ജോലികിട്ടിയ 24കാരൻ ചോദിക്കുന്നു 45,000 രൂപ വരുമാനംകൊണ്ട് എങ്ങനെ സമ്പാദിച്ചു തുടങ്ങാം?
Mail This Article
Q 24കാരനായ എനിക്ക് 45,000 രൂപ ശമ്പളത്തിൽ മൂന്നു മാസം മുൻപാണ് ജോലി ലഭിച്ചത്. വീട്ടിൽനിന്നു പോയിവരുന്നതിനാൽ പ്രത്യേകിച്ചു ചെലവൊന്നും ഇല്ല. വീട്ടിലേക്ക് ഒന്നും കൊടുക്കേണ്ട ആവശ്യവുമില്ല. എന്നാൽ അടിച്ചുപൊളി ജീവിതം ഇഷ്ടപ്പെടുന്ന എനിക്ക് ഇതുവരെ ഒന്നും മിച്ചം പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിനു മാറ്റം വരണമെന്നും മാസം 12,000 രൂപയെങ്കിലും മിച്ചംപിടിക്കണമെന്നും തീരുമാനിച്ചിരിക്കുകയാണ്. വിദ്യാഭ്യാസവായ്പ തിരിച്ചടവ് ഉടനെ തുടങ്ങുകയും വേണം.
എട്ടു ലക്ഷം രൂപ 14% നിരക്കിലെടുത്ത വായ്പയിൽ 10വർഷക്കാലാവധിയിൽ 12,500 രൂപയോളം ഇഎംഐ വരും. അടുത്ത അഞ്ചു വർഷത്തിനകം വിവാഹിതനാകണം. അപ്പോഴേക്കും വായ്പ ബാധ്യത തീർത്ത് ന്യായമായ സമ്പാദ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇപ്പോൾ മിച്ചം പിടിക്കാൻ ഉദ്ദേശിക്കുന്ന (12,000) തുകയിൽനിന്ന് എത്ര തുകകൂടി മാസഗഡുവായി അടച്ചാൽ വായ്പ അഞ്ചു വർഷത്തിനകം തീർക്കാൻ സാധിക്കും? ബാക്കി തുക എങ്ങനെ നിക്ഷേപിച്ചാൽ നല്ലൊരു തുക സമ്പാദിക്കാനാകും?
മാതാപിതാക്കൾക്കടക്കം 3 ലക്ഷം രൂപയുടെ കവറേജ് കമ്പനി തരുന്നതിനാൽ വേറെ പോളിസി എടുക്കാൻ ഉദ്ദേശിക്കുന്നില്ല. എത്ര രൂപയുടെ ലൈഫ് കവറേജ് വേണം? അതിന് എത്ര രൂപ പ്രീമിയം വരും? സ്വകാര്യ കമ്പനി ആയതിനാൽ കുറച്ചു തുക എമർജൻസി ഫണ്ടായും കരുതണം എന്നുണ്ട്. ഇതിനെല്ലാംകൂടി നല്ലൊരു പ്ലാൻ പറഞ്ഞുതരുമോ?
നിഖിൻ കൃഷ്ണൻ, കാക്കനാട്
A കുറഞ്ഞ പ്രായത്തിൽ സാമ്പത്തിക അച്ചടക്കം വരുത്തണമെന്ന ചിന്ത തന്നെ അഭിനന്ദനാർഹമാണ്. ഇന്നത്തെക്കാലത്തു പണം ചെലവാക്കാൻ ധാരാളം സാഹചര്യമുള്ളപ്പോൾ വരുമാനത്തിന്റെ വിനിയോഗത്തിൽ ഒരു കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ആവശ്യമായ നിക്ഷേപം സമാഹരിക്കാനാവില്ല. ഭാവിയിൽ ചെറിയ കാര്യങ്ങൾക്കുപോലും വായ്പയെ ആശ്രയിക്കേണ്ടിയും വരാം. ജോലിയിൽ പ്രവേശിക്കുമ്പോൾതന്നെ സാമ്പത്തികകാര്യങ്ങളിൽ ധാരണയുണ്ടെങ്കിൽ ജീവിതം ആസ്വദിക്കാനും ഒപ്പം ആവശ്യമായ നിക്ഷേപം വളർത്തിക്കൊണ്ടുവരാനും സാധിക്കും.
