ADVERTISEMENT

ഓരോ കുടുംബത്തിലും വരുമാനം കൊണ്ടു വരുന്നവര്‍ ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരെ നഷ്ടപ്പെട്ടാല്‍ കുടുംബത്തിന്റെ നിലനില്‍പ്പ് തന്നെ കഷ്ടത്തിലാകും. ആശ്രയിച്ച് ജീവിക്കുന്ന കുട്ടികളും പ്രായമായവരുമായിരിക്കും ഏറെ പണിപ്പെടുക. എല്ലാ കുടുംബങ്ങളിലും ഒഴിവാക്കാനാവാത്ത സാമ്പത്തിക സേവനമാണ് ലൈഫ് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് പോളിസികളുടെ മേല്‍നോട്ടവും നിയന്ത്രണവും നടത്തുന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ വലിയ മാറ്റങ്ങളാണ് 2020 ഫെബ്രുവരി മുതല്‍ നടപ്പിലാക്കിയിരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ഇപ്പോള്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. 


വേണ്ടെന്ന് വച്ചാലും പണം കിട്ടും


പലപ്പോഴും സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ അവരുടെ പരിചയക്കാരോ ആയ ഏജന്റുമാരില്‍ കൂടി ആയിരിക്കും പോളിസികള്‍ വാങ്ങുക. പോളിസിയുടെ മെച്ചങ്ങളേക്കാള്‍ ബന്ധങ്ങളുടെ സ്വാധീനമായിരിക്കും തീരുമാനങ്ങളില്‍ മുന്‍തൂക്കം. പ്രിമീയം അടച്ച് തുടങ്ങുമ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാകുക. പോളിസി വേണ്ടെന്ന് വയ്ക്കാനും തുടരാനും കഴിയാത്ത അവസ്ഥ. കാലാവധി എത്തുംമുമ്പ് പോളിസി വേണ്ടെന്ന് വയ്ക്കുന്നതിനെ സാങ്കേതികമായി സറണ്ടര്‍ ചെയ്യുകയെന്നും തിരികെ കിട്ടുന്ന തുകയ്ക്ക് സറണ്ടര്‍ വാല്യൂ എന്നുമാണ് അറിയപ്പെടുന്നത്. മൂന്ന് വര്‍ഷം പ്രിമീയം അടച്ച ശേഷം മാത്രമേ പോളിസികള്‍ സറണ്ടര്‍ ചെയ്താല്‍ ഇതുവരെ എന്തെങ്കിലും തിരികെ ലഭിക്കുമായിരുന്നുള്ളൂ. പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞ് സറണ്ടര്‍ ചെയ്താലും അതുവരെ അടച്ച തുകയുടെ 30 ശതമാനം തിരികെ കിട്ടും. വര്‍ഷങ്ങള്‍ കഴിയുംതോറും സറണ്ടര്‍ വാല്യൂ ഉയര്‍ന്നുകൊണ്ടിരിക്കും. 


ഉറപ്പായ ആനുകൂല്യം


പ്രധാനമായും ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെ ഉദ്ദേശം, സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചാല്‍ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് അല്ലലില്ലാതെ ജീവിതം തുടരുന്നതിന് ഇന്‍ഷുറന്‍സ് തുക ലഭിക്കുക എന്നുള്ളതാണ്. അടയ്ക്കുന്ന പ്രിമീയം തുകയുടെ എത്ര ഇരട്ടി നഷ്ടപരിഹാര തുകയായി ലഭിക്കും എന്നതാണ് ഏത് പോളിസി എടുക്കണം എന്ന് തീരുമാനിക്കാന്‍ അടിസ്ഥാനമാക്കേണ്ടത്. പ്രിമീയം തുകയുടെ പല മടങ്ങ് കൂടുതല്‍ തുക നഷ്ടപരിഹാരമായി ലഭിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളാണ് ടേം പോളിസികള്‍. ഇന്‍ഷുറന്‍സ് ചെലവുകള്‍ മാത്രം പ്രിമീയമായി വാങ്ങുന്നതിലാണ് ടേം പോളിസികളില്‍ കുറഞ്ഞ പ്രിമീയത്തിന് കൂടുതല്‍ പരിരക്ഷ ലഭിക്കുന്നത്. ഇന്‍ഷുറന്‍സും നിക്ഷേപവും ഒന്നിച്ച് ചേര്‍ത്ത് അവതരിപ്പിക്കുന്ന യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളിലും പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലും അടയ്ക്കുന്ന പ്രിമീയത്തിന്റെ ഏഴ് ഇരട്ടിയായി സംഅഷ്വേര്‍ഡ് തുക പരിമിതപ്പെടുത്തിയിരിക്കുന്നു. 


