ഡിജി ലോക്കർ, ഇൻഷൂറൻസ് പോളിസികള്‍ സൂക്ഷിക്കാൻ പറ്റിയയിടം
Mail This Article
പോളിസി രേഖ എവിടെയാണ് വെച്ചിരിക്കുന്നത് എന്ന് അറിയാത്തതു കൊണ്ടു മാത്രം പലപ്പോഴും ക്ലെയിം ഉണ്ടാകുന്ന വേളയിൽ അതിനു സാധിക്കാതെ വന്നേക്കാം. ഇതിനൊരു പരിഹാരം വരുന്നു. ഇന്‍ഷൂറന്‍സ് പോളിസി രേഖകളും വൈകാതെ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കാനാകും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും മറ്റും സൂക്ഷിക്കുന്നതു പോലെ പോളിസി രേഖകള്‍ ഡിജി ലോക്കറില്‍ സൂക്ഷിക്കാനുളള സംവിധാനം ഉടന്‍ പ്രാബല്യത്തിലാകും. ഇതിന്റെ ഭാഗമായി പോളിസി ഉടമകള്‍ക്ക് അവരുടെ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സംവിധാനം ആക്ടിവേറ്റ് ചെയ്യാന്‍ കമ്പനികളോട് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചു. കൂടാതെ ഇത്തരം സൗകര്യത്തെ കുറിച്ച് പോളിസി ഉടമകളെ ബോധവൽക്കരിക്കുകയും വേണം.
ഡിജി ലോക്കര്‍
മൊബൈല്‍ ആപ്പിലോ അല്ലെങ്കില്‍ വെബ്ബിലോ വിലപിടിപ്പുള്ള രേഖകള്‍ ആധികാരികമായി സൂക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സംവിധാനമാണ് ഡിജി ലോക്കര്‍. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. സേവനം സൗജന്യമാണ്. പോളിസി ഉടമകളില്‍ നിന്നുള്ള പരാതികള്‍ കുറയ്ക്കുന്നതിന് ഡിജി ലോക്കര്‍ സംവിധാനം ഉപകരിക്കുമെന്നാണ് കരുതുന്നത്. പോളിസി രേഖകള്‍ സമയത്ത് ലഭ്യമായില്ല എന്നതടക്കമുള്ള പരാതികള്‍ക്കും ഇതിലൂടെ തടയിടാനാകും.
ഇന്‍ഷൂറന്‍സ് പോളിസി ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പുതിയ സംവിധാനം പര്യാപ്തമാണ്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സ്, വാഹനങ്ങളുടെ രജിസ്ട്രേഷന് രേഖകള്‍, പാന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഇവ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. ഇവ ആവശ്യാനുസരണം ഉപഭോക്താവിന് ഡൗണ്‍ലോഡ് ചെയ്യാനും മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നതിനും സാധിക്കും.
English Summary : Keep Insurance Policies in Digilocker