ADVERTISEMENT

2024-25 സാമ്പത്തിക വർഷത്തിൽ മികച്ച കമ്പനികളിൽ 1.25 ലക്ഷം ഇന്റേൺഷിപ്പുകൾ വാഗ്ദാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ സമഗ്ര ഇന്റേൺഷിപ്പ് പദ്ധതി കഴിഞ്ഞ ദിവസം ആരംഭിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി ഇന്റേൺഷിപ്പ് നൽകുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായ പൈലറ്റ് പ്രോജക്റ്റ്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം നിയന്ത്രിക്കുന്ന പോർട്ടൽ വഴി നടപ്പിലാക്കും. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാക്‌സ് ലൈഫ്, അലംബിക് ഫാർമ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഇതിനകം തന്നെ 1077 ഇന്റേൺഷിപ്പ് ഓഫറുകൾ നൽകിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, വികലാംഗർ എന്നിവർക്കുള്ള കേന്ദ്രത്തിന്റെ സംവരണ നയം പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിന് കീഴിൽ നൽകുന്ന ഇന്റേൺഷിപ്പിന് ബാധകമാകുമെന്ന് എംസിഎ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ഒക്ടോബർ 27 മുതൽ നവംബർ 7 വരെ നീണ്ടുനിൽക്കും. നവംബർ 8 നും 15 നും ഇടയിൽ ഇന്റേൺഷിപ്പ് ഓഫർ ലെറ്ററുകൾ അയയ്ക്കും. ആദ്യ ബാച്ച്  ഡിസംബർ 2 ന് ആരംഭിക്കും.

ഇന്റേൺഷിപ്പ് പദ്ധതിയിലൂടെ അഞ്ച് വർഷത്തിനുള്ളിൽ 10 ദശലക്ഷം യുവജനതയെ  ഇന്ത്യയിലെ മുൻനിര കമ്പനികളിൽ വൈദഗ്ധ്യം നേടാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്. യുവാക്കൾക്ക് 12 മാസത്തേക്ക് യഥാർത്ഥ ബിസിനസ്സ് അന്തരീക്ഷം, വൈവിധ്യമാർന്ന തൊഴിലുകൾ, തൊഴിലവസരങ്ങൾ എന്നിവയുമായി പരിചയം ലഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

∙പ്രതിമാസം 5,000 രൂപ ഇന്റേൺഷിപ്പ് അലവൻസിനൊപ്പം 6,000 രൂപ ഒറ്റത്തവണ സഹായവും കേന്ദ്രം നൽകും.

∙പരിശീലനച്ചെലവും ഇന്റേൺഷിപ്പ് ചെലവിന്റെ 10 ശതമാനവും അവരുടെ സിഎസ്ആർ(കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി) ഫണ്ടിൽ നിന്ന് കമ്പനികൾ വഹിക്കും.

എങ്ങനെ അപേക്ഷിക്കാം?

∙പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഓൺലൈൻ പോർട്ടൽ വഴി ആയിരിക്കും.

∙കമ്പനികൾ നേരിട്ട് ആരെയും തിരഞ്ഞെടുക്കില്ല. ഉദ്യോഗാർത്ഥികൾ ഈ ഇന്റേൺഷിപ്പിന് അപേക്ഷിച്ചുകഴിഞ്ഞാൽ പാനൽ തിരഞ്ഞെടുത്ത് കമ്പനികൾക്ക് അപേക്ഷകൾ കൈമാറും.

∙കമ്പനികൾക്ക് അവരുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനോ നിരസിക്കാനോ കഴിയും.

∙12 മാസത്തെ ഇന്റേൺഷിപ്പിന് പ്രതിമാസം 5,000 രൂപ അലവൻസ് ഓരോരുത്തർക്കും കേന്ദ്രസർക്കാർ നൽകും.

