ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
Mail This Article
ഇന്നലെ അമേരിക്കൻ വിപണി നേടിയ അപ്രതീക്ഷിത മുന്നേറ്റം ഇന്ന് ഏഷ്യൻ വിപണികളെ സ്വാധീനിച്ചില്ല. ഏഷ്യൻ വിപണികൾ സമ്മിശ്ര തുടക്കം സ്വന്തമാക്കിയപ്പോൾ അമേരിക്കൻ യൂറോപ്യൻ ഫ്യൂച്ചറുകളും റെഡ് സോണിലാണ്. എസ്ജിഎക്സ് നിഫ്റ്റി 17000 പോയിന്റിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കൻ ടെക് റാലി
അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3 ശതമാനത്തിന് തൊട്ടടുത്തെത്തിയ ഇന്നലെ ഏണിങ് പ്രതീക്ഷകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ക്രൂഡ് ഓയിലിനൊപ്പം വീണ എനർജി സെക്ടറൊഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഇന്നലെ ടെക്-ചിപ്പ് ഓഹരികളുടെ മുന്നേറ്റം നാസ്ഡാകിന് 2.15% മുന്നേറി 13619 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. ഡൗ ജോൺസും എസ്&പിയും ഒന്നര ശതമാനം വീതം മുന്നേറ്റം നേടി. യുക്രെയ്നിലെ റഷ്യൻ ആക്രമണങ്ങൾ അമേരിക്കൻ വിപണി ഗൗനിച്ചില്ല.
ഇന്നലെ വിപണി സമയത്തിന് ശേഷം വന്ന നെറ്റ് ഫ്ലിക്സിന്റെ മോശം റിസൾട്ട് ഇന്ന് അമേരിക്കൻ വിപണിക്ക് ക്ഷീണമായേക്കാം. ഇന്ന് അമേരിക്കൻ വിപണി സമയത്തിന് ശേഷം ടെസ്‌ലയും റിസൽറ്റ് പ്രഖ്യാപിക്കുന്നത് വിപണിക്ക് പ്രധാനമാണ്. ബോണ്ട് യീൽഡും, യുക്രെയ്നിലെ റഷ്യൻ ആക്രമണങ്ങളും, ഹോം സെയിൽസ് ഡേറ്റയും, യൂഎസ് ക്രൂഡ് ഇൻവെന്ററി കണക്കുകളും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
നിഫ്റ്റി
മികച്ച നിലയിൽ വ്യാപാരം തുടർന്ന് വന്ന ഇന്ത്യൻ വിപണി ഇന്നലെ അവസാന മണിക്കൂറിലെ യുദ്ധ വാർത്തകളിൽ തുടർച്ചയായ അഞ്ചാം ദിനവും തകർന്നടിഞ്ഞു. തിങ്കളാഴ്ച തകർച്ചയോടെ തുടങ്ങിയ വിപണി ഇന്നലെ തകർച്ചയോടെ അവസാനിപ്പിച്ചപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും ആത്മ വിശ്വാസവും നഷ്ടമായി. ഇരു ദിവസങ്ങളിലും വിദേശ ഫണ്ടുകൾ 6000 കോടിയിലധികം രൂപയുടെ വിൽപ്പനയാണ് നടത്തിയത്. 16820 പോയിന്റിലേക്ക് വീണ ശേഷം 16958 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16770 പോയിന്റിലും, 16600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17200 പോയിന്റിലും 17480 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ പ്രതിരോധം.
ബാങ്കിങ്, ഫിനാൻസ്, ഫാർമ, എനർജി സെക്ടറുകള്‍ മുന്നേറ്റം നേടിയേക്കാം. റിലയൻസ് മുന്നേറ്റം തുടർന്നേക്കാവുന്നത് ഇന്ത്യൻ വിപണിക്ക് അടിത്തറ നൽകുമെന്ന പ്രതീക്ഷയിലാണ് വിപണി. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മഹിന്ദ്ര, സിപ്ല , ലുപിൻ, ഫൈസർ, എൽ&ടി, കോൾ ഇന്ത്യ, വേദാന്ത, ഗെയിൽ, ഭാരത് ഡൈനാമിക്സ്, എച്എഎൽ, ബിഇഎൽ, ടിസിഎസ്, മൈൻഡ് ട്രീ, ജൂബിലന്റ് ഫുഡ്, ടാറ്റ പവർ, സിൻജീൻ, ചമ്പൽ ഫെർട്ടിലൈസർ, ശ്രീ റാം ട്രാൻസ്‌പോർട്ട്, പോളി ക്യാബ്‌സ്, ഇൻസെക്ടിസൈഡ്സ്, മഹിന്ദ്ര ലൈഫ് സ്പേസ് മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ബാങ്ക് നിഫ്റ്റി
ഇന്നലെ ഒരു ശതമാനം വീണ് 36342 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ സപ്പോർട്ട് 35800 പോയിന്റിലാണ്. 37000 പോയിന്റ് കടന്നാൽ പിന്നെ ബാങ്ക് നിഫ്റ്റി 38000 പോയിന്റിലേക്ക് മുന്നേറിയേക്കും.
റിസൾട്ടുകൾ
ഏഞ്ചൽ വൺ, ടാറ്റ എൽഎൽസി, ഗ്ലെൻ മാർക്ക് ലൈഫ് സയൻസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാ, ജെടിഎൽ ഇൻഫ്രാമുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കും.
ഐഎംഎഫ്
യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ ലോക സാമ്പത്തിക രംഗം നേരിടുന്ന തിരിച്ചടികളുടെ അടിസ്ഥാനത്തിൽ ലോക സമ്പദ് ഘടന വളർച്ച ശോഷണം നേരിടുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. മുൻപ് 9.5%ൽ നിന്നും 9 ശതമാനത്തിലേക്ക് കുറച്ച ഇന്ത്യൻ ജിഡിപി വളർച്ച സാധ്യത വീണ്ടും 8.2 ശതമാനത്തിലേക്ക് കുറയുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.
ക്രൂഡ് ഓയിൽ
ഐഎംഎഫ് ലോക സാമ്പത്തിക വളർച്ചയിൽ ഇടിവ് പ്രവചിച്ചത് ഇന്നലെ ക്രൂഡ് ഓയിലിനും വീഴ്ച നൽകി. ഇന്നത്തെ അമേരിക്കൻ എണ്ണ ശേഖര കണക്കുകളും ക്രൂഡിന് പ്രധാനമാണ്.
സ്വർണം
2000 ഡോളർ എന്ന ലക്‌ഷ്യം നേടിയ രാജ്യാന്തര സ്വർണ വില ബോണ്ട് മുന്നേറ്റത്തിൽ വീണു. 1950 ഡോളറിൽ താഴെ വന്ന രാജ്യാന്തര സ്വർണ വില 1920 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക