വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഉയരും, വർധന ഇങ്ങനെ
Mail This Article
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ വര്‍ധന ശുപാര്‍ശ ചെയ്ത് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി. കാര്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്കെല്ലാം മോശമല്ലാത്ത വര്‍ധനയ്ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇരു ചക്രവാഹനങ്ങള്‍
ഇരു ചക്രവാഹനങ്ങള്‍ക്കും വര്‍ധന നിര്‍ദേശിക്കുന്നുണ്ട്. 75 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് നിലവിലുള്ള 482 രൂപയില്‍ നിന്നും 506 രൂപയായി തേര്‍ഡ് പാര്‍ട്ടി പ്രീമിയം വര്‍ധിക്കും. 75-150 സിസി വണ്ടികള്‍ക്ക് നിലവിലെ 752 ല്‍ നിന്നും 769 രൂപയിലേക്കാണ് വര്‍ധന നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. 150-350 സി സി വാഹനങ്ങള്‍ക്ക് 1,193 ല്‍ നിന്നും 1301 ആയി വര്‍ധന വരും. 350 സി സി യിക്ക് മുകളിലാണെങ്കില്‍ 2,571 രൂപയാകും. നിലവില്‍ ഇത് 2,323 രൂപയാണ്.
കാറുകള്‍
1000 സിസി യ്ക്ക് താഴെയുള്ള കാറുകളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം 2,182 ലേക്കാണ് ഉയരുക.നിലവില്‍ ഇത് 2,072 ആണ്. 1000 മുതല്‍ 1500 സിസി വരെ എഞ്ചിന് ശേഷിയുള്ള വാഹനങ്ങളുടെ പ്രീമിയത്തില്‍ നിര്‍ദേശിക്കുന്ന വര്‍ധന 3,221 ല്‍ നിന്ന് 3,383 രൂപയാണ്. എന്നാല്‍ 1500 സിസിയ്ക്ക് മുകളില്‍ ശേഷിയുള്ള ആഢംബര കാറുകള്‍ക്ക് വര്‍ധന ഇല്ല. അത് നിലവിലെ 7,890 രൂപയായി തുടരും.
ഇലക്ട്രിക്കിലേക്ക്് മാറാം
എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈബ്രിഡ് വണ്ടികള്‍ക്കും വര്‍ധനയില്ലെന്ന് മാത്രമല്ല പ്രീമിയത്തില്‍ ഡിസ്കൗണ്ടും നിര്‍ദേശിക്കുന്നുണ്ട്. ഇലക്ട്രിസിറ്റിയിലോടുന്ന സ്വകാര്യ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, വാണിജ്യവാഹനങ്ങള്‍, ഇലക്ട്രിക് ബസുകള്‍ എന്നിവയ്ക്ക് 15 ശതമാനമാണ് പ്രീമിയത്തില്‍ കുറവ് വരുത്താന്‍ നിര്‍ദേശമുള്ളത്. അതേ സമയം ഹൈബ്രിഡ് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ 7.5 ശതമാനമാണ് ഡിസ്കൗണ്ട് നിര്‍ദേശിക്കുന്നത്.