ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് വില്പന 40 ശതമാനം ഉയർന്നു
Mail This Article
മനുഷ്യന് ഭീതി കൂടുന്നത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഗുണകരമാകുമെന്നതിന് മറ്റൊരു തെളിവായി കോവിഡ്-19. കൊറോണ വൈറസ് വ്യാപന കേസുകള്‍ വര്‍ധിച്ച് മനുഷ്യന്റെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയ കഴിഞ്ഞ 20-30 ദിവസത്തിനുള്ളില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ വന്‍ വര്‍ധന. രാജ്യവ്യാപകമായി ഇക്കാലയളവില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ 35-40 ശതമാനം വര്‍ധനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലയളവില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് മേഖലയില്‍ 20 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.
ഏജന്റുമാരുടെ വിൽപന കുറഞ്ഞു
സാധാരണ സാമ്പത്തിക വര്‍ഷമവസാനിക്കുന്ന മാര്‍ച്ച് അവസാനത്തോടെ മുന്‍ മാസങ്ങളെ അപേക്ഷിച്ച് പോളിസി വില്‍പ്പനയില്‍ വര്‍ധനയുണ്ടാകാറുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം 10 ശതമാനമായിരുന്നു. ഇൗ വളര്‍ച്ചയാണ് സാമ്പത്തിക വിഷമതകള്‍ക്കിടയിലും 20 ശതമാനമായി ഉയര്‍ന്നത്. ഒരു ദിവസം വില്‍ക്കുന്ന കോംപ്രിഹെന്‍സീവ് പോളിസികളുടെ എണ്ണം ജനുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ ശരാശരി 50 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഡിജിറ്റല്‍ ഇന്‍ഷൂറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഡിജിറ്റ് ഇന്‍ഷൂറന്‍സ് വ്യക്തമാക്കുന്നു. ആദ്യമായി കൊറോണ വൈറസ് ബാധയ്ക്ക് പോളിസി അവതിരിപ്പിച്ചത് ഇവരാണ്. അതേസമയം ഏജന്റുമാര്‍ വില്പന നടത്തുന്ന പാരമ്പര്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്ക് വില്‍പന കുറഞ്ഞു.