ശമ്പളവരുമാനക്കാരനാണോ? ശ്രദ്ധിക്കാം ഈ നിക്ഷേപ മന്ത്രങ്ങൾ, ഇല്ലെങ്കിൽ 'പണി കിട്ടും!'
Mail This Article
ശമ്പളവരുമാനക്കാരനായ ഒരു ഇടത്തരക്കാരനെ സംബന്ധിച്ച് ഏറ്റവും പുഷ്കല കാലമാണ് നാല്‍പ്പത്തഞ്ചുകള്‍. പ്രമോഷനൊക്കെ കിട്ടി ഏറെക്കുറെ ഔദ്യോഗികമായി ഉയര്‍ന്ന നിലയിലായിരിക്കും. ശമ്പളവും മറ്റാനുകൂല്യങ്ങളുമൊക്കെയായി നല്ലൊരു തുക മാസാമാസം കയ്യിൽ കിട്ടും. മക്കളൊക്കെ കൗമാരം പിന്നിട്ട് തന്റെ തോളൊപ്പമൊക്കെ ആയിട്ടുണ്ടാകും. പല കാര്യങ്ങളിലും അവരുടെ സഹായം തേടാനും പറ്റും. ഒന്നും ചെയ്യാതെ തന്നെ മാസാമാസം കയ്യില്‍ കുറച്ചു പണമൊക്കെ മിച്ചമുണ്ടാകും. ഭാവിയെക്കുറിച്ച് കൂടുതല്‍ ചിന്തയും ആശങ്കയും ഉണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. നേരത്തെ നിക്ഷേപിച്ചു തുടങ്ങിയിരുന്നെങ്കിലെന്ന് ചിന്തിച്ച് അന്തം വിടുന്നതും ഈ പ്രായത്തിലാണ്.
ഇനിയും വൈകിയിട്ടില്ല ഇപ്പോഴെങ്കിലും തുടങ്ങണമെന്ന അടങ്ങാത്ത ആഗ്രഹവും ഈ പ്രായത്തില്‍ ഉണ്ടാകും. മലയാളികള്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്നതും ഈ പ്രായത്തില്‍ തന്നെ. ഒറ്റ രാത്രികൊണ്ട് ലക്ഷപ്രഭുവാകാന്‍ തോന്നും. സാമ്പത്തിക തട്ടിപ്പുകളില്‍ പെട്ട് ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെടുത്തുന്നവരും ഈ പ്രായക്കാരാണ്. ഈ പ്രായത്തിലുള്ളവര്‍ കൃത്യമായ തീരുമാനം എടുത്തില്ലെങ്കില്‍ എന്നും ദുഖിക്കേണ്ടിവരുമെന്ന് സാരം. അതുകൊണ്ട് നാല്പ്പത്തഞ്ചുകഴിഞ്ഞവര് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. നല്ല നിക്ഷേപശീലവും നല്ല സമ്പാദ്യശീലവും സമ്പത്തുണ്ടാക്കാന്‍ അത്യാവശ്യമാണ്. ഇനി എവിടെ, എങ്ങനെ, എപ്പോള്‍, എത്രമാത്രം ഏത് രീതിയില്‍ നിക്ഷേപിക്കണം എന്നാവും നിങ്ങള്‍ക്ക് അറിയേണ്ടത്. എവിടെ, എങ്ങനെ, എപ്പോള്‍, എത്രമാത്രം നിക്ഷേപിക്കണം എന്ന കാര്യം പ്രധാനമായും നിശ്ചയിക്കുന്നത് നിങ്ങളുടെ കൈയിലുള്ള പണത്തിന്റെ വലിപ്പമല്ല. അത് നിങ്ങളുടെ പ്രായമാണ്. നിങ്ങളുടെ പ്രായത്തിനനുസരിച്ചാണ് നിങ്ങള്‍ വിവിധ നിക്ഷേപമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.