വിദ്യാഭ്യാസ വായ്പ വേഗം തീർക്കാം
ഇവിടെ താങ്കൾ പുതിയ തലമുറയുടെ ഒരു പ്രതിനിധിയാണ്. വിദ്യാഭ്യാസച്ചെലവ് ഉയർന്നു നിൽക്കുന്നതിനാൽ ഭൂരിഭാഗം വിദ്യാർഥികളും വിദ്യാഭ്യാസവായ്പയാകും പ്രധാനമായും ആശ്രയിക്കുക. ഇത്തരം വായ്പകളുടെ ഭാരം മാതാപിതാക്കളെ ഏൽപിക്കാതെ ജോലി ലഭിച്ച ഉടനെ വായ്പ തിരിച്ചടവ് തുടങ്ങി എത്രയും പെട്ടെന്നു തീർക്കാൻ ശ്രമിക്കുന്നതുതന്നെയാണ് ശരിയായ രീതി. മറ്റു വായ്പകളുമായി താരതമ്യംചെയ്യുമ്പോൾ പലിശ വളരെ കൂടുതലായതിനാൽ വിദ്യാഭ്യാസവായ്പ എത്രയും വേഗം തീർക്കാനായാൽ പലിശയിനത്തിലുള്ള നഷ്ടം ഒഴിവാക്കാനാകും.
താങ്കളുടെ ഇപ്പോഴത്തെ വരുമാനം 45,000 രൂപയാണ്. മറ്റു ചെലവുകളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ മുഴുവൻ തുകയും നിക്ഷേപമാക്കി മാറ്റാവുന്നതാണ്. ഇപ്പോൾ മറ്റ് ഉത്തരവാദിത്തങ്ങളില്ലാത്തതിനാൽ പരമാവധി തുക നിക്ഷേപമാക്കി മാറ്റാൻ ശ്രമിക്കുക. അഞ്ചു വർഷം കഴിഞ്ഞു വിവാഹിതനാകുന്നതോടെ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാവും, ചെലവു വർധിക്കും. അതിനാൽ കൂടുതൽ തുക നിക്ഷേപമാക്കണമെന്നു വിചാരിച്ചാൽപോലും അന്ന് അതു സാധിച്ചെന്നുവരില്ല. അതുകൊണ്ട് അധികച്ചെലവു ചുരുക്കി നിക്ഷേപം കൂട്ടി ഇപ്പോൾത്തന്നെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുക.
നിലവിലെ 8 ലക്ഷം രൂപയുടെ വായ്പ പത്തു വർഷംകൊണ്ട് അടച്ചുതീർക്കാൻ 12,421 രൂപ ഇഎംഐ വരും. അതായത്, 6,90,520 രൂപ പലിശയും ചേർത്ത് 14,90,520 രൂപ ഇക്കാലയളവിൽ തിരിച്ചടയ്ക്കണം. എന്നാൽ താങ്കൾ ചിന്തിക്കുന്നതുപോലെ അഞ്ചു വർഷംകൊണ്ടു തിരിച്ചടയ്ക്കാൻ ശ്രമിച്ചാൽ മാസത്തവണ ഏതാണ്ട് 18,615 രൂപയായി ഉയർത്തണം. അപ്പോൾ 3,16,840 രൂപ പലിശയും ചേർത്ത് ആകെ 11,16,900 രൂപ അഞ്ചു വർഷത്തിൽ അടച്ചാൽ മതിയാകും. ഇങ്ങനെ ചെയ്യുക വഴി 3,73,680 രൂപ പലിശയിനത്തിൽ മാത്രം ലാഭിക്കാം. അതായത്, നിലവിലെ മാസത്തവണയോടു കൂടെ 6,194 രൂപകൂടി അധികമായി അടച്ചാൽ അഞ്ചു വർഷംകൊണ്ടു ബാധ്യത തീരും. എന്നു മാത്രമല്ല, പലിശയിനത്തിൽ നല്ലൊരു തുക ലഭിക്കാനുമാകും.
തിരിച്ചടവ്
മറ്റ് അധികച്ചെലവുകൾ വരാൻ സാധ്യതയില്ലെങ്കിൽ, കുറഞ്ഞത് ഇപ്പോഴുള്ള വരുമാനം തുടർന്നും ലഭിക്കും എന്ന ഉറപ്പും ഉണ്ടെങ്കിൽ മൂന്നു വർഷംകൊണ്ട് ഈ വായ്പ തീർക്കുന്നതും ചിന്തിക്കാം. ഇത്തരത്തിൽ വായ്പ തീർക്കണമെങ്കിൽ 27,342 രൂപ മാസം അടയ്ക്കണം. ആകെ 8,84,312 രൂപ അടവുവരും. അതായത്, 1,84,312 രൂപയേ പലിശയിനത്തിൽ അടയ്ക്കേണ്ടതുള്ളൂ. അഞ്ചു വർഷംകൊണ്ട് അടയ്ക്കുന്നതിനെക്കാൾ 1,89,368 രൂപ പലിശയിനത്തിൽ ലാഭിക്കാം. അങ്ങനെ ചെയ്താൽ മൂന്നു വർഷത്തിനുശേഷം മുഴുവൻ തുകയും നിക്ഷേപത്തിലേക്കു നീക്കാം. അതുവഴി 7% വളർച്ച ലഭിക്കുന്ന നിക്ഷേപമാണെങ്കിൽപോലും രണ്ടു വർഷംകൊണ്ട് 7 ലക്ഷംരൂപ സമാഹരിക്കാനാകും. ഇതു താങ്കളുടെ വിവാഹച്ചെലവിന് ഉപയോഗിക്കാം.
