അടച്ച കാശ് പോലും തിരിച്ചുകിട്ടാത്ത ടേം പ്ലാൻ എന്തിനെടുക്കണം ?
Mail This Article
ശുദ്ധ ഇൻഷുറൻസ് പോളിസിയായ ടേം പ്ലാനിനെ അവഗണിച്ച് നിക്ഷേപം എന്ന നിലയിൽ ഇൻഷുറൻസ് പോളിസികളെ ഉപയോഗപ്പെുത്തുന്നവർ ഒട്ടേറെയുണ്ട്. അവർ അറിയേണ്ട ചില യാഥാർത്ഥ്യങ്ങൾ ഇതാ.
ടേം ഇൻഷുറൻസ് അത്യാവശ്യമോ അനാവശ്യമോ?
കാലാവധി കഴിഞ്ഞാൽ തിരിച്ചൊന്നും കിട്ടാത്ത ടേം ഇൻഷുറൻസ് അത്യാവശ്യമാണ്. വാഗ്ദാനം ചെയ്യുന്നത്രയും തിരിച്ചുനൽകുമെന്ന് ഉറപ്പുള്ള മണിബാക്ക് പോളിസികൾ അനാവശ്യവും.
∙ തിരിച്ചൊന്നും കിട്ടാത്തത് അത്യാവശ്യവും തിരിച്ചു കിട്ടുന്നത് അനാവശ്യവും! അതെങ്ങനെ?
കാലാവധി കഴിഞ്ഞാൽ തിരിച്ചൊന്നും കിട്ടാത്തതാണ് ടേം ഇൻഷുറൻസ്, ശരി തന്നെ. പക്ഷേ, കാലാവധിക്കുള്ളിലോ? അടച്ച തുകയുടെ പല മടങ്ങ് തിരികെ ലഭിക്കുന്നു. കുറഞ്ഞ പ്രീമിയത്തിൽ വളരെ ഉയർന്ന കവറേജ് ടേം ഇൻഷുറൻസ് നൽകുന്നു.
∙ പോളിസി തുക ലഭിക്കാൻ മരണം സംഭവിക്കണമല്ലോ? അങ്ങനെ കിട്ടുന്ന തുക കൊണ്ട് പോളിസി ഉടമയ്ക്ക് എന്തു കാര്യം?
ശരിയാണ്, മരണശേഷം ലഭിക്കുന്ന തുക കൊണ്ട് പോളിസി ഉടമയ്ക്കൊരു കാര്യവുമില്ല. പക്ഷേ, ടേം ഇൻഷുറൻസ്, പോളിസി ഉടമയ്ക്കു വേണ്ടിയല്ല. അവരില്ലാതാകുന്ന അവസ്ഥയിൽ ആശ്രിതർക്കു സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താനുള്ളതാണ്.
∙പക്ഷേ, പോളിസി ഉടമയെ മറക്കാമോ? ജീവിച്ചിരിക്കുമ്പോഴും അദ്ദേഹത്തിനും ആശ്രിതർക്കും സമ്പത്തും സമൃദ്ധിയും വേണ്ടേ?
തീർച്ചയായും. അതിന് പോളിസി ഉടമ ചെയ്യേണ്ടത് വിവിധങ്ങളായ നിക്ഷേപപദ്ധതികളിലൊന്ന് തിരഞ്ഞെടുക്കുകയാണ്. അല്ലാതെ ഇൻഷുറൻസ് എടുക്കുകയല്ല.
∙ ഇൻഷുറൻസ് ഒരു നിക്ഷേപമല്ലെന്നാണോ?
അതേ, ഇൻഷുറൻസിനെ നിക്ഷേപമായി കാണാതിരിക്കുക.
∙ നിക്ഷേപവും ടേം ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ?
നിക്ഷേപം നടത്തുമ്പോൾ കാലാവധിക്കു ശേഷം നിക്ഷേപിച്ച മുതലും അതിൽനിന്നുള്ള ആദായവുമാണ് തിരിച്ചുകിട്ടുക. ഇവിടെ ആദായം പലിശയാകാം, ലാഭവിഹിതമാകാം, മൂലധനനേട്ടവുമാകാം.
