ജീവിതത്തില്‍ എന്നെന്നും സന്തോഷം നിലനില്ക്കാന് ഇന്‍ഷുറന്‍സിനെ പ്രയോജനപ്പെടുത്താം
Mail This Article
ഇന്‍ഷുറന്‍സിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടാകും നിങ്ങള്‍. കേട്ടതില്‍ പലതും നിങ്ങളെ ഇന്‍ഷുറന്‍സിനെ ഇഷ്ടപ്പെടാനല്ല വെറുക്കാനായിരിക്കും പ്രേരിപ്പിച്ചിട്ടുണ്ടാകുക. കാരണം ജീവിതത്തിലെ അശുഭകരമായ കാര്യങ്ങള്‍ക്കാണ് അത് സംരക്ഷണം നല്‍കുന്നത്. മരണം, അപകടം, രോഗം തുടങ്ങിയ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് അത് നമ്മളെ ഓര്‍മ്മപ്പെടുത്തുമല്ലോ. പക്ഷേ നിങ്ങള്‍ കുടംബത്തെ ഇഷ്ടപ്പെടുന്ന ആളാണ് എങ്കില്‍ ഇവയെക്കുറിച്ച് ഇടയ്ക്കിടയക്ക് ചിന്തിക്കുകയും കരുതല്‍ എടുക്കുകയും വേണം. കാരണം നിങ്ങളല്ലാതെ മറ്റാരാണ് നിങ്ങളുടെ കുടുംബത്തിനുവേണ്ടി ഇതെല്ലാം ചെയ്യുക.
ജീവനും സ്വത്തിനും സംരക്ഷണം
സന്തുഷ്ടകരമായ ജീവിതത്തിന് കുടുംബം ഉണ്ടാകണം. സന്തുഷ്ടകരമായ ഒരു കുടുംബം ഉണ്ടാക്കണമെങ്കില്‍ വ്യക്തമായ ജീവിത ലക്ഷ്യങ്ങള്‍ ഉണ്ടാകണം. അത് കൈവരിക്കാന്‍ വ്യക്തമായ പ്ലാന്‍ വേണം. ഓരോ ജീവിത ലക്ഷ്യങ്ങളും കൈവരിക്കാനുള്ള പണം സ്വരൂപിക്കാന്‍ സമ്പാദ്യവും നിക്ഷേപവും ഉണ്ടാകണം. നിങ്ങളില്ലാതായാലും ഈ ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമായ സാമ്പത്തിക സുരക്ഷിതത്വം കുടുംബത്തിനു നല്‍കാന്‍ നിങ്ങള്‍ ഇന്‍ഷുറന്‍സ് സംരക്ഷണവും നേടണം. ഭാവിയില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാനുള്ള ഉപാധിയാണ് ഇന്‍ഷുറന്‍സ്. നിങ്ങളുടെ ജീവന് മത്രമല്ല, സ്വത്തിനും ഉണ്ടായേക്കാവുന്ന നഷ്ടം ഇന്‍ഷുറന്‍സ് പോളിസികള്‍ നികത്തിത്തരും. ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം മാത്രം നല്‍കുന്ന പോളിസികളും ഇന്‍ഷുറന്‍സിനൊപ്പം നിങ്ങള്‍ അടയ്ക്കുന്ന പ്രീമിയത്തിന് ലാഭം നല്‍കുന്ന പോളിസികളും ലഭ്യമാണ്. ഓരോരുത്തരുടെയും ജീവിത ലക്ഷ്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തിലുള്ള പോളിസികളിലൂടെ ഉചിതമായ ഇന്‍ഷുറന്‍സ് സംരക്ഷണം എല്ലാവരും നേടണം. ഇന്‍ഷുറന്‍സ് പോളിസികളെല്ലാം ദീര്‍ഘകാല നിക്ഷേപ ഉപാധികളാണ്.
നമ്മുടെയെല്ലാം ദൈനംദിന ജീവിതം നിരവധി അപകടങ്ങള്‍ നിറഞ്ഞതാണ്. ജോലിക്കിടയില്‍ സ്‌ട്രോക്ക് വന്ന് മരിക്കുന്നു. അല്ലെങ്കില്‍ എഴുന്നേല്‍ക്കാന്‍ പറ്റാത്തവിധം ശയ്യാവലംബിയാകുന്നു. അപകടത്തില്‍ അംഗവൈകല്യം വരുന്നു. വാഹനങ്ങള്‍ മോഷ്ടിക്കപ്പെടുന്നു. പ്രകൃതിക്ഷോഭത്തില്‍ കൃഷി നാശം സംഭവിക്കുന്നു. വീട് തകര്‍ന്നുപോകുന്നു. സ്വര്‍ണാഭരണങ്ങളും മെബൈല്‍ഫോണും മോഷ്ടിക്കപ്പെടുന്നു. വന്‍തുകമുടക്കി സംഘടിപ്പിച്ച വിവാഹ സല്‍ക്കാര വേദി കാറ്റില്‍ തകരുന്നു. ഇങ്ങനെ ജീവിതത്തില്‍ എന്തും സംഭവിക്കാം. ജീവിതം എന്നത് അനിശ്ചിതത്വവും ആകസ്മികതയും നിറഞ്ഞതാണ്. ഇവയൊന്നും നമുക്ക് ഒഴിവാക്കാനാകില്ല. എന്നാല്‍ ഇവമൂലം ഉള്ള സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. അതിനാണ് ഇന്‍ഷുറന്‍സ്. ഏറ്റവും ഉചിതമായ രീതിയില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നേടിയെടുക്കാന്‍ വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികളും അവയുടെ ഉദ്ദേശ ലക്ഷ്യങ്ങളും മാനസിലാക്കണം.
വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍
ഓരോ വ്യക്തിക്കും അവന്റെ ആവശ്യത്തിനുപകരിക്കുന്ന വിധത്തിലുള്ള നിരവധി ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. അവ ഇനി പറയുന്നു.
1.ടേം ഇന്‍ഷുറന്‍സ്
ഇത്തരം പോളിസികളില്‍ ഒരു കവറേജ് തുക അഥവ സം അഷ്വേര്‍ഡ് തുക ഉണ്ടായിരിക്കും. പോളസി കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍ മാത്രമേ ഈ കവറേജ് തുക അനന്തര അവകാശിക്ക് ലഭിക്കൂ. മരണം സംഭവിക്കുന്നില്ലെങ്കില്‍ പോളിസി കാലാവധിയില്‍ തുകയൊന്നും തിരിച്ച് ലഭിക്കില്ല.
2. എന്‍ഡോവ്‌മെന്റ് ഇന്‍ഷുറന്‍സ്
ഇത്തരം പോളിസികളില്‍ കവറേജ് തുക പോളിസി കാലാവധി എത്തുമ്പോഴോ പോളിസി ഉടമ മരിക്കുമ്പോഴോ- ഇതിലേതാണ് ആദ്യം, അപ്പോള്‍ ലഭിക്കുന്നു. കവറേജ് തുകയ്ക്ക് ഒപ്പം ബോണസുകൂടി നല്‍കുന്ന പോളിസികളും ഈ വിഭാഗത്തില്‍ ഉണ്ട്
3. മണിബാക്ക് പോളിസികള്‍
കവറേജ് തുക അഥവ സംഅഷ്വേര്‍ഡ് തുകയുടെ ഒരു പങ്ക് നിശ്ചിത കാലയളവുകളിലായി ഇടയ്ക്കിടയ്ക്ക് തന്നുകൊണ്ടിരിക്കുന്ന എന്‍ഡോവ്‌മെന്റ് പോളിസികളാണ് മണിബാക്ക് പോളിസികള്‍. ഇത്തരത്തില്‍ കവറേജ് തുക ഇടയ്ക്കിടയ്ക്ക് തന്നതിനുശേഷം അവശേഷിക്കുന്ന കവറേജ് തുക പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നല്‍കും.
3.ഹോള്‍ ലൈഫ് ഇന്‍ഷുറന്‍സ്
പോളിസി ഉടമയുടെ മരണം എപ്പോഴാണോ സംഭവിക്കുന്നത് അപ്പോള്‍ മാത്രം കവറേജ് തുക ലഭിക്കുന്ന പോളിസികളാണ് ഇത്. ടേം ഇന്‍ഷുറന്‍സില്‍ നിശ്ചിത വയസുവരെ മാത്രമേ പോളിസി കവറേജ് ലഭിക്കൂ. എന്നാല്‍ ഹോള്‍ ലൈഫ് പോളിസികളില്‍ പ്രായ നിബന്ധനയില്ല. മരിക്കുന്നതുവരെ അഥവാ ജീവിതകാലം മുഴുവന്‍ കവറേജ് ലഭിക്കും. പോളിസിയിന്മേലുള്ള പ്രീമിയം തുക ജീവിതകാലം മുഴുവനായി അടച്ചുകൊണ്ടിരിക്കുികയോ നിശ്ചിത കാലയളവ് വരെ അടയ്ക്കാനോ ഉള്ള ഉപാധികള്‍ ഉണ്ട്.
4.യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യുലിപ്)
പോളിസിയിന്മേല്‍ അടയ്ക്കുന്ന പ്രീമിയത്തിന് ലാഭവും കവറേജ് തുകയും നല്‍കുന്ന പോളിസികളാണ് യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. ഇത്തരത്തില്‍ ലാഭം കിട്ടാനായി പ്രീമിയം തുകയില്‍ നിന്ന് ഒരുഭാഗം ഓഹരി വപണിയില്‍ നിക്ഷേപിക്കുന്നു. ഓഹരി വിപണിയുടെ ഗതിവിഗതിക്കള്‍ക്ക് അനുസരിച്ചുള്ള ലാഭം പോളിസി ഉടമയ്ക്ക് നല്‍കുന്നു. ഓഹരി നിക്ഷേപത്തില്‍ നിന്ന് നഷ്ടമാണ് ഉണ്ടാകുന്നതെങ്കില്‍ അതും പോളിസി ഉടമ വഹിക്കണം. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യത ഉണ്ടായിരിക്കില്ല.
5. ചില്‍ഡ്രന്‍സ് പോളിസികള്‍
കുട്ടികളുടെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി ആവിഷ്‌കരിച്ചിരിക്കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതികളാണ് ഇത്.
(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍)