കൂട്ടുകാർക്കായി ഇനി ഒറ്റ ഇന്‍ഷൂറന്‍സ് പോളിസി, നേട്ടങ്ങള്‍ അനവധി
Mail This Article
ഒറ്റ പോളിസിയുടെ കീഴില്‍ ഒരു കൂട്ടം സുഹൃത്തുക്കളുടെ ആരോഗ്യം പരിരക്ഷിക്കപ്പെടുമെങ്കില്‍ അത് നല്ലതല്ലെ? ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്ക് വേണ്ടിയും സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വേണ്ടിയും ഗ്രൂപ്പ് പോളിസികള്‍ ഉണ്ടാകാറുണ്ടെങ്കിലും സുഹൃത്ത് വലയം മുഴുവന്‍ കവര്‍ ചെയ്യുന്ന ഒന്നിനെ പറ്റി കേട്ടുകേഴ് വിയില്ല. എന്നാല്‍ ഇത് ഇന്ത്യയില്‍ യാഥാര്ഥ്യാമാകുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ ഐ ആര് ഡി എ ഐ നിര്‍ദേശിച്ച 33 നൂതന ആശയങ്ങളില്‍ ഇങ്ങനെയൊന്നും ഉള്‍പ്പെടുന്നു.
സൗഹൃദ സദസുകളിലേക്ക്
വീട്ടിലെ എല്ലാ വാഹനങ്ങളും ഒറ്റ പോളിസിയുടെ കീഴില്‍ കൊണ്ടുവരുന്നതടക്കമുള്ള പുതുമകള്‍ ഇന്‍ഷൂറന്‍സ് നിയന്ത്രണ അതോറിറ്റി നിര്‍ദേശത്തെ തുടര്‍ന്ന് കമ്പനികള്‍ അവതരിപ്പിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പോളിസികളാണ് ഇനി സൗഹൃദ സദസുകളിലേക്കും എത്തുന്നത്. ഇനിയും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയില്‍ പെടാത്തവരെ ഉള്‍പ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. റെലിഗേര്‍ ഹെല്‍ത് ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ്, മാക്സ് ബുപ ഹെല്‍ത് ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് സുഹൃത്തുക്കളുടെ ഗ്രൂപ്പിന് വേണ്ടിയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ അവതരിപ്പിക്കുന്നത്.
അംഗങ്ങള്‍ അഞ്ച് മുതല്‍ 30 വരെ
കൂടുതല്‍ വിശദാംശങ്ങള്‍ വരാനിരിക്കുന്നതെയുള്ളുവെങ്കിലും അഞ്ച് മുതല്‍ 30 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് ഈ പോളിസി ബാധകമാണ്. പോളിസിയില്‍ ചേരുന്നതോടെ എല്ലാ അംഗങ്ങള്‍ക്കും ഒരു സ്കോര്‍ നല്കി പുതുക്കുന്ന സമയത്ത് ഇതനുസരിച്ച് ഡിസ്കൗണ്ട് അനുവദിക്കുന്ന തരത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. നാമമാത്രമായ പ്രീമിയം തുകയില്‍ ഒരു ഗ്രൂപ്പിന് മുഴുവന്‍ കവറേജ് കിട്ടുന്ന വിധമുള്ള പോളിസിയാണെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഗ്രൂപ്പില്‍ പെട്ട ആരും ക്ലെയിം ചെയ്യാതെ വരികയാണെങ്കില്‍ അടച്ച് പ്രീമിയത്തിന്റെ 15 ശതമാനം തിരികെ നല്കുന്ന സംവിധാനം ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. ആരോഗ്യം വെല്‍നസ് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുന്ന സൈക്ലിംഗ് ക്ലബ്, ഓട്ടക്കാരുടെ സംഘം, നടപ്പ് ശീലമാക്കിയുവരുടെ കൂട്ടായ്മ ഇവരെയൊക്കെയാണ് ഇത്തരം കമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത്.