എന്നാൽ, ടേം ഇൻഷുറൻസിൽ തിരിച്ചുകിട്ടുന്നത് നിങ്ങളുടെ മാത്രം മുതലും ആദായവുമല്ല. മറ്റു പലരും നിക്ഷേപിച്ച മുതലും ആദായവും ഉപയോഗിച്ചൊരു തുക കൂടിയാണ്.
∙ ഒന്നുകൂടി വിശദമാക്കാമോ?
25 നും 45 നും ഇടയ്ക്കു പ്രായമുള്ള 100 പേർ. അവരെല്ലാവരും മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നു. കൂടാതെ 60 വയസ്സുവരെ ടേം ഇൻഷുറൻസും എടുക്കുന്നു. മ്യൂച്വൽ ഫണ്ടിൽ 100 ൽ 100 നിക്ഷേപകർക്കും മുതലും ആദായവും തിരിച്ചുകൊടുക്കണം. പക്ഷേ, 100 പോളിസി ഉടമകളിൽ 60 വയസ്സിനു മുൻപ് മരണപ്പെടുന്നവർക്കേ പോളിസിയുടെ ക്ലെയിം തുക കൊടുക്കേണ്ടതുള്ളൂ.ഇവരിൽ 5 പേർ 60 വയസ്സിനുമുൻപ് മരണപ്പെട്ടെന്നു കരുതുക. ഇൻഷുറൻസ് കമ്പനിയുടെ പക്കൽ 100 പേരുടെ നിക്ഷേപവും ആദായവുമുണ്ട്. അതുകൊണ്ടുതന്നെ ഈ 5 പേർക്കും 20 (100/5= 20) പേരുടെ വീതം നിക്ഷേപവും ആദായവും തിരിച്ചുകൊടുക്കാം.
∙ അപ്പോൾ ഇൻഷുറൻസ് കമ്പനിക്ക് എന്താണു ലാഭം?
മുകളിൽ പറഞ്ഞ കണക്കിലെ 100 പേരുടേതിൽനിന്നു 5 പേരുടെ മുതലും ആദായവും ഇൻഷുറൻസ് കമ്പനി എടുക്കുന്നുവെന്നു കരുതുക. ബാക്കി 95 പേരുടേത് ക്ലെയിം തുകയായി മരണപ്പെടുന്ന 5 പേർക്ക് നൽകുന്നു (95/5= 19), ഒരാൾക്ക് 19 പേരുടെ എന്ന കണക്കിൽ.
∙ എല്ലാവരും ടേം ഇൻഷുറൻസ് എടുക്കണോ?
വേണ്ട. തന്റെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന ആശ്രിതരുള്ളവർ മാത്രം ടേം ഇൻഷുറൻസ് എടുത്താൽ മതിയാകും.
ഉദാഹരണം 1- കുടുംബനാഥനുമാത്രം വരുമാനം, ഭാര്യ വീട്ടമ്മ, സ്‌കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികൾ - ഇവിടെ മൂന്നുപേർ കുടുംബനാഥന്റെ വരുമാനം മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. അതുകൊണ്ട് ഇൻഷുറൻസ് സംരക്ഷണം നിർബന്ധം.
ഉദാഹരണം 2- കുട്ടികൾ ഇല്ലാത്ത/വേണ്ടെന്നുവച്ച ദമ്പതികൾ. രണ്ടു പേർക്കും ജോലിയുണ്ട്, ഒരു ലക്ഷം രൂപ വീതം മാസവരുമാനവും. രണ്ടു പേരും സാമ്പത്തികമായി പരസ്പരം ആശ്രയിക്കുന്നില്ല. ഇവരിലൊരാളുടെ മരണത്തോടെ വരുമാനം ഇല്ലാതാകുന്നത് രണ്ടാമത്തെയാളെ സാമ്പത്തികമായി ബാധിക്കുന്നില്ല. അതുകൊണ്ട് ഇൻഷുറൻസ് ആവശ്യമില്ല.
