ബാങ്ക് ലയനം:നിങ്ങളുടെ മെഡീക്ലെയിം പോളിസി പ്രീമിയം 300 ശതമാനം വരെ വര്‍ധിച്ചേക്കും
Mail This Article
പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടെ ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് അവരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ വന്‍ വര്‍ധനയുണ്ടായേക്കും. ലയനം പൂര്‍ത്തിയായാല്‍ നിലവില്‍ വെയിറ്റിംഗ് പീരിയഡ് അടക്കം പല ആനുകൂല്യത്തില്‍ തുടരുന്ന വര്‍ഷങ്ങളായുള്ള കൂടുംബ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ അവസാനിപ്പിക്കേണ്ടി വരും. പകരം പുതിയ സ്ഥാപനത്തിന്റെ പുതിയ പോളിസികളാണ് ലയന ബാങ്കുകളിലെ ഇടപാടുകാര്‍ എടുക്കേണ്ടി വരിക. മുമ്പത്തേ ആനുകൂല്യങ്ങളുള്ള പോളിസി എടുക്കാന്‍ ഇവിടെ പതിനായിരങ്ങൾ കൂടുതൽ നല്‍കേണ്ടി വരും. മുതിര്‍ന്നപൗരന്‍മാരുടെ പ്രീമിയത്തിലാണ് വന്‍ വര്‍ധനയുണ്ടാകുക.
രാജ്യത്തെ ഏതാണ്ടെല്ലാ പൊതുമേഖലാ ബാങ്കുകളും സേവിംഗ്സ് ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ കുടുംബങ്ങളുടെ പരിരക്ഷയുള്‍പ്പെടുന്ന ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ നല്‍കി വരുന്നു. ഇത്തരം ബാങ്കഷ്വറന്‍സ് പ്രോഗ്രാമുകളിലൂടെ ഇന്‍ഷൂറന്‍സ് പോളിസികള്‍ ഇടപാട്്കാരെ കൊണ്ട് എടുപ്പിക്കുന്നത് ബാങ്കുകള്‍ക്ക് മറ്റൊരുവരുമാനം കൂടിയാണ്.
ലയിക്കുന്ന ബാങ്കിന്റെ ഇടപാടുകാര്‍ വലയും
വലിയ ബാങ്കുകളിലേക്ക് ലയിക്കുന്ന ചെറുകിട ബാങ്കുകളുടെ ഇടപാടുകാരെയാണ് പ്രതിസന്ധി ബാധിക്കുക. ഉദാഹരണത്തിന് വിജയാ ബാങ്ക് ബാങ്ക് ഓഫ് ബറോഡയിലാണ് ലയിക്കുന്നത്. നിലവില്‍ വിജയാബാങ്കിന്റെ 'ബാങ്കഷ്വറന്‍സ'് പാര്‍ട്ടണര്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സാണ്. എന്നാല്‍ ബാങ്ക് ഓഫ് ബറോഡയുടേത് മാക്‌സ് ബൂപയാണ്. അതുകൊണ്ട് ലയിക്കുന്നതോടെ നിലവിലുള്ള എല്ലാ വിജയ ബാങ്ക് കസ്റ്റമേഴസും പുതുതായി മാക്‌സ് ബൂപയില്‍ ചേരേണ്ടി വരും.
ഇന്‍ഷൂറന്‍സ് റെഗുലറ്ററി ഏജന്‍സിയുടെ നിയമമനുസരിച്ച് ഒരു ബാങ്കിന് ഒരു ഇന്‍ഷൂറന്‍സ് പാര്‍്ട്ട്ണറെ പാടുള്ളു. അത് ആരോഗ്യമാണെങ്കിലും ലൈഫ്,വാഹന ഇന്‍ഷൂറന്‍സാണെങ്കിലും. ആ നിലയ്ക്ക് മാക്‌സ് ബൂപയുടെ ആരോഗ്യഇന്‍ഷുറന്‍സ്് എടുക്കുകയെ കസ്റ്റമര്‍ക്ക് നിവൃത്തിയുണ്ടാവു.
പോര്‍ട്ടബിലിറ്റി അനുവദിക്കാത്തത് വിനയായി
നിലവില്‍ ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പോളിസികള്‍ക്ക് പോര്‍ട്ടബിലിറ്റി ഐ ആര്‍ ഡി എ നല്‍കാത്തതാണ് ഇവിടെ വിനയാകുന്നത്. അങ്ങനെയായാല്‍ നിലവിലുള്ള ആനൂകുല്യത്തോടെ ലയിക്കുന്ന വലിയ ബാങ്കിന്റെ ബാങ്കഷ്വറന്‍സ് പാര്‍ട്ട്ണറിലേക്ക് പോര്‍ട്ട് ചെയ്യാമായിരുന്നു. ഈ സംവിധാനം അനുവദിക്കാത്തതിനാല്‍ പതിറ്റാണ്ടുകളായി പുതുക്കി വരുന്ന നിലവിലുള്ള താരതമ്യേന കുറഞ്ഞ പ്രീമിയമുള്ള പോളിസികളെല്ലാം അവസാനിപ്പിച്ച് പുതിയ ബാങ്കിന്റെ പുതിയ പോളിസകള്‍ എടുക്കേണ്ടി വരും.
പ്രീമിയം വര്‍ധന 300 ശതമാനം വരെ
ഇതോടെ പരിരക്ഷാ റിസ്‌ക് കൂടുതലുള്ള മുതിര്‍ന്ന പൗരന്‍മാരായ അക്കൗണ്ടുടമകളുടെ വാര്‍ഷികപ്രീമിയത്തില്‍ 300 ശതമാനം വരെ വര്‍ധന വന്നേക്കുമെന്നാണ് വിലയിരുത്തല്‍. പോളിസി അവസാനിക്കുന്നതോടെ രോഗങ്ങളുടെ വെയിറ്റിംഗ് പീരിയഡ് അടക്കമുള്ള ആനുകുല്യങ്ങളും നഷ്ടമായേക്കും. 10,000- 12,000 രൂപ വാര്‍ഷിക പ്രീമയം അടച്ച് കുടുംബത്തിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കിക്കൊണ്ടിരുന്നവര്‍ ലയനം നിലവില്‍ വന്നാല്‍ (പല ബാങ്കുകളും ജനവരി മുതല്‍ ഇത് പ്രാബല്യത്തിലാക്കുന്നുണ്ട്) അതേ ആനൂകുല്യം ലഭിക്കണമെങ്കില്‍ നല്‍കേണ്ട തുക 20,000 മുതല്‍ 75,000 രൂപ വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് ഒഴിവാക്കണമെങ്കില്‍ പോര്‍ട്ടബിലിറ്റി അനുവദിക്കുക മാത്രമാണ് പോംവഴി. എന്നാല്‍ നിലവിലുള്ള ചട്ടങ്ങള്‍ ഇന്‍ഷൂറന്‍സ് നിയന്ത്രണ അതോറിറ്റിയെ ഇതിന് അനുവദിക്കുന്നില്ല. ആറ് ബാങ്കുകളുടെ ലയനത്തോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പതിനായിരക്കണക്കിന് രൂപ നഷ്ടമാകുമെന്നുള്ളതുകൊണ്ട് ചട്ടം മാറ്റുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാര്‍.