∙കമ്പനികളുടെ പങ്കാളിത്തം സ്വമേധയാ ഉള്ളതായിരിക്കും

∙10 ദശലക്ഷം യുവാക്കൾ ( 21 നും 24 നും ഇടയിൽ പ്രായമുള്ളവർ) അഞ്ച് വർഷത്തിനുള്ളിൽ മികച്ച കമ്പനികളിൽ വൈദഗ്ദ്ധ്യം നേടും

∙PM ഇന്റേൺഷിപ്പ് സ്കീമിന്  21-24 വയസ്സിന് ഇടയിൽ പ്രായമുള്ളവര്‍ക്കാണ് അർഹത

∙അപേക്ഷകർ  ഹൈസ്കൂൾ അല്ലെങ്കിൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്, ITI ഡിപ്ലോമ അല്ലെങ്കിൽ BA, BSc, BCom, BCA അല്ലെങ്കിൽ BBA പോലുള്ള  ബിരുദങ്ങൾ ഉള്ളവരായിരിക്കണം 

∙മുഴുവൻ സമയ കോഴ്‌സുകളിൽ എൻറോൾ ചെയ്തവരോ മുഴുവൻ സമയ ജോലി ചെയ്യുന്നവരോ ഇതിന് യോഗ്യരല്ല

∙ഐഐടികൾ, ഐഐഎമ്മുകൾ, ദേശീയ നിയമ സർവകലാശാലകൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദധാരികളെ ഈ പദ്ധതിയിൽ  ഒഴിവാക്കിയിട്ടുണ്ട്.

കമ്പനികൾക്കും സർക്കാരിനും യുവജനതയ്ക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്ന പദ്ധതി ആണിത്.

∙വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിലൂടെ പോക്കറ്റ് നിറയുമ്പോൾ, കമ്പനികൾക്ക് അവർക്കാവശ്യമുള്ള തരത്തിൽ ജോലിക്കാരെ വാർത്തെടുക്കാൻ സാധിക്കും. തൊഴിൽ വൈദഗ്ദ്ധ്യം ഉള്ള ജനതയെ വാർത്തെടുക്കുന്നത്  രാജ്യത്തിനും നേട്ടമാകും.

∙മികച്ച 500 കമ്പനികൾ വഴി ആയിരിക്കും ആദ്യം ഇന്റേൺഷിപ്പ് നൽകുന്നത്. അപ്രന്റീസ്ഷിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, സ്ഥിരമായി ഇന്റേണുകളെ നിയമിക്കുന്നതിന് കമ്പനികൾക്ക് തീരുമാനമെടുക്കാം. 

  • Also Read

വ്യവസായത്തിന് ആവശ്യമായവരെ വാർത്തെടുക്കൽ  ലക്‌ഷ്യം

തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യങ്ങളുമായി തുടങ്ങുന്ന ഈ പദ്ധതി ക്‌ളാസ് മുറികൾക്കപ്പുറം യഥാർത്ഥ വൈദഗ്ധ്യം വളർത്തി വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ വിദ്യാർത്ഥികളെ മാറ്റിയെടുക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിയുടെ ന്യൂനതകൾ മാറ്റിയെടുക്കാനാണ് കമ്പനികളെക്കൂടി ഉൾകൊള്ളിച്ചുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കാരണം ഇപ്പോഴത്തെ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നൈപുണ്യ വികസനത്തിന് ഒട്ടും പ്രാധാന്യം ലഭിക്കുന്നില്ല എന്ന വിടവ് പുതിയ പദ്ധതിയിലൂടെ നികത്താൻ ശ്രമിക്കുകയാണ്. സ്കീമിന് ഇന്റേണ്‍ ചെലവഴിക്കുന്ന പകുതി സമയമെങ്കിലും ജോലിയിലോ ജോലി സാഹചര്യത്തിലോ ആയിരിക്കണം എന്ന നിബന്ധന ഉണ്ട്.  ധനമന്ത്രാലയം ഈ പദ്ധതിയെ വിജയിപ്പിക്കാൻ വരും വർഷങ്ങളിൽ കൂടുതൽ കാര്യങ്ങൾ മുന്നോട്ടുവയ്ക്കുമെന്ന സൂചന നൽകിയിട്ടുണ്ട്.

English Summary:

Discover how your company can benefit from the Prime Minister's Internship Scheme. Access a skilled workforce, reduce training costs, and fulfill your CSR obligations. Learn more about this government initiative.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com