∙ 25 വയസ്സുള്ള ഉദ്യോഗസ്ഥനായ അവിവാഹിതൻ, ഇപ്പോൾ ആശ്രിതർ ആരുമില്ല. 5-10 വർഷങ്ങൾക്കുള്ളിൽ ഭർത്താവും അച്ഛനുമാകും. അങ്ങനെയൊരാളാണെങ്കിലോ?
പൊതുവേ ഒരാൾക്ക് 60 വയസ്സുവരെ സംരക്ഷണം വേണം. അദ്ദേഹം 25 വയസ്സിൽ ടേം ഇൻഷുറൻസ് എടുത്താൽ 35 വർഷം പ്രീമിയം അടയ്ക്കണം, 35 വയസ്സിലെടുത്താൽ 25 വർഷം പ്രീമിയം അടച്ചാൽ മതി.
∙ മുകളിലെ ഉദാഹരണത്തിൽ കുടുംബനാഥന് വായ്പകളൊന്നുമില്ലെന്നു കരുതുക. മാത്രമല്ല, അദ്ദേഹത്തിന്റെ കൈവശം ഒരു കോടി രൂപ കരുതൽ നിക്ഷേപവുമുണ്ട്. അപ്പോൾ ഇൻഷുറൻസ് ആവശ്യമില്ലല്ലോ?
ഇത്തരമൊരാൾക്ക് ഇൻഷുറൻസ് നിർബന്ധമല്ലെന്നു വേണമെങ്കിൽ പറയാം. ഉണ്ടെങ്കിൽ നല്ലതാണ്.
∙ എന്തുകൊണ്ട് നല്ലതാണ്?
കരുതൽ നിക്ഷേപം ചെലവാക്കാതെ നിലനിർത്തിയാലേ ആശ്രിതർക്ക് ഉപകാരപ്പെടൂ. അതായത്, ആ ഒരു കോടി രൂപ അത്രയും കാലം കൊണ്ട് ചെലവഴിച്ചാൽ ലഭിക്കുമായിരുന്ന ഉൽപന്നങ്ങളും സേവനങ്ങളും വേണ്ടെന്നുവയ്ക്കണം. അഥവാ അവർക്ക് സാധ്യമാവുന്നതിനെക്കാൾ കുറഞ്ഞ ജീവിതനിലവാരത്തിൽ അത്രയും കാലം കഴിച്ചുകൂട്ടണം. പകരം, ആ കരുതൽ നിക്ഷേപത്തിന്റെ 0.18% വാർഷിക പ്രീമിയം അടച്ച് (36 വയസ്സുകാരന് ഒരു കോടിയുടെ പോളിസിക്ക് 18,000 രൂപ വാർഷിക പ്രീമിയം എന്ന കണക്കിൽ) ഒരു കോടി രൂപയുടെ ടേം ഇൻഷുറൻസ് എടുത്താൽ കരുതൽ നിക്ഷേപം അവർക്ക് ചെലവാക്കാൻ കഴിയും. അതുവഴി ഉയർന്ന ജീവിതനിലവാരവും ഉറപ്പാക്കാം.
∙ പോളിസി കാലാവധിക്കുള്ളിൽ മരണം സംഭവിച്ചാൽ ആശ്രിതർക്കുണ്ടാവുന്ന നേട്ടം എത്രത്തോളമെന്ന് വ്യക്തമായി. എങ്കിലും 25 മുതൽ 50 വർഷംവരെ പ്രീമിയം അടച്ചശേഷം കാലാവധി പൂർത്തിയാക്കുന്നവർക്ക് ഒരു രൂപ പോലും തിരികെ ലഭിക്കാത്തത് ഒരു വൻനഷ്ടം തന്നെയല്ലേ?
