രൂപയുടെ ഇടിവ്: ഇന്ധനവില കൂടുമോ, അവശ്യ വസ്തുക്കളുടെ വില എങ്ങോട്ട്?
Mail This Article
ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതോടെ അമേരിക്കന്‍ ഡോളറിനെതിരെ രൂപ 84.15 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ഏഷ്യന്‍ കറന്‍സികള്‍ വളരെ ദുര്‍ബലമായതാണ് ഈ വന്‍ ഇടിവിന് കാരണം. ഒരു അമേരിക്കന്‍ ഡോളറിന് 84.15 രൂപ എന്ന നിലയില്‍ എത്തിയെങ്കിലും ഇന്നത്തെ മൂല്യം 83.93 രൂപയാണ്. ഏഷ്യന്‍ മേഖലയിലെ സാമ്പത്തിക സ്ഥിതി പൊതുവില്‍ വെല്ലുവിളികള്‍ നേരിടുകയാണെന്ന സൂചന കൂടിയാണിത്. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളും മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും റിസ്‌ക് എടുക്കാന്‍ നിക്ഷേപകര്‍ക്കിടയില്‍ താല്‍പര്യം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. യു എസ് ഡോളറിനെ സുരക്ഷിതമായ നിക്ഷേപമായി, നിക്ഷേപകര്‍ തിരഞ്ഞെടുത്തതോടെ ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിക്കുകയായിരുന്നു. നിലവിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളും ആഗോള വ്യാപാര മേഖലയില്‍ അവയുടെ സ്വാധീനവും രൂപ ഉള്‍പ്പെടെ വളര്‍ന്നുവരുന്ന കറന്‍സി വിപണിയില്‍ കനത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ധനവില വര്‍ധിച്ചേക്കും
രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ഡോളറിനെതിരായ മൂല്യം കുറഞ്ഞതോടെ, ഇറക്കുമതി ചെലവ് വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ക്രൂഡ് ഓയില്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയുടെ വിലകളില്‍ ഇത് പ്രതിഫലിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ക്രൂഡ് ഓയില്‍ വാങ്ങിക്കാന്‍ ഇന്ത്യ ഉള്‍പ്പടെുള്ള രാജ്യങ്ങള്‍ക്ക് ചെലവേറുകയും തുടര്‍ ചലനമായി രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുകയും ചെയ്യും. ഇതിന്റെ പ്രത്യാഘാതം ഉണ്ടാവുക അവശ്യ വസ്തുക്കളുടെ വിപണിയിലാണ്. നിലവില്‍ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം വലിയ തോതില്‍ നേരിട്ടുകൊണ്ടിരിക്കേ, സ്ഥിതി കൂടുതല്‍ വഷളാവാനാണ് സാദ്ധ്യത. ഇതോടെ രാജ്യത്ത് പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ആവശ്യമെങ്കില്‍ രൂപയുടെ മൂല്യം സുസ്ഥിരമാക്കാന്‍ കറന്‍സി വിപണിയില്‍ ഇടപെടുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയില്‍ രൂപയുടെ ഇടിവിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതില്‍ ആര്‍.ബി.ഐയുടെ നടപടികളാണ് നിര്‍ണായകമാകുക.
ആര്‍.ബി.ഐ ഇടപെടലുകള്‍
രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യങ്ങളില്‍ കറന്‍സി വിപണിയില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവാറുണ്ട്. സമാന സാഹചര്യങ്ങളില്‍ നടത്തിയിട്ടുള്ള ഇടപെടലുകളും ഫലപ്രാപ്തിയും വിലയിരുത്തിയായിരിക്കും ആര്‍.ബി.ഐ തീരുമാനം എടുക്കുക. ഇറക്കുമതി, കയറ്റുമതി, പണപ്പെരുപ്പം, വിദേശ നിക്ഷേപം തുടങ്ങി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍, രൂപയുടെ ഇടിവിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായി പരിശോധിക്കേണ്ടി വരും. മാത്രമല്ല, ശരാശരി ഇന്ത്യന്‍ ഉപഭോക്താവ് നേരിടേണ്ടി വരുന്ന ആഘാതങ്ങളും പരിഗണനയില്‍ വരും. വിപണിയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്, പലിശനിരക്ക്, മറ്റ് സാമ്പത്തിക നയങ്ങള്‍ തുടങ്ങിയവയില്‍ റിസര്‍വ് ബാങ്കിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുകയും ചെയ്യും.
ആഗോള സാമ്പത്തിക സ്ഥിതി
വളര്‍ച്ചാ നിരക്ക്, പണപ്പെരുപ്പം, പലിശനിരക്കിലെ പ്രതിഫലനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആഗോള സാമ്പത്തിക സാഹചര്യം വിശദമായി പരിശോധിച്ച ശേഷമായിരിക്കും രാജ്യത്ത് പരിഷ്‌കരണ നടപടികള്‍ ഉണ്ടാവുക. ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തില്‍ ഇടിവു തുടര്‍ന്നാല്‍ യുഎസ് ഡോളര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന സ്ഥിതിയുണ്ടാവും. ഈ സാഹചര്യം ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും. ജിഡിപി വളര്‍ച്ച, വ്യാപാര മേഖലയിലെ സമതുലനം എന്നിവയുടെ അടിസ്ഥാനത്തില്‍, നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തി മുന്നോട്ടു പോകാനേ തല്‍ക്കാലം ഇന്ത്യയ്ക്ക് കഴിയൂ. ആഗോള തലത്തില്‍ മാന്ദ്യ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റിസര്‍വ് ബാങ്കിന് വളരെ കരുതലോടെ തീരുമാനം എടുക്കേണ്ടി വരും.