ADVERTISEMENT

ഇൻഷുറൻസ് ഒരു കരാറായതിനാൽ 18 വയസ്സായാലേ പോളിസി എടുക്കാനാകൂ. അതിനാൽ കുട്ടിയുടെ സുരക്ഷ ആഗ്രഹിക്കുന്ന രക്ഷിതാവാണ് നിങ്ങളെങ്കിൽ അവർക്കായി പോളിസി എടുക്കണം.  

കുട്ടിക്കായി നിർബന്ധമായും എടുത്തിരിക്കേണ്ട രണ്ടു പോളിസികളുണ്ട്.   

1 ടേം ലൈഫ് കവർ

വരുമാനമുള്