അഞ്ചു ലക്ഷം രൂപ കവറേജ്; എല്ലാം ഉള്‍പ്പെടുമെങ്കില്‍ ആരോഗ്യ സഞ്ജീവനി എങ്ങനെ വേണ്ടെന്ന് വയ്ക്കും?
Mail This Article
തെങ്ങോളം തടിയുണ്ടായിട്ട് കാര്യമില്ലല്ലോ. ഈര്‍ക്കിലിയോളം കാതല് വേണ്ടേ? നിലവിലുളള ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെ ബാഹുല്യം കാണുമ്പോള്‍ പഴയ ഈ ചൊല്ല് ഓര്‍ത്താല്‍ കുറ്റപ്പെടുത്താനാവില്ല. കാരണം നൂറുകണക്കിന് പോളിസികളുണ്ടെങ്കിലും മനുഷ്യന് ആവശ്യമുള്ളത് കണ്ടെത്താന്‍ പെടാപാട് പെടണം. ഇനി പോളിസി തുകയും, പ്രീമിയവും ഒത്തിണങ്ങി വരുമ്പോള്‍ മനുഷ്യന് വരുന്ന പല അസുഖങ്ങളും അതിന്റെ പരിധിയ്ക്ക് പുറത്തായിരിക്കും. ഇനി ഇത്തരം അസുഖങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ മറ്റൊരു കുടുക്കാണ് കിടത്തി ചികിത്സിച്ചാലേ ക്ലെയിം കിട്ടു എന്നുള്ളത്. കിടത്തി ചികിത്സയാണെങ്കില്‍ മൂന്ന് ദിവസം അഡ്മിറ്റായിരിക്കണം. ഇതെല്ലാ സമ്മതിച്ച് പോളിസി എടുത്താല്‍ പിന്നെയും പുലിവാലാണ്. രോഗിയുടെ എല്ലാ ടെസ്റ്റുകളും പരിധിയില്‍ വരില്ല. ഇനി വന്നാല്‍ തന്നെ പൂര്‍വ്വകാല രോഗവുമായി എന്തോ തരം ബന്ധമുണ്ടാവാമെന്ന് പറഞ്ഞ് അത് തട്ടും. ഇതെല്ലാം കഴിഞ്ഞ് ക്ലെയിം കിട്ടുമ്പോഴോ രോഗിക്കുണ്ടായ ചെലവുകള്‍ പലതും വെട്ടിക്കുറച്ചിരിക്കും. ചില പോളിസികളില്‍ ബൈസ്റ്റാന്‍ഡര്‍, ചില മരുന്നുകള്‍, ചില കണ്‍സള്‍ട്ടേഷന്‍ ഫീസ്, മുറിവാടക ഇതെല്ലാം തോന്നിയ പോലെ ഒഴിവാക്കി കമ്പനികള്‍ ഒരു തുകയുടെ ചെക്ക് അങ്ങ് കൊടുക്കും.
രോഗി കുത്തുപാളയെടുക്കും
മുടങ്ങാതെ പ്രീമിയം അടച്ച് ആഘോഷമായി ആശുപത്രിയിലുണ്ടുറങ്ങിയ രോഗിയും കുടുംബവും കുത്തുപാളയെടുക്കും. ഇതാണ് പൊതുവെ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ നടന്നു വരുന്ന കലാപരിപാടി. പണം കായ്ക്കുന്ന മരമെന്ന് കണ്ട് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഓടിക്കൂടിയതോടെയാണ് കരിമ്പിന്‍ കാട്ടില്‍ ആന കയറിയത് പോലെ ഈ മേഖല മാറിയത്. ഇതിന് ഒരു പരിഹാരം കാണുകയാണ് ആരോഗ്യ സഞ്ജീവനി പോളിസിയിലൂടെ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി( ഐ ആര്‍ ഡി എ ഐ).
എന്താണ് ആരോഗ്യ സഞ്ജീവനി
സകലര്‍ക്കും പ്രയോജനപ്പെടുന്ന ലക്ഷണമൊത്ത ഒന്നാന്തരം ഒരു പോളിസി. ഇവിടെ ആശയക്കുഴപ്പമുണ്ടാകില്ല. ഇതില്‍ അത്യാവശ്യം മനുഷ്യന് വരുന്ന എല്ലാ രോഗങ്ങളും കവര്‍ ചെയ്തിരിക്കണം. അസുഖം വന്നാല്‍ കുടുംബം കുത്തുപാളയെടുക്കാത്ത വിധം ഉയര്‍ന്ന പരിരക്ഷ വേണം. ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയുടെ എങ്കിലും. അതില്ല, ഇത് പരിധിയിലില്ല എന്നൊന്നും പറയാനാവത്ത വിധം രോഗവുമായി ബന്ധപ്പെട്ടു വരുന്ന ഏതാണ്ട് എല്ലാ ചെലവുകളും കവര്‍ ചെയ്യണം. ഇനി ഏത് കൊലകൊമ്പന്‍ കമ്പനിയാണെങ്കിലും ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രീമിയം അടയ്ക്കുകയും മുട്ടുന്യായങ്ങള്‍ നിരത്തി ക്ലെയിം നിഷേധിക്കുകയും ചെയ്യാന്‍ പാടില്ല. അതായത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മുഴുവന്‍ പരിഗണിക്കുന്ന, വര്‍ധിച്ച് വരുന്ന ചികിത്സാ ചെലവ് നേരിടാന്‍ പര്യാപ്തമായ ഒരു സാധാരണ പോളിസി. താങ്ങാവുന്ന പ്രീമിയത്തിലുള്ളതുമായിരിക്കണം.
