മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലേ? ഇതാ സുവര്‍ണാവസരം
Mail This Article
ഇനിയും മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ഇല്ലാത്തവര്‍ക്ക് ഒരെണ്ണം വാങ്ങാനും ചികിത്സാ ചെലവുകള്‍ ക്ലെയിം ചെയ്‌തെടുക്കാനും ഇതുവരെ ഉണ്ടായിട്ടില്ലാത്ത അവസരമാണ് ഏപ്രില്‍ ഒന്നോടെ വന്ന് ചേരുന്നത്. വ്യത്യസ്ത കമ്പനികള്‍ നികുതി ലാഭിക്കാമെന്നൊക്കെ പറഞ്ഞ് പല തരത്തിലുള്ള മെഡിക്കല്‍ പോളിസികള്‍ ഉത്സാഹത്തോടെ വിറ്റഴിക്കാറുണ്ടെങ്കിലും ക്ലെയിം വരുമ്പോള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയോ തുക കുറയ്ക്കുകയോ പതിവായിട്ടുണ്ട്. മെഡിക്കല്‍ പോളിസികളില്‍ പൊതുജനങ്ങള്‍ക്ക് പൊതുവെ ഉണ്ടായിട്ടുള്ള അസംതൃപ്തി പരിഹരിക്കുന്നതിന് ചില മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും നിര്‍ബന്ധമായി നടപ്പിലാക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയായ ആരോഗ്യ സഞ്ജീവനി ഏപ്രില്‍ ഒന്നിന് നിലവില്‍ വരും.
ആവിഷ്‌ക്കാരം ഒരേ പോലെ
ഓരോ കമ്പനികള്‍ വ്യത്യസ്ത നിബന്ധനകളും സാമ്യമില്ലാത്ത വാചകങ്ങളും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നത്. പോളിസി എടുക്കുന്നവരെ കുഴയ്ക്കുന്ന, നല്ലതേതെന്ന് താരതമ്യം ചെയ്‌തെടുക്കാന്‍ സാധിക്കാത്ത പോളിസികള്‍ക്ക് ബദലായിരിക്കും ആരോഗ്യ സഞ്ജീവനി. ഐ.ആര്‍.ഡി.എ.ഐ പുറപ്പെടുവിച്ചിട്ടുള്ള മാതൃക പോളിസി ആയിരിക്കും എല്ലാ കമ്പനികളും നല്‍കുക. ഒരുലക്ഷം രൂപ മുതല്‍ അഞ്ച്‌ലക്ഷം രൂപയുടെ പരിരക്ഷ ഉള്ള ഒരു വര്‍ഷ കാലാവധിയുള്ള മെഡിക്കല്‍ പോളിസികളാണിവ. പ്രിമീയം തുക മാസംതോറുമോ മൂന്ന് മാസം കൂടുമ്പോഴോ അര്‍ദ്ധ വാര്‍ഷികമായോ വാര്‍ഷികമായോ അടയ്ക്കാം. 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള ആര്‍ക്കും പോളിസി എടുക്കാവുന്നതും പ്രായ പരിധിയില്ലാതെ ജീവിതാവസാനം വരെ പുതുക്കാവുന്നതുമാണ്.ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും കൂടി ഫാമിലി ഫ്‌ളോട്ടര്‍ എന്ന രീതിയില്‍ പോളിസി എടുക്കുമ്പോള്‍ കുട്ടികളുടെ കുറഞ്ഞ പ്രായം മൂന്ന് മാസമാണ്.
കൂടുതല്‍ കവറേജ്
പോളിസിയില്‍ പരിരക്ഷ ലഭിക്കാത്ത ഒഴിവാക്കപ്പെട്ട അസുഖങ്ങളുടെ പട്ടിക എല്ലാ കമ്പനികള്‍ക്കും ഒരേ പോലെ ആകും. ആയുഷ് ചികിത്സാ രീതികള്‍ക്കും ആനുകൂല്യം ലഭിക്കും. ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടാത്ത ഡേ കെയര്‍ ചികിത്സ ചെലവുകള്‍ അര്‍ഹതപ്പെട്ടവയാക്കിയിട്ടുണ്ട്. മാനസികാരോഗ്യ ചികിത്സ, ദന്ത ചികിത്സ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല പോളിസികളിലും ഒഴിവാക്കിയിട്ടുള്ള നൂതന ചികിത്സാ രീതികള്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസിയുടെ പരിധിയില്‍ കൊണ്ടു വന്നിട്ടുണ്ട്.
നിലവിലുള്ള അസുഖങ്ങള്‍
പോളിസി എടുക്കുന്നതിന് 48 മാസം മുമ്പ് വരെ രോഗ നിര്‍ണയം നടത്തി സ്ഥിരീകരിക്കുകയും ചികിത്സ നിര്‍ദ്ദേശിക്കപ്പെട്ടതുമായ അസുഖങ്ങളെയാണ് നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ എന്ന പേരില്‍ ഒഴിവാക്കുന്നത്. തുടര്‍ച്ചയായി എട്ട് വര്‍ഷം വരെ പുതുക്കിയ പോളിസികളില്‍ പുറകോട്ട് അന്വേഷണം നടത്തി നേരത്തെ ഉണ്ടായിരുന്ന അസുഖമാണോ എന്നൊക്കെ അന്വേഷിക്കേണ്ടതില്ല എന്ന് സ്റ്റാന്‍ഡേര്‍ഡ് പോളിസി വ്യക്തമാക്കുന്നു. മൊറട്ടോറിയം എന്നറിയപ്പെടുന്ന ഈ കാലയളവിനുശേഷം സാധാരണ ഗതിയില്‍ ക്ലെയിം നിരസിക്കാന്‍ കമ്പനികള്‍ക്ക് അധികാരമില്ല.
കാത്തിരിക്കല്‍ കാലാവധി
പുതുതായി പോളിസി എടുക്കുമ്പോള്‍ നേരത്തെ ഉണ്ടായിരുന്ന അസുഖങ്ങള്‍ ആദ്യമേ തന്നെ കമ്പനികളെ അറിയിക്കേണ്ടതാണ്. ഇ.എന്‍.ടി രോഗങ്ങള്‍ ടോണ്‍സിലൈറ്റിസ്, ഹിസ്ട്രറ്റമി, ഗ്യാസ്ട്രിക് അള്‍സര്‍, ഹൈഡ്രോ സീല്‍, ഹെര്‍ണിയ, പൈല്‍സ് തുടങ്ങി പട്ടിക പെടുത്തിയിട്ടുള്ള ഒരു പറ്റം അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭിക്കണമെങ്കില്‍ പോളിസി എടുത്ത് 24 മാസം കാത്തിരിക്കണം. സാധാരണ ഗതിയില്‍ മുട്ട് മാറ്റി വയ്ക്കല്‍, ഓസ്റ്റിയോ പോറോസിസ് തുടങ്ങിയ അസുഖങ്ങള്‍ക്ക് 48 മാസമാണ് കാത്തിരിക്കേണ്ടത്. അപകടം മൂലം വേണ്ടി വരുന്ന ചികിത്സകള്‍ക്ക് കാത്തിരിക്കല്‍ കാലാവധി ബാധകമാകില്ല.