ബാങ്ക് ലയനം: ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ ആശങ്കപെടേണ്ടതില്ല
Mail This Article
പൊതുമേഖലാ ബാങ്കുകളുടെ ലയനം ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുത്തിരിക്കുന്ന അക്കൗണ്ടുടമകളെ ബാധിക്കരുതെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. ലയനം നടന്ന് കഴിഞ്ഞാലും ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെ സേവനം തുടര്‍ന്നും നല്‍കണമെന്ന് ബന്ധപ്പെട്ട ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശത്തില്‍ ഐ ആര്‍ ഡി എ ഐ ആവശ്യപ്പെട്ടു. ബാങ്കുകളുടെ ലയനത്തോടെ രാജ്യത്തെ ഏഴു ബാങ്കുകളുടെ ലക്ഷക്കണക്കിന് ആരോഗ്യ ഇന്‍ഷൂറന്‍സ് ഉടമകള്‍ക്ക് ക്ലെയിം തീർപ്പാക്കൽ അടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പവും പ്രതിസന്ധിയും ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഐ ആര്‍ ഡി എ ഐ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ബാങ്ക് ലയനം
ചെറുകിട ബാങ്കുകളെ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ലയനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് വിജയ,ദേനാ ബാങ്കുകള്‍ ബാങ്ക് ഓഫ് ബറോഡയിലേക്കും ഓറിയന്റല്‍, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കും, സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിലേക്കും, ആന്ധ്ര, കോര്‍പ്പറേഷന്‍ ബാങ്കുകള്‍ യൂണിയന്‍ ബാങ്കിലേക്കും ഇന്ത്യന്‍ ബാങ്ക് അലഹബാദ് ബാങ്കിലേക്കുമാണ് ലയിപ്പിക്കുന്നത്. ലയനത്തോടെ ഏറ്റെടുക്കപ്പെട്ട ബാങ്കുകളിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുത്തിട്ടുള്ള ഇടപാടുകാരുടെ താത്്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ലയനബാങ്കുകള്‍ക്കും ബന്ധപ്പെട്ട ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശങ്ങള്‍ നല്‍കിയിരക്കുന്നത്.
നിര്‍ദേശങ്ങള്‍ ഇങ്ങനെ
ലയനം പൂര്‍ത്തിയായാലും ബന്ധപ്പെട്ട ഇന്‍ഷൂറന്‍സ് കമ്പനി തന്നെ പോളിസിയുമായി ബന്ധപ്പെട്ട സേവനം തുടര്‍ന്നും നല്‍കണം. പോളിസി കാലാവധി തീരും വരെ ഈ സേവനം തുടരണം. ഏറ്റെടുക്കുന്ന ബാങ്കുകളുമായി ബന്ധപ്പെട്ട് ഇന്‍ഷൂറന്‍സ് കമ്പനി ഇക്കാര്യത്തില്‍ വേണ്ട നടപടി കൈക്കൊള്ളണം. അതായത് ബാങ്ക് ഏറ്റെടുക്കല്‍ പോളിസി ഉടമകള്‍ക്ക് യാതൊരു വിധത്തിലുള്ള മനഃക്ലേശവും ഉണ്ടാക്കരുതെന്ന് സാരം.
ലയിക്കപ്പെട്ട ബാങ്കുകളുടെ ഇന്‍ഷൂറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട കാലാവധി തീരുന്ന മുറയ്ക്ക് ഇത് തുടരണോ വേണ്ടയോ എന്ന് ഏറ്റെടുത്ത ബാങ്കുകള്‍ക്ക് തീരുമാനിക്കാം. ഏറ്റെടുത്ത ബാങ്കുകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ നിലവിലുണ്ടായിരുന്ന ഇന്‍ഷൂറന്‍സ് കമ്പനിയെ തന്നെ തുടര്‍ന്നും പോളിസിവിതരണ ചുമതല ഏല്‍പ്പിക്കാം. അല്ലെങ്കില്‍ പുതിയ കമ്പനികളെ ഇതിന് ചുമതലപ്പെടുത്താം. പുതിയ കമ്പനികളെ ചുമതലപ്പെടുത്തുമ്പോള്‍ ലയനബാങ്കുകളുടെ ഇടപാടുകാരുടെ അനുവാദത്തോടെ മാത്രം പുതിയ കമ്പനികള്‍ക്ക് പോളിസികള്‍ വിതരണം ചെയ്യാം.
സംഘാടകര്‍ എന്ന നിലയില്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് പോളിസികള്‍ നല്‍കാന്‍ ഒന്നോ അധിലധികമോ ഇന്‍ഷൂറന്‍സ് കമ്പനികളെ ബാങ്കുകള്‍ക്ക് ചുമതലപ്പെടുത്താമെന്നായിരുന്നു റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇങ്ങനെ ലക്ഷക്കണക്കിന് പോളിസികളാണ് ബാങ്കുകള്‍ വിവിധ ഇന്‍ഷൂറന്‍സ് കമ്പനികള്‍ മുഖേന അവരുടെ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്.