2. നമ്മള് മലയാളികള്‍ ഏറ്റവും കൂടുതല്‍ തെറ്റുവരുത്തുന്നതും ഇക്കാര്യത്തിലാണ്. ജോലിയില്‍ നിന്ന് വിരമിച്ചശേഷം 60ാം വയസില്‍ ഓഹരി വിപണിയില്‍ പണമിറക്കും. അല്ലെങ്കില്‍ റിട്ടയര്‍മെന്റ് ആനുകൂല്യമെല്ലാം എടുത്ത് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിക്ഷേപിക്കും. മക്കളുടെ വിവാഹ ആവശ്യത്തിനായി സംഘടിപ്പിച്ച പണമെടുത്ത് അമിത പലിശ മോഹിച്ച് ബ്ലേഡ് കമ്പനിയില്‍ ഇടും. ഇതിനെല്ലാം അവസാനം എന്തു സംഭവിക്കുമെന്ന് നമുക്കെല്ലാം അറിയാം. അത്തരം അബദ്ധങ്ങള്‍ നിങ്ങള്‍ക്ക് പറ്റരുത്.
3. എവിടെ നിക്ഷേപിക്കണം എന്ന് പറയും മുമ്പ് നിക്ഷേപകരെ 20നും 30നും ഇടയിലുള്ളവര്‍, 30നും 55നും ഇടയിലുള്ളവര്‍, 55ന് മേല്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിക്കാം.
20നും 30നും ഇടയിലുള്ളചെറുപ്പക്കാര്ക്ക് ഏറ്റവും കൂടുതല്‍ നേട്ടം തരുന്ന നിക്ഷേപമാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഇത്തരം നിക്ഷേപങ്ങളില്‍ നഷ്ട സാധ്യതയും വളരെ കൂടുതല്‍ ആയിരിക്കും. കനത്ത നഷ്ടം ഉണ്ടായാലും ഒരു തീരുമാനം പാളിപ്പോയാലും അത് തിരുത്താനും നഷ്ടം തിരിച്ചുപിടിക്കാനും ഇവര്‍ക്കു മുമ്പില്‍ വേണ്ടത്ര സമയമുണ്ട്. അതുകൊണ്ട് സമ്പാദ്യത്തിന്റെ നല്ലൊരുപങ്കും ഇക്കൂട്ടര്‍ക്ക് ഓഹരി പോലുള്ള ഉയര്‍ന്ന നേട്ടം തരുന്ന വയില്‍ നിക്ഷേപിക്കാവുന്നതാണ്. സമ്പാദ്യത്തിന്റെ എത്ര ശതമാനം ഇങ്ങനെ ഓഹരിയില്‍ നിക്ഷേപിക്കണം? ഇതു സംബന്ധിച്ച് പൊതുവെ അംഗീകരിക്കപ്പെട്ട ഒരു ഫോര്‍മുലയുണ്ട്. 100ല്‍ നിന്ന് പ്രായം കുറച്ചാല്‍ കിട്ടുന്നത്രയും ശതമാനം സമ്പാദ്യം ഓഹരിയില്‍ നിക്ഷേപിക്കുക. അതായത് 25 വയസാണ് പ്രായമെങ്കില്‍ 100ല്‍ നിന്ന് 25 കുറയ്ക്കുമ്പോള്‍ കിട്ടുന്ന 75ശതമാനം സമ്പാദ്യവും ഓഹരിയില്‍ നിക്ഷേപിക്കാം.
4. ഈ പ്രായത്തില്‍ ആണ് ബൈക്ക്, കാറ് മുതലായവ വാങ്ങാനും മറ്റും ആഗ്രഹങ്ങള്‍ ഉണ്ടാകുക. അവ വാങ്ങാനുള്ള ഡൗണ്‍ പേയ്മെന്റ് ഉണ്ടാക്കാനാവും ചെറുപ്രായത്തില്‍ ശ്രമിക്കുക. ബാക്കി തുക വായ്പയെടുക്കും. വായ്പയെടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത്രയും തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് നേടുന്നത് നല്ലതാണ്. കാരണം നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വായ്പയുടെ ബാധ്യതകൂടി കുടുംബത്തിന്റെ ചുമലിലാകരുത്.