ഒരിക്കലുമല്ല. നിർഭാഗ്യവശാൽ താൻ അകാലത്തിൽ ഇല്ലാതായാൽ തന്റെ ജീവിതപങ്കാളി/കുട്ടികൾ/മാതാപിതാക്കൾ എന്നിവർ ദാരിദ്ര്യത്തിലേക്കും കഷ്ടപ്പാടിലേക്കും വഴുതിവീഴില്ല എന്ന ഉറപ്പ്, അതു നൽകുന്ന മനസ്സമാധാനം എത്ര വലുതാണ്. തന്റെ ബാധ്യതകളൊന്നും അവരെ ബാധിക്കില്ലല്ലോയെന്ന ആശ്വാസവുമുണ്ട്. ആ മനസ്സമാധാനത്തിനു നൽകുന്ന തുച്ഛമായ വില മാത്രമാണ് അടയ്ക്കുന്ന പ്രീമിയം.
36 വയസ്സുകാരന് ഒരു കോടിയുടെ പോളിസിക്ക് 18,000 രൂപ വാർഷിക പ്രീമിയം എന്നത് ഒരു മാസം 1,500 രൂപയും ഒരു ദിവസം 50 രൂപയും മാത്രമാണ്. അഥവാ ഇന്നത്തെ ഒരു ഗ്ലാസ് ജ്യൂസിന്റെ വില. ജ്യൂസിന്റെ വില അടുത്ത 25 വർഷത്തിൽ പലമടങ്ങ് വർധിക്കും. എന്നാൽ പ്രീമിയം തുകയിൽ മാറ്റം വരുന്നേയില്ല.
∙ പക്ഷേ ഇൻഷുറൻസ് കമ്പനി തന്നെ ഇല്ലാതായാൽ? 25/35/45 വർഷങ്ങൾക്കുശേഷം ഉണ്ടാകാവുന്ന ഒരു ക്ലെയിം തുക നൽകാൻ ഇൻഷുറൻസ് കമ്പനി ഉണ്ടാകുമെന്ന് എന്താണ് ഉറപ്പ്? മരണം സംഭവിക്കുന്നത് ഇൻഷുറൻസ് കമ്പനിക്കാണെങ്കിലോ?
വളരെ നല്ല ചോദ്യം. അങ്ങനെയൊരാശങ്ക വേണ്ട. ബാങ്കുകളെ നിയന്ത്രിക്കുന്നതും ബാങ്ക് നിക്ഷേപങ്ങൾ സംരക്ഷിക്കുന്നതും ആർബിഐ ആണ്. അതുപോലെ ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്നതും പോളിസി ഉടമകളെ സംരക്ഷിക്കുന്നതും പാർലമെന്റ് നിയമപ്രകാരം സ്ഥാപിതമായ ഐആർഡിഎഐ (IRDAI – Insurance Regulatory and Development Authority of India) എന്ന റെഗുലേറ്റർ ആണ്.
പ്രീമിയം വഴി ലഭിക്കുന്ന തുക ഇൻഷുറൻസ് കമ്പനികൾ പലവിധ സാമ്പത്തിക ആസ്തികളിലാണ് (financial assets) നിക്ഷേപിക്കുന്നത്. ഇത് ഏതൊക്കെ മേഖലകളിലാകാം, ഓരോ മേഖലയിലും എത്രത്തോളമാകാം തുടങ്ങിയ കാര്യങ്ങളിൽ ഐആർഡിഎഐയുടെ വ്യക്തമായ നിർദേശങ്ങളുണ്ട്. മാത്രമല്ല, 74% വരെ നേരിട്ടുള്ള വിദേശനിക്ഷേപം (FDI– foreign direct investment) ഇൻഷുറൻസ് കമ്പനികളിൽ നടത്താം.
