45 ദിന പേയ്‌മെന്റ് ചട്ടം മാറ്റണം; ചെറു സംരംഭങ്ങളെ വലച്ച തീരുമാനം പിൻവലിക്കുമോ നിർമല?
Mail This Article
സഹായിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടം ഉപദ്രവമായി മാറിയതിന്റെ നിരാശയിലാണ് രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ). ഫിനാൻസ് ആക്‌ട് 2023ലൂടെ ആദായ നികുതി നിയമത്തിലെ സെക്‌ഷൻ 43 (ബി) എച്ച് ഭേദഗതി ചെയ്‌ത കേന്ദ്ര തീരുമാനമാണ് സംരംഭങ്ങളെ വലച്ചത്. എംഎസ്എംഇകളിൽ നിന്ന് ഉൽപന്ന/സേവനങ്ങൾ വാങ്ങുന്നവർ അതിന്റെ പണം 45 ദിവസത്തിനകം പൂർണമായി കൊടുത്തുതീർക്കണം എന്നായിരുന്നു ഭേദഗതി. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഇത് പ്രാബല്യത്തിലായി.
എംഎസ്എംഇകൾക്ക് വരുമാനം സമയബന്ധിതമായി കിട്ടുന്നത് ഉറപ്പാക്കുകയാണ് നിയമേദഗതിയിലൂടെ കേന്ദ്രം ഉദ്ദേശിച്ചത്. എന്നാൽ, നിലവിലുള്ള ഉപയോക്താക്കളെ പോലും നഷ്ടപ്പെടാനാണ് ഇത് യഥാർഥത്തിൽ ഇടയാക്കിയതെന്നും ചട്ട ഭേദഗതി പിൻവലിക്കാനോ ഇളവ് നൽകാനോ കേന്ദ്രം തയ്യാറാകണമെന്നുമാണ് ഇപ്പോൾ സംരംഭകരുടെ ആവശ്യം. ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സംരംഭരുടെ പ്രതീക്ഷ.
എന്താണ് പ്രതിസന്ധി?
എംഎസ്എംഇകളിൽ നിന്ന് ഉൽപന്ന/സേവനങ്ങൾ വാങ്ങുന്നവർ 45 ദിവസത്തിനകം പണം കൊടുത്തുതീർത്തില്ലെങ്കിൽ, ആ തുക ഉപയോക്തൃ കമ്പനിയുടെ വരുമാനമായി കണക്കാക്കി അതിനുകൂടി ആദായ നികതി ഈടാക്കുമെന്നാണ് പുതുക്കിയ ചട്ടത്തിലുള്ളത്. കോർപ്പറേറ്റ് കമ്പനികളാണ് എംഎസ്എംഇകളുടെ പ്രധാന ഉപയോക്താക്കൾ. ഇവർ 120-180 ദിവസം വരെ സമയമെടുത്താണ് പണം കൊടുത്തുതീർത്തിരുന്നത്.
45-ദിന ചട്ടം വന്നതോടെ, അത് പാലിക്കാനാവാത്ത കോർപ്പറേറ്റുകൾ എംഎസ്എംഇകളെ കൈവിട്ട് കമ്പനികളെ ആശ്രയിക്കാൻ തുടങ്ങിയെന്നാണ് സംരംഭകർ ചൂണ്ടിക്കാട്ടുന്നത്. കച്ചവടവും കരാറുകളും നഷ്ടപ്പെട്ടതിനാൽ, ഇത് നിരവധി എംഎസ്എംഇകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചട്ട ഭേദഗതി പിൻവലിക്കുകയോ ഇളവ് അനുവദിക്കുകയോ വേണമെന്നാണ് എംഎസ്എംഇകൾ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ചട്ടം നടപ്പാക്കുന്നത് അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടിവയ്ക്കണമെന്ന ആവശ്യവുമുണ്ട്.
എംഎസ്എംഇകൾക്ക് കിട്ടാനുള്ള പണം കുത്തനെ കൂടുന്നത് കണക്കിലെടുത്തായിരുന്നു കേന്ദ്രം പേയ്‌മെന്റ് ചട്ടം ഭേദഗതി ചെയ്‌തത്. 10.2 ലക്ഷം കോടി രൂപയാണ് എംഎസ്എഇകൾക്ക് കിട്ടാനുള്ള കുടിശികയെന്ന് 2022ലെ ഗ്ലോബൽ അലയൻസ് ഫോർ മാസ് ഓൻട്രപ്രനർഷിപ്പ് (ഗെയിം) റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു.
വേറെയും ആവശ്യങ്ങൾ
ഇന്ത്യയുടെ ജിഡിപിയിൽ 30 ശതമാനവും മൊത്തം കയറ്റുമതിയിൽ 45.56 ശതമാനവും പങ്കുവഹിക്കുന്ന മേഖലയാണ് എംഎസ്എംഇ. കാർഷികവൃത്തി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം പേർ തൊഴിലെടുക്കുന്ന മേഖലയുമാണിത്. എംഎസ്എംഇകൾക്ക് പലിശസബ്സിഡിയോടെ 5 കോടി രൂപവരെ വായ്പ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുക, എംഎസ്എഇ വായ്പകളുടെ കിട്ടാക്കട (NPA) നിർണയ കാലാവധി 90 ദിവസം എന്നതിൽ നിന്ന് 180 ദിവസമായി ഉയർതത്തണമെന്ന ആവശ്യവുമുണ്ട്.