നിങ്ങളുടെ ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം
Mail This Article
സാധാരണക്കാർ മ്യൂച്വൽഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് അതു നൽകുന്ന വാർഷികനേട്ടം/റിട്ടേൺ നോക്കിയാണ്. ഇനി ഒരു അംഗീകൃത മ്യൂച്വൽഫണ്ട് വിതരണക്കാരനെ സമീപിച്ചാലും നിങ്ങളുടെ ആദ്യചോദ്യം ഈ ഫണ്ട് എത്ര റിട്ടേൺ തരുമെന്നായിരിക്കും. അങ്ങനെ ചിന്തിക്കുന്നതു തെറ്റല്ല. കാരണം പൈസ ഉണ്ടാക്കാനാണല്ലോ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കുന്നത്.
പക്ഷേ, ഏതു ഫണ്ടിൽ നിക്ഷേപിക്കണം എന്നതിലുമുപരി എന്തിനു നിക്ഷേപിക്കണം എന്നതിനാണ് പ്രസക്‌തി. ഇതിനെ നമുക്കു ഫിനാൻഷ്യൽ ഗോൾ സെറ്റിങ്/ സാമ്പത്തികലക്ഷ്യം തീരുമാനിക്കൽ എന്നു പറയാം. ആ ലക്ഷ്യം എന്തും ആവാം. അതു മൂന്നു മാസം മുതൽ 30 വർഷം വരെ കാലയളവിൽ പൂർത്തികരിക്കേണ്ടതാകാം. ഉദാഹരണത്തിന് കാർ വാങ്ങുന്നത്, വീടുപണി, കുട്ടികളുടെ ഉപരിപഠനം അങ്ങനെയങ്ങനെ...
നിങ്ങളുടെ ഓരോ സ്വപ്നത്തിനും തത്തുല്യമായ ഒരു ഫിനാൻഷ്യൽ നമ്പർ ഉണ്ടാകും. അതായത് തീരുമാനിച്ചുറപ്പിക്കുന്ന ലക്ഷ്യങ്ങൾ യാഥാർഥ്യമാകുന്നത് ഒരു നിശ്ചിത തുക ഉണ്ടാകുമ്പോഴാണ്. കാർ വാങ്ങുകയാണ് സ്വപ്നമെങ്കിൽ അതിനു 15 ലക്ഷം രൂപ ആവശ്യമാണെന്നു കരുതുക. ആ തുക രണ്ടു വർഷംകൊണ്ടോ അല്ലെങ്കിൽ 10 വർഷം കൊണ്ടോ ആവശ്യാനുസരണം സമാഹരിക്കാം. എത്ര സമയംകൊണ്ട് എന്നതു തികച്ചും നിങ്ങളുടെ തീരുമാനമാണ്.
ഒരു ഫിനാൻഷ്യൽ ഗോൾ സെറ്റ് ചെയ്യുമ്പോൾ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം:
1. എന്ത്?
2. എപ്പോൾ?
3. എന്തു വിലകൊടുത്ത്?
പക്ഷേ, ഒരു മനുഷ്യന് ഒന്നല്ല, പല സ്വപ്നങ്ങളും താൽപര്യങ്ങളും ഉണ്ടാകും. കുട്ടിയുടെ ഉപരിപഠനത്തിനും പിന്നീട് വിവാഹത്തിനും വേറേ വേറേ ആസൂത്രണം ആവശ്യമാണ്. മാത്രമല്ല, ഇതിൽ ഏതിനാണ് കൂടുതൽ മുൻഗണനയെന്നും തീരുമാനിക്കണം.
ഉദാഹരണത്തിന് കുട്ടിയുടെ വിദ്യാഭ്യാസത്തിന് 5 വർഷംകൊണ്ട് 20 ലക്ഷം രൂപയാണു നിങ്ങൾ സമാഹരിക്കാൻ ലക്ഷ്യമിടുന്നതെന്നു കരുതുക. എട്ടു വർഷത്തിനുശേഷമായിരിക്കും കല്യാണം പ്ലാൻ ചെയ്തിരിക്കുന്നത്. ഇക്കാലയളവിൽ അതിനുള്ള തുകയും കണ്ടെത്താൻ പറ്റണം. ഇതുപോലെ വ്യക്തമായി ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാൻ പറ്റിയാൽതന്നെ, നിക്ഷേപയാത്രയുടെ 75% ജോലിയും കഴിഞ്ഞു.
ഏതു മ്യൂച്വൽഫണ്ട് ഈ റിസൾട്ട് കൊണ്ടുവരും എന്നുള്ളതാണ് അടുത്തത്. 5 വർഷംകൊണ്ട് 20 ലക്ഷം രൂപ സമാഹരിക്കാൻ, 12% വാർഷിക നേട്ടം നൽകുന്ന ഫണ്ടാണെങ്കിൽ മാസം 25,000 രൂപയോളം നിക്ഷേപിക്കണം. വിശദമായി പഠിച്ചു മനസ്സിലാക്കി അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കാനാകുമെങ്കിൽ അത്രയും നല്ലത്. അല്ലെങ്കിൽ നല്ലൊരു മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടറെ കണ്ടെത്തുക. അവർക്കു നിങ്ങളെ സഹായിക്കാനാകും.
സ്ഥിരമായ നിക്ഷേപവും പരിശ്രമവും ഉണ്ടെങ്കിൽ നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും യാഥാർഥ്യമാക്കാൻ കഴിയും
ലേഖകൻ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് അഡ്വൈസറാണ്