അത്യാഗ്രഹം, ഭയം ! തട്ടിപ്പുകളിൽ ചെന്നു വീഴുന്നത് തടയാൻ ഇങ്ങനെ ചെയ്യാം
Mail This Article
"സ്വയം ചികിത്സിക്കരുത്; രോഗലക്ഷണങ്ങൾ കാണുമ്പോൾ ഗൂഗിൾ സേർച് ചെയ്ത് രോഗനിർണയം നടത്തരുത്" ഡോക്ടർമാർ സ്ഥിരമായി നമ്മളോടു പറയുന്നു. ആശുപത്രിയിൽ ചെന്നാലവർ കാര്യങ്ങൾ ചോദിച്ചും പരിശോധിച്ചും ടെസ്റ്റുകൾ നടത്തിയും രോഗം കണ്ടുപിടിക്കുന്നു; ചികിത്സിക്കുന്നു. തങ്ങൾക്ക് വൈദഗ്‌ധ്യമില്ലാത്ത കാര്യങ്ങളിൽ വിദഗ്ധരെ സമീപിക്കണമെന്നാണ് ആരോഗ്യത്തിന്റെ കാര്യത്തിൽ ഡോക്ടർ നമ്മളോടു പറയുന്നത്. എന്നാൽ ഇത്രയും ശാസ്ത്രീയമായി രോഗനിർണയവും ചികിത്സയും നടത്തുന്ന ചില ഡോക്ടർമാർ ട്രേഡിങ്ങിലൂടെ വൻ ലാഭം, വിർച്വൽ അറസ്റ്റ്, അയച്ച പാഴ്‌സലിൽ മയക്കുമരുന്ന് തുടങ്ങിയ തട്ടിപ്പുകളിൽ എളുപ്പത്തിൽ ചെന്ന് വീഴുന്നതോ? സാമ്പത്തിക/നിക്ഷേപ കാര്യങ്ങളിൽ വൈദഗ്ധ്യമില്ലാത്ത ഒരു ഡോക്ടർ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നത് ഇല്ലാത്ത വൈദഗ്ധ്യം ഉണ്ടെന്നു കരുതിയതുകൊണ്ടല്ലേ?
ഇവർ സാമ്പത്തിക/നിയമ ജ്ഞാനമുള്ളവരോടു സംസാരിച്ചതിനുശേഷം മാത്രമല്ലേ സ്വാഭാവികമായും അടുത്ത നടപടിയിലേക്കു കടക്കാവൂ? ഉയർന്ന വരുമാനം നേടുന്ന പല ഡോക്ടർമാർക്കും അവരുടെ നികുതി/നിക്ഷേപ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചാർട്ടേർഡ് അക്കൗണ്ടന്റുണ്ടാകും. അവരുമായി സംസാരിച്ചാൽ പോരേ?
വിർച്വൽ അറസ്റ്റിലുള്ളയാൾ മണിക്കൂറുകൾ ലൈവ് മൊബൈൽ നെറ്റ്‌വർക്കിലാണ്; വിഡിയോ കോളിലാണ്. ഈ സമയത്ത് തട്ടിപ്പുകാരറിയാതെ തന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വാട്സാപ് സന്ദേശം വഴി കാര്യം അറിയിച്ചുകൂടേ? മറ്റുള്ളവരറിയുന്നത് നാണക്കേടാണെന്നു കരുതുന്നതായിരിക്കാം; അറിയിക്കരുതെന്ന തട്ടിപ്പുകാരുടെ ഭീഷണി ഭയന്നിട്ടായിരിക്കാം. വൻ ലാഭം തരുന്ന നിക്ഷേപ പദ്ധതികൾ ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന അസുലഭ അവസരമെന്നു കരുതി മറ്റാരോടും പറയാത്തതുമായിരിക്കാം കാരണം.
അപ്പോഴും ലൈവ് മൊബൈൽ നെറ്റ്‌വർക്കിലുള്ളയാൾക്ക് വിർച്വൽ അറസ്റ്റ് എന്നോ, ഓൺലൈൻ ഫിനാൻഷ്യൽ സ്‌കാം എന്നോ ഗൂഗിൾ ചെയ്‌താൽ നിമിഷങ്ങൾക്കുള്ളിൽ ശരിയായ വിവരം ലഭിക്കില്ലേ? ഇതൊന്നും ചെയ്യാത്ത ആ ഡോക്ടർ തന്നെയാണ് നമ്മളിൽ പലരെയും ചികിത്സ വൈദഗ്ധ്യം ഒന്നുകൊണ്ടു മാത്രം മരണത്തിൽനിന്നുപോലും രക്ഷിക്കുന്നത്!
