ADVERTISEMENT

കോവിഡ് മരണ നിരക്ക് രണ്ടാം ഘട്ടത്തില്‍ വളരെ അധികമാണ്. ചികിത്സ ചെലവും മറ്റുമായി കുടുംബത്തിന് ഇത് വലിയ ബാധ്യത ഉണ്ടാക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയ്ക്ക് പുറമേയാണ് ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വേദന. കോവിഡ് ബാധിതര്‍ക്ക് ജീവന്‍ നഷ്ടമായാല്‍ ലഭിക്കാന്‍ ഇടയുള്ള വിവിധ ഇന്‍ഷുറന്‍സ് പരിരക്ഷകളുണ്ട്. ഇത് കൃത്യമായി മനസിലാക്കി വിവിധ ഏജന്‍സികള്‍ക്ക് അതാത് സമയത്ത് അപേക്ഷ നല്‍കാവുന്നതാണ്.

ഇ പി എഫ്

ഇ പി എഫുമായി ബന്ധപ്പെട്ട എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം ആണ് ഇതില്‍ പ്രധാനം. സ്വകാര്യ-സര്‍ക്കാര്‍ സര്‍വീസില്‍ ജീവനക്കാരായ ഇ പി എഫ് അംഗങ്ങള്‍ക്ക് ഇതു പ്രകാരം ഏഴ് ലക്ഷം രൂപ വരെ ലഭിക്കും. മരണത്തിന് തൊട്ട് മുമ്പുള്ള 12 മാസം ഒരു സ്ഥാപനത്തിലോ വിവിധ സ്ഥാപനങ്ങളിലായിട്ടോ ജോലി  ചെയ്തിട്ടുളളവരുടെ വീട്ടുകാര്‍ക്ക് ഫോം V IF വഴി ഇതിന് അപേക്ഷിക്കാം.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

സാധാരണ നിലയില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളോ അല്ലെങ്കില്‍ വ്യക്തികളോ എടുക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് രണ്ടാമത്തെ സാധ്യത. ഇത്തരം കേസുകളില്‍ ആശുപത്രികളില്‍ അഡ്മിറ്റാകുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളിലോ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ആണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിലോ അറിയിക്കാം. ആവശ്യമായ രേഖകള്‍ സ്ഥാപനങ്ങളില്‍ നല്‍കി ബന്ധപ്പെട്ടവര്‍ക്ക് ക്ലെയിം നേടാവുന്നതാണ്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന

2015 ല്‍ കൊണ്ടുവന്ന പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജനയനുസരിച്ച്  ഇന്‍ഷുറന്‍സ് എടുക്കുകയും പുതുക്കി വരുകയും ചെയ്യുന്നവര്‍ക്കാണ് ഇതിന് അര്‍ഹത. വര്‍ഷം 330 രൂപയാണ് പ്രീമിയമായി ഈടാക്കുന്നത്. ബാങ്കുകളാണ് ഈ പോളിസി നല്‍കുന്നതെങ്കിലും ഒരോ വര്‍ഷവും പുതുക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ കൃത്യത വരുത്തുകയാണ് ആദ്യം വേണ്ടത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള പദ്ധതിയായതിനാല്‍ ആദ്യം ബാങ്കിനെ ബന്ധപ്പെടണം. പിന്നീട് രേഖകള്‍ സമര്‍പ്പിച്ച് ആനുകൂല്യം നേടാം.

ടേം ഇന്‍ഷുറന്‍സ്

ടേം ഇന്‍ഷുറന്‍സോ ആരോഗ്യ ഇന്‍ഷുറന്‍സോ എടുത്തിട്ടുള്ളവരാണെങ്കില്‍ അവരുടെ നോമിനിയ്ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെടാം. ഒരോരുത്തരുടെയും പോളിസികളും തുകയും സ്ഥാപനങ്ങളും വ്യത്യസ്തമായതിനാല്‍ ബന്ധപ്പെട്ട കമ്പനികളില്‍ കാര്യം ബോധ്യപ്പെടുത്തി ആവശ്യമായ സേവനം സ്വീകരിക്കാം.

മറ്റുള്ളവ

മുകളില്‍ പറഞ്ഞത് കൂടാതെ മറ്റ് ചില സ്ഥാപനങ്ങള്‍ അവരുടെ ഉത്പന്നങ്ങളുടെ പ്രമോഷനും മറ്റും വേണ്ടി  ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യാറുണ്ട്. ഉദാഹരണത്തിന് എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇന്‍ഷുറന്‍സ്, ഫോണ്‍ കണക്ഷനുമായി ബന്ധപ്പെട്ടവ, പത്രത്തിന്റെ സബ്‌സ്ക്രിപ്ഷന്‍ തുടങ്ങിയവ. ഇത് സംബന്ധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം നോമിനിയ്ക്ക് അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെടാം.

English Summary : Insurance Coverages for Covid Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com