താങ്കൾക്ക് അധികച്ചെലവു നിയന്ത്രിക്കാൻ സാധിക്കാത്തതുകൊണ്ട് മൂന്നു വർഷംകൊണ്ട് വായ്പ തീർക്കുന്നതാകും കൂടുതൽ ഉചിതം. ഇവിടെ 27,500 വായ്പ തിരിച്ചടവിനായി നീക്കിവച്ചാലും 7,500 രൂപവീതം ഇക്വിറ്റിഫണ്ടിൽ നിക്ഷേപിക്കാം. അതിന് 12% വളർച്ച ലഭിച്ചാൽ 6 ലക്ഷം രൂപ അഞ്ചു വർഷംകൊണ്ടു സമാഹരിക്കാനാകും.
റിട്ടയർമെന്റ്
സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്നതുകൊണ്ടു റിട്ടയർമെന്റിനുള്ള തുക സമാഹരിക്കുന്നതിൽ പ്രത്യേക ഊന്നൽ വേണം. 56 വയസ്സുവരെ ജോലി ചെയ്യാം എന്നു കരുതിയാൽ ഇന്നത്തെ 30,000 രൂപയ്ക്കു തുല്യമായ തുക 6% പണപ്പെരുപ്പം കണക്കാക്കിയാൽ 1,93,600 രൂപ പ്രതിമാസം വേണ്ടിവരും. ഈ തുക ഇതേ പണപ്പെരുപ്പംകൂടി കണക്കിലെടുത്ത് 80 വയസ്സുവരെ ലഭിക്കുന്നതിന്, റിട്ടയർമെന്റ് സമയത്ത് 5 കോടി രൂപ സമാഹരിക്കണം. അതിനായി ഇന്നുമുതൽ 13,000 രൂപ ഇക്വിറ്റിഫണ്ടിൽ നിക്ഷേപിക്കാം. 12% വളർച്ചയാണ് ഈ നിക്ഷേപത്തിനു കണക്കാക്കിയിരിക്കുന്നത്. നേരത്തെ വായ്പ തിരിച്ചടവിനുശേഷം 7,500 രൂപ നിക്ഷേപിക്കാൻ പറഞ്ഞിരുന്നല്ലോ. ഈ തുകയോടുകൂടി 5,500 രൂപകൂടി ചേർത്ത് 13,000 രൂപ നിക്ഷേപിച്ചു തുടങ്ങിയാൽ റിട്ടയർമെന്റിനായുള്ള തുക സമാഹരിക്കാം. അതേസമയം മൂന്നു വർഷം കഴിഞ്ഞ് വായ്പ തീർന്നശേഷമാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ റിട്ടയർമെന്റ് ലക്ഷ്യത്തിനായി മാസം 18,500 രൂപ വീതം നിക്ഷേപിക്കണം. അതിനാൽ ഇപ്പോൾതന്നെ നിക്ഷേപം തുടങ്ങുന്നതാണ് ഉചിതം. ഭാവിയിൽ വരുമാനം മെച്ചപ്പെടുന്നതിനനുസരിച്ച് ഈ തുക വളരെ ചെറിയ തുകയായി തോന്നും. അതുകൊണ്ടു മുടക്കംകൂടാതെ നിക്ഷേപിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.
ഇൻഷുറൻസ് പരിരക്ഷ
നിലവിൽ താങ്കളുടെ വരുമാനത്തെ ആരും ആശ്രയിക്കുന്നില്ലാത്തതുകൊണ്ട് ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഇപ്പോൾ എടുക്കേണ്ട ആവശ്യമില്ല. ഒരു കോടി രൂപയുടെ ടേം ഇൻഷുറൻസ് പരിരക്ഷ ഇപ്പോൾ എടുക്കുന്നതിന് ഏകദേശം 16,000 രൂപ പ്രതിവർഷം അടയ്ക്കേണ്ടിവരും.
ഇവിടെ നൽകിയിരിക്കുന്ന നിർദേശങ്ങൾ താങ്കളുടെ ഇപ്പോഴത്തെ വരുമാനവും സാമ്പത്തികാവശ്യങ്ങളും കണക്കിലെടുത്താണ്. സാമ്പത്തികനില മാറുന്നതനുസരിച്ച് ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ സാമ്പത്തികാസൂത്രണം നടത്താൻ ശ്രദ്ധിക്കുക.
നിങ്ങളുടെ സാമ്പത്തികഭാവി സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരവും ചെലവും ബാധ്യതകളും ലക്ഷ്യങ്ങളും ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ചേർത്ത് എഴുതുക.
ഇ–മെയിൽ: sampadyam@mm.co.in വാട്സാപ്–9207749142
സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറായ ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗമായ സ്റ്റെപ്സിലാണ്
ഒക്ടോബര്‍ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്