ഇതിലും വിചിത്രമാണ് വർധമാൻ ഗ്രൂപ്പ് തലവൻ എസ് പി ഓസ്‌വാൾ പെട്ട 7 കോടിയുടെ തട്ടിപ്പ്. രണ്ടു ദിവസമാണ് ഇദ്ദേഹം ഡിജിറ്റൽ അറസ്റ്റിൽ കിടന്നത്. നരേഷ് ഗോയൽ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇദ്ദേഹത്തിന്റെ ആധാർ ഉപയോഗിച്ചു തുടങ്ങിയ ഒരു ബാങ്ക് അക്കൗണ്ടിലൂടെ സംശയകരമായ ഇടപാടുകൾ നടന്നെന്നാണ് ആരോപണം. ഇതിൽനിന്നു രക്ഷപ്പെടാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സാക്ഷാൽ ഡി വൈ ചന്ദ്രചൂഡ് ലൈവിൽ വന്ന് സഹായിക്കുകയാണുണ്ടായത്. രക്ഷപ്പെടുത്താനായി 7 കോടി രൂപയാണ് ഇദ്ദേഹം അയച്ചുകൊടുത്തത്. വർധമാൻ കമ്പനിയിൽനിന്നു ശമ്പളം വാങ്ങുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, നിയമോപദേശകൻ - ഇവരെല്ലാം ഇദ്ദേഹത്തെ സഹായിക്കുമായിരുന്നു. പക്ഷേ, ആരെയും അറിയിക്കരുതെന്ന തട്ടിപ്പുകാരുടെ നിർദേശം അക്ഷരം പ്രതി അനുസരിച്ചു! ദശകങ്ങളോളം മറ്റുള്ള വ്യവസായികളുമായി മത്സരിച്ചു മുന്നേറിയ പദ്മഭൂഷൺ ജേതാവിനെയാണ് തട്ടിപ്പുകാർ രണ്ടു ദിവസംകൊണ്ട് പറ്റിച്ചത്.
അത്യാഗ്രഹം അല്ലെങ്കിൽ ഭയം, സാമ്പത്തിക നിരക്ഷരത, അക്കൗണ്ടിലുള്ള വൻ തുക - ഇവ മൂന്നുമുള്ളവരാണ് തട്ടിപ്പുകാരുടെ ഉന്നം. അത്യാഗ്രഹം/ഭയം, സാമ്പത്തിക നിരക്ഷരത എന്നിവ വേണ്ടുവോളമുള്ളപ്പോഴും പലരും തട്ടിപ്പിൽ പെടാത്തത് പണമില്ലാത്തതുകൊണ്ടു മാത്രമാണ്. 1776 കോടി രൂപയാണ് 2024 ജനുവരി - ഏപ്രിൽ കാലയളവിൽ ഇത്തരം തട്ടിപ്പുകളിലൂടെ ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടത്. ഇതിൽ 92 ശതമാനവും ട്രേഡിങ്ങ്/നിക്ഷേപ തട്ടിപ്പാണ്; 7% ഡിജിറ്റൽ അറസ്റ്റും. കേരളത്തിലെ തട്ടിപ്പു പദ്ധതികൾക്ക് ദശകങ്ങളുടെ ചരിത്രമുണ്ട്. അതിലെ മുടിചൂടാമന്നനാണ് 1652 കോടി രൂപയുടെ ഹൈറിച്ച് തട്ടിപ്പ്. റിലയൻസിന്റെയോ അദാനിയുടെയോ മറ്റേതെങ്കിലും കമ്പനിയുടെയോ ഓഹരിയിൽ നിക്ഷേപിക്കാൻ പറഞ്ഞാൽ കോർപറേറ്റ്, കുത്തക, ബൂർഷ്വാ എന്നെല്ലാം പറഞ്ഞു മുഖം തിരിക്കുന്നവരിൽ ചിലർ ഹൈറിച്ചിലെ പ്രതാപൻ ചോദിക്കേണ്ട താമസം നിക്ഷേപം നടത്തി!
തട്ടിപ്പുകളിൽ ചെന്നു വീഴുന്നത് എങ്ങനെ തടയാം? സാമ്പത്തിക സാക്ഷരത നേടുകയാണ് ആദ്യത്തെ വഴി. സാമ്പത്തിക/നിക്ഷേപ കാര്യങ്ങളെക്കുറിച്ചു തങ്ങൾക്ക് അറിവ് കുറവാണെന്നു സ്വയം മനസ്സിലാക്കുകയും അത്തരം കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കാനുള്ള എളിമ കാണിക്കുകയുമാണ് രണ്ടാമത്തെ വഴി. എഴുത്തുകാരൻ മാർക്ക് ട്വൈൻ പറഞ്ഞത് ഇവിടെ പ്രസക്തമാണ് - നിങ്ങൾക്കറിയാത്ത കാര്യങ്ങളല്ല നിങ്ങളെ കുഴപ്പത്തിലാക്കുന്നത്; അത്, നിങ്ങൾക്ക് ശരിയെന്നുറപ്പുള്ള, എന്നാൽ അങ്ങനെയേ അല്ലാത്ത കാര്യങ്ങളാണ് (It ain’t what you don’t know that gets you into trouble. It’s what you know for sure that just ain’t so)