5. ശോഭനമായ ഒരു ഭാവി സ്വപ്നം കാണുന്ന പ്രായമാണ് ചെറുപ്പകാലം. ഭാവി ശോഭനമാക്കാന്‍ സമ്പത്ത് അത്യാവശ്യമാണ്. അതുകൊണ്ട് ചെറുപ്പത്തിലേ നിക്ഷേപശീലവും വളര്‍ത്തിയെടുക്കുക. ഈ പ്രായത്തില്‍ ആദ്യം അധികം തുകയൊന്നും മിച്ചം പിടിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ലഘു സമ്പാദ്യങ്ങളെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ നിക്ഷേപമായിമാറ്റിയെടുക്കാം.
6. നിക്ഷേപ മാര്‍ഗങ്ങളെ ബുദ്ധിപൂര്‍വ്വം സമീപിച്ച് പരമാവധി നേട്ടമുണ്ടാക്കേണ്ട പ്രായക്കാരാണ് 45 കഴിഞ്ഞവര്‍. വിവാഹം, കുട്ടികളുടെ ജനനം, അവരുടെ വിദ്യാഭ്യാസവും വിവാഹവും, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം തുടങ്ങി ജീവിതത്തിലെ ബാധ്യതകള്‍ ഒന്നിനുപിറകെ ഒന്നായി ചുമലിന് ഭാരമേറ്റുന്ന കാലമാണ് അത്. എത്ര പണംകിട്ടിയാലും ഒന്നിനും തികയാത്ത അവസ്ഥ. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന പ്രായമാണ് ഇക്കാലം. പക്ഷേ ചെലവും അതിനനുസരിച്ചുണ്ടാകും. ബോധപൂര്‍വ്വം ശ്രമിച്ചില്ല എങ്കില്‍ സമ്പാദിക്കാനോ നിക്ഷേപിക്കാനോ കൈയില്‍ ഒന്നും ഉണ്ടാകില്ല.
സമ്പാദ്യത്തിന്റെ 50 മുതല്‍ 70 ശതമാനം വരെയേ ഈ കാലഘട്ടത്തില്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കാവൂ; അതാണ് നല്ലത്. നഷ്ട സാധ്യത കൂടിയ നിക്ഷേപ മാര്‍ഗങ്ങളില്‍ അധികം ഇറങ്ങാതിരിക്കുക; എന്നാല്‍ തീരെ ഒഴിവാക്കുകയുമരുത്. ആദായം കുറവെങ്കിലും സുരക്ഷിതമായ നിക്ഷേപമാര്‍ഗങ്ങളും പരീക്ഷിക്കണം.ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരവും നിങ്ങളുടെ തോളിലായിരിക്കും. അതുകൊണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുത്തിരിക്കണം. ലൈഫ് ഇന്‍ഷുറന്‍സ് തുടരുകയും വേണം.സാമ്പത്തിക ആസൂത്രണം വളരെ അനിവാര്യമായ ഒരു സമയമാണിത്. നിങ്ങള്‍ റിട്ടയര്‍മെന്റ് കൂടി മുന്‍കൂട്ടിക്കണ്ട് ഒരുങ്ങണം.
7. 55ന് മേല്‍ പ്രായമുള്ളവര്‍ സ്ഥിരവരുമാനം തരുന്ന ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. നഷ്ട സാധ്യതയുള്ള നിക്ഷേപങ്ങളെ പരമാവധി ഒഴിവാക്കുക. ഈ സമയം നിങ്ങള്‍ക്കും നിങ്ങളുടെ ജീവിത പങ്കാളിക്കും പരമാവധി ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കണം.