പെന്‍ഷനാണ് ഉദ്ദേശമെങ്കില്‍


അങ്കവും കാണാം താളിയും ഒടിക്കാം എന്ന രീതിയില്‍ തട്ടിപ്പോയാല്‍ ഇന്‍ഷുറന്‍സ്, ജീവിച്ചിരുന്നാല്‍ പെന്‍ഷന്‍ വാങ്ങാം എന്ന് കരുതുന്നവരാണ് പെന്‍ഷന്‍ പ്ലാനുകള്‍ വാങ്ങുക. പെന്‍ഷന്‍ പ്ലാനുകള്‍ വട്ടമെത്തുമ്പോള്‍ അതുവരെ ശേഖരിച്ച തുകയുടെ മൂന്നിലൊന്ന് മാത്രമേ രൊക്കമായി പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ബാക്കി കോര്‍പ്പസ് തുക നിശ്ചയിക്കുന്ന ഇടവേളകളില്‍ പെന്‍ഷന്‍ ലഭിക്കത്തക്ക രീതിയില്‍ ആനുവിറ്റികളില്‍ പുനര്‍ നിക്ഷേപിക്കേണ്ടതുണ്ട്. ഇനിയിപ്പോള്‍ കോര്‍പ്പസ് തുകയുടെ 60 ശതമാനം വരെ പിന്‍വലിച്ച് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. മൂന്നിലൊന്നില്‍ കൂടുതലായ തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടി വരും. നേരത്തെയൊക്കെ പെന്‍ഷന്‍ പ്ലാനുകളില്‍ പണമടച്ചാല്‍ കൃത്യമായി എത്ര തുക വട്ടമെത്തുമ്പോള്‍ നല്കുമെന്ന് കമ്പനികള്‍ മുന്‍കൂട്ടി ഉറപ്പ് നല്‍കുമായിരുന്നു. ഇനി അത് ഉണ്ടാകില്ല. 

എടുത്ത് ഉപയോഗിക്കാം

യൂണിറ്റ് ലിങ്ക്ഡ് പോളിസികളില്‍ പ്രിമീയമായി അടയ്ക്കുന്ന തുകയില്‍ നിക്ഷേപമായി കണക്കാക്കുന്ന ഭാഗം യൂണിറ്റുകളില്‍ ശേഖരിക്കുന്നു. യൂണിറ്റുകളുടെ മൂല്യം എന്‍.എ.വി എത്രയെന്ന് നോക്കിയാല്‍ മനസ്സിലാകും. ഇത്തരത്തില്‍ ഫണ്ട് തുകയുടെ 25 ശതമാനം വരെ പോളിസി എടുത്ത് അഞ്ച് വര്‍ഷം കഴിഞ്ഞവര്‍ക്ക് പിന്‍വലിച്ച് ഉപയോഗിക്കാം. വിപണി ഉയരുമ്പോള്‍ ഉണ്ടാകുന്ന മെച്ചം അപ്പപ്പോള്‍ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പോളിസി കാലാവധിയില്‍ മൂന്ന് തവണ വരെ പിന്‍വലിക്കാനും സാധിക്കുന്നു. 

മുടക്കം വന്നവ സജീവമാക്കാന്‍

വര്‍ഷങ്ങളോളം പ്രിമീയം അടയ്‌ക്കേണ്ടതുള്ളപ്പോള്‍ വീഴ്ച വരാനുള്ള സാധ്യത കൂടുതലാണ്. സാധാരണ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ പ്രിമീയം അടവ് വീഴ്ച വന്നാല്‍ അഞ്ച് വര്‍ഷം വരെ മുടക്കം വന്ന പ്രിമീയം തുക അടച്ച് പോളിസി സജീവമാക്കാം. യൂണിറ്റ് ലിങ്ക്ഡ് പോളിസികളാണെങ്കില്‍ ഇത്തരത്തില്‍ ലഭിക്കുന്ന സാവകാശം മൂന്ന് വര്‍ഷമായി കുറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com