കോടിപതികളുടെ എണ്ണം കൂടുന്നു, 2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വത്തുള്ളത് ആർക്കൊക്കെയാണ്?
Mail This Article
ഇന്ത്യയില്‍ സമ്പന്നരുടെ എണ്ണം കൂടുകയാണ്. രാജ്യം മുന്നേറുന്നതിനൊപ്പം ഓരോ വർഷവും ഓഹരി വിപണിയും മുന്നോട്ടു കുതിക്കുന്നു. ഓഹരി വിപണിയുടെ അസാധാരണ വളർച്ച കമ്പനികളുടെ ഓഹരി വിലകളിലും പ്രതിഫലിക്കുന്നുണ്ട്. ഐ ടി കമ്പനികൾ മുതൽ, മരുന്ന് കമ്പനികൾ വരെ കൈകാര്യം ചെയ്യുന്നവരുടെ സ്വത്തും അതിനനുസരിച്ചു കൂടുകയാണ്.
കോടിപതികളേറുന്നു
ഒരു കോടിയിലധികം നികുതി വരുമാനം റിപ്പോർട്ട് ചെയ്യുന്ന നികുതിദായകരുടെ എണ്ണം 2013-14 സാമ്പത്തിക വർഷത്തിലെ 44,078 ൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 2.3 ലക്ഷമായി ഉയർന്നു.ആദായനികുതി വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 3.3 കോടിയിൽ നിന്ന് 2.2 മടങ്ങ് വർദ്ധിച്ച് 7.5 കോടിയായി. 5.5-9.5 ലക്ഷം രൂപ ബ്രാക്കറ്റ് പ്രധാന വരുമാന വിഭാഗമായി മാറി.
ഇന്ത്യയിലെ ഏറ്റവും സമ്പന്നർ
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 വ്യവസായികൾ ഈ വർഷം ചരിത്രപരമായ നേട്ടത്തിലേക്കെത്തി. അവരുടെ മൊത്തം ആസ്തി ആദ്യമായി ട്രില്യൺ ഡോളർ കവിഞ്ഞു. ഓഹരി വിപണി മുന്നേറിയത് ഇന്ത്യയിലെ കോടീശ്വരന്മാരുടെ സമ്പത്തു വളർത്താൻ സഹായിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ബിഎസ്ഇ സെൻസെക്‌സ് 30 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളെ പരിചയപ്പെടാം.
മുകേഷ് അംബാനി
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം 2024 ലും നിലനിർത്തി. 2750 കോടി ഡോളർ മുതൽ 11950 കോടി ഡോളർ വരെ അദ്ദേഹത്തിന്റെ ആസ്തി വർധിച്ചു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമായ അംബാനി 8 ലക്ഷം കോടി രൂപ (104 ബില്യൺ ഡോളർ) വരുമാനം സൃഷ്ടിക്കുന്ന ഒരു വലിയ സംരംഭത്തിന് മേൽനോട്ടം വഹിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിൽ പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, റീട്ടെയിൽ, ടെലികോം എന്നിവ ഉൾപ്പെടുന്നു. ഈ കോർപ്പറേറ്റ് ഭീമന്റെ വ്യത്യസ്‌ത ഡിവിഷനുകൾ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ മൂന്ന് മക്കളായ ആകാശ്, അനന്ത്, ഇഷ എന്നിവരിലൂടെയാണ്.
ഗൗതം അദാനി
ഗൗതം ശാന്തിലാൽ അദാനിയുടെ ആസ്തി 8170 കോടി ഡോളർ കടന്നും വളരുകയാണ്. അദാനി ഗ്രൂപ്പ് ഇന്ത്യയുടെ തുറമുഖ പ്രവർത്തനങ്ങളിലും വികസന മേഖലയിലും ആധിപത്യം പുലർത്തുന്നു. മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം അദാനിയുടെ സമ്പത്ത് ഇരട്ടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ ബി ജെ പിക്ക് അനുകൂലമാണെങ്കിൽ ഏറ്റവും അധികം പ്രതിഫലിച്ചിരുന്നത് അദാനി ഓഹരികളിലായിരുന്നു.
