞ്ഞ വരുമാനക്കാര്‍ക്കായുള്ള ക്ഷേമ നടപടികളാവും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന മറ്റൊരു മേഖല. പിഎം ആവാസ് യോജനയ്ക്കായുള്ള വകയിരുത്തലില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കാം. പിഎം ആവാസ് യോജനയിലൂടെ മൂന്നു കോടി വീടുകള്‍ അധികമായി നിര്‍മിക്കാനുള്ള മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗതീരുമാനവും ഇവിടെ പരിഗണിക്കണം. ആയുഷ്മാന്‍ ഭാരത്, ഭക്ഷ്യ സബ്‌സിഡി എന്നിവയ്‌ക്കൊപ്പം പുതിയ ചില ക്ഷേമ പദ്ധതികളും പ്രതീക്ഷിക്കാം.
മുന്‍പത്തേതില്‍ നിന്നു വിഭിന്നമായി ഘടക കക്ഷികളുടെ കൂടി പിന്തുണ ആവശ്യമുള്ള രീതിയിലാണല്ലോ മുന്നാം മോദി സര്‍ക്കാരിന്റെ അദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. പ്രത്യേകിച്ച് തെലുങ്കുദേശത്തിന്റെ ചന്ദ്രബാബു നായിഡുവും ജെഡിയുവിന്റെ നിതീഷ് കുമാറും കൈക്കൊള്ളുന്ന നിലപാടുകള്‍ ഏറെ ശ്രദ്ധേയവുമാകും. പരിഷ്‌ക്കരണ വാദിയായ നായിഡുവും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ നിതീഷ് കുമാറും കൈക്കൊള്ളുന്ന നിലപാടുകള്‍ സംയോജിപ്പിച്ചു കൊണ്ടു പോകുക എന്നതും മുന്നിലുണ്ടാകും.