അടിസ്ഥാന പോളിസി
ആരോഗ്യമേഖലയിലെ അടിസ്ഥാന പോളിസി എന്ന നിലയില്‍ ഇത്തരത്തിലൊന്ന് എല്ലാ കമ്പനികള്‍ക്കുമുണ്ടായിരിക്കണം. എല്ലാ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഈ അടിസ്ഥാന പോളിസിയുടെ കീഴില്‍ വരുന്ന അസുഖങ്ങളും ചിലവും എല്ലാം ഒന്നായിരിക്കും. ആശുപത്രി വാസത്തിന് മുമ്പും പിമ്പും പോളിസികളുടെ പേര് ആരോഗ്യ സഞ്ജീവനി എന്നായിരിക്കണം. ഐഡന്റിറ്റി വ്യക്തമാക്കാന്‍ കമ്പനികളുടെ പേര് ഇതിനോടൊപ്പം ഉപയോഗിക്കാം.ഉപഭോക്താവിന് ആശയകുഴപ്പമുണ്ടാകുമെന്നതിനാല്‍ മറ്റ് പേരുകള്‍ പാടില്ല. സം ഇന്‍ഷ്വേര്‍ഡ് അഞ്ച് ലക്ഷം രൂപയായിരിക്കണം. ആശുപത്രി വാസത്തിന് 30 ദിവസം മുമ്പുള്ള ചികിത്സാ ചെലവുകള്‍ പരിധിയില്‍ പെടുത്തണം. അതുപോലെ ആശുപത്രി വിട്ടതിന് ശേഷം 60 ദിവസം വരെയുള്ള ചെലവുകളും പോളിസിയുടെ ഭാഗമായിരിക്കും. ആയുഷ് പദ്ധതി പ്രകാരമുളള ചികിത്സ ഇതിന്റെ ഭാഗമായിരിക്കും. ദന്ത ചികിത്സ, പ്ലാസ്റ്റിക് സര്‍ജ്ജറി ഇവയും തിമിര ശസ്ത്രക്രിയ പോലുള്ള കിടത്തി ചികിത്സ വേണ്ടത്തവയും കവറേജില്‍ വരും. ആംബുലന്‍സ് വാടകയും ചെലവിലുള്‍പ്പെടും.
നോ ക്ലെയിം ബോണസ്
വാഹന പോളിസികളിലും മറ്റുമുള്ള നോ ക്ലെയിം ബോണസ് മറ്റൊരു വിധത്തില്‍ ഉപഭോക്താവിന് ഇവിടെ ബാധകമായിരിക്കും. ക്ലെയിം ഇല്ലാത്ത വര്‍ഷങ്ങളിലെ പോളിസി ഉടമകളുടെ ആദായം അഞ്ച് ശതമാനം വീതം സം ഇന്‍ഷ്വേര്‍ഡ് തുകയിലേക്ക് കൂട്ടി ചേര്‍ക്കും. ഇങ്ങനെ പരമാവധി 50 ശതമാനം വരെ തുക കൂട്ടാം. അതായത് പ്രീമിയത്തില്‍ വ്യത്യാസമില്ലാതെ 7.5 ലക്ഷത്തിലേക്ക് കവറേജ് തുക മാറും. കുടുംബാംഗങ്ങള്‍ മുഴുവന്‍ പോളിസിയുടെ പരിധിയിലായിരിക്കും. പോളിസിയുടെ പ്രായപരിധി 18-65 ആയിരിക്കും. പ്രീമിയം ഒറ്റ നിരക്കിലായിരിക്കണം. പോര്‍ട്ടബിലിറ്റി-ഒരു കമ്പനിയുടേതില്‍ നിന്ന് മറ്റൊന്നില്ക്ക് മാറുന്നത്-ഉണ്ടായിരിക്കുകയും വേണം. മറ്റ് ആഡ് ഓണുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. എല്ലാ കമ്പനികള്‍ക്കും ഇന്‍ഷൂറന്‍സ് നിയന്ത്രണ അതോറിറ്റി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. എന്നാല്‍ ഇത്തരം പോളിസികള്‍ വന്നാല്‍ മറ്റുള്ളവയുടെ കച്ചവടം കുറയുമെന്ന ആശങ്ക കമ്പനികള്‍ക്കുണ്ടാകാം.