സാവിത്രി ജിൻഡാൽ
ഇന്ത്യൻ രാഷ്ട്രീയത്തിലെയും, ബിസിനസിലെയും പ്രമുഖ വ്യക്തിയായ സാവിത്രി ജിൻഡാൽ ഒപി ജിൻഡാൽ ഗ്രൂപ്പിലെ എമിരിറ്റസ് ചെയർ പദവി വഹിക്കുന്നു. മക്കളായ പൃഥ്വിരാജ്, സജ്ജൻ, രത്തൻ, നവീൻ ജിൻഡാൽ എന്നിവർ ഗ്രൂപ്പിനുള്ളിലെ വിവിധ ബിസിനസ് മേഖലകൾ കൈകാര്യം ചെയ്യുന്നു. സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ.
ശിവ് നാടാർ
ശിവ് നാടാർ എച്ച്‌സിഎല്ലിന്റെ സ്ഥാപകനാണ്. 2008ൽ ഇന്ത്യ ഗവൺമെന്റെ ശിവ് നാടാരെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു.
ദിലീപ് സാങ് വി
ദിലീപ് സാങ് വി സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിലൂടെ 2980 കോടി ഡോളറിന്റെ സമ്പത്ത് സമ്പാദിച്ചു. സൺ ഫാർമസ്യൂട്ടിക്കൽ 500കോടി ഡോളർ മൂല്യത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി എന്ന ചരിത്ര നാഴികക്കല്ല് കൈവരിച്ചു. സാങ്‌വിയുടെ വളർച്ചാ പാതയിൽ 2014-ൽ 400 കോടി ഡോളറിന് റാൻബാക്‌സി ലബോറട്ടറീസ് സുപ്രധാനമായ ഏറ്റെടുക്കൽ ഉൾപ്പെടുന്നു.
രാധാകിഷൻ ദമാനി
ഇന്ത്യയുടെ റീട്ടെയിൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ദീർഘദർശിയായ സംരംഭകനായ രാധാകിഷൻ ദമാനിയാണ് ഇന്ത്യയിലെ മറ്റൊരു അതിസമ്പന്നൻ. DMartന്റെ മാതൃകമ്പനിയായ അവന്യൂ സൂപ്പർമാർട്ട്‌സ് ലിമിറ്റഡ് തുടങ്ങിയത് ഇദ്ദേഹമാണ്. ഡിമാർട്ടിന് ഇന്ത്യയിൽ ഇപ്പോൾ 336 സൂപ്പർ മാർക്കറ്റുകളുണ്ട്. "ഇന്ത്യയുടെ റീട്ടെയിൽ രാജാവ്" എന്ന് വിളിക്കപ്പെടുന്ന ദമാനി തന്റെ നിക്ഷേപ വിഭാഗമായ ബ്രൈറ്റ് സ്റ്റാർ ഇൻവെസ്റ്റ്‌മെന്റെ ലിമിറ്റഡിലൂടെ സ്വത്ത് കുന്നു കൂട്ടി.
സൈറസ് പൂനവാല
സൈറസ് പൂനവാല 1966-ൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിച്ച് വാക്‌സിൻ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെ, കമ്പനി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായി വളർന്നു. COVID-19 വാക്‌സിൻ നിർമാണത്തിനായി അത്യാധുനിക സൗകര്യം വികസിപ്പിച്ചെടുക്കാൻ 800 മില്യൺ ഡോളർ നിക്ഷേപത്തിന് അദ്ദേഹത്തിന്റെ മകൻ അഡാർ പൂനവാല നേതൃത്വം നൽകി. ആസ്ട്രസെനക്ക, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ മഹാമാരി സമയത്ത് മറ്റ് പല രാജ്യങ്ങളിലേക്കും കയറ്റി അയച്ചിരുന്നു.
ഇന്ത്യയിലെ അതിസമ്പന്നരുടെ കൂട്ടായ സമ്പത്ത് ഇപ്പോൾ 1.1 ലക്ഷം കോടി ഡോളറാണ്. 2019-ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം. കഴിഞ്ഞ വർഷം മാത്രം 31600 കോടി ഡോളർ കൂടുതൽ നേടി 40 ശതമാനം വളർച്ച രേഖപ്പെടുത്തി. 80 ശതമാനം വ്യവസായികളും മുമ്പത്തേക്കാൾ സമ്പന്നരാണ്. അവരിൽ 58 പേരും തങ്ങളുടെ ആസ്തി 100 കോടി ഡോളറിലധികം വർദ്ധിപ്പിച്ചു.