അതുകൊണ്ടു തന്നെ ഇൻഷുറൻസ് മേഖലയിൽ നൂറ്റാണ്ടുകൾ പരിചയസമ്പത്തുള്ള ആഗോള കമ്പനികൾ ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളുടെ പങ്കാളികളാണ്. അഥവാ ഒരു പ്രതിസന്ധി നേരിട്ടാൽത്തന്നെ അത് തരണം ചെയ്യാൻ കെൽപുള്ളവരാണ് നമ്മുടെ ഇൻഷുറൻസ് കമ്പനികൾ.
∙ യെസ് ബാങ്ക്, ലക്ഷ്മിവിലാസ് ബാങ്ക് എന്നിവ പ്രതിസന്ധിയിലായപ്പോൾ പെട്ടെന്നുതന്നെ ആർബിഐ ഇടപെട്ടു പ്രശ്നം പരിഹരിച്ചു. ഒരു നിക്ഷേപകനും ഒരു രൂപയുടെ നഷ്ടം സംഭവിച്ചില്ല. ഇത്തരത്തിൽ ഇൻഷുറൻസ് മേഖലയിൽ എന്തെങ്കിലും ഉദാഹരണമുണ്ടോ?
തീർച്ചയായും. റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസിന്റെ 51% ഓഹരി അനിൽ അംബാനിയുടെ റിലയൻസ് ക്യാപ്പിറ്റലിന്റെ കൈവശമാണ്. അതേസമയം റിലയൻസ് ക്യാപ്പിറ്റൽ ആർബിഐ ഇടപെടലിലൂടെ പാപ്പരത്ത നടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതായത്, റിലയൻസ് ക്യാപ്പിറ്റലിന് വായ്പ കൊടുത്ത ബാങ്ക്/ധനകാര്യ സ്ഥാപനങ്ങൾ അത് തിരിച്ചുപിടിക്കാൻ ഈടു നൽകിയ ആസ്തികൾ ലേലത്തിൽ വിൽക്കും. പക്ഷേ, ഇതിൽ ഇൻഷുറൻസ് കമ്പനിയുടെ ആസ്തികൾ പിടിച്ചെടുക്കാൻ സാധ്യമല്ല. കാരണം, ഇൻഷുറൻസ് കമ്പനിയുടെ ആസ്തികൾ പോളിസി ഉടമകൾക്ക് അവകാശപ്പെട്ടതാണ്.
റിലയൻസ് ക്യാപ്പിറ്റലിന്റെ പാപ്പരത്ത നടപടി നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ ഡിഎച്ച്എഫ്എൽ (DHFL– Dewan Housing Finance Corporation Ltd) എന്ന കമ്പനി പാപ്പരത്ത നടപടി പൂർത്തിയാക്കി. ഇപ്പോൾ അജയ് പിരമാളിന്റെ പിരമാൾ ക്യാപ്പിറ്റൽ & ഹൗസിങ് ഫിനാൻസിന്റെ ഭാഗമാണ്.
ഡിഎച്ച്എഫ്എല്ലിന് അമേരിക്കൻ കമ്പനിയായ പ്രമേരിക്കയോടൊപ്പം ഒരു ലൈഫ് ഇൻഷുറൻസ് കമ്പനിയുണ്ടായിരുന്നു. അതാണ് ഇപ്പോൾ പിരമളിന്റെ കയ്യിലെത്തിയിരിക്കുന്നത്. ഇവിടെയും ഡിഎച്ച്എഫ്എല്ലിന് വായ്പ കൊടുത്ത ബാങ്ക്/ധനകാര്യ സ്ഥാപനങ്ങൾ നഷ്ടങ്ങൾ നേരിട്ടപ്പോഴും പോളിസി ഉടമകൾക്ക് ഒരു നഷ്ടവും വന്നില്ല. പാപ്പരത്ത നടപടികളിൽനിന്ന് ഇൻഷുറൻസ് കമ്പനികൾക്കുള്ള നിയമപരമായ സംരക്ഷണവും ഐആർഡിഎഐയുടെ നിയന്ത്രണവും മേൽനോട്ടവും തന്നെ കാരണം
English Summary: Why Should We need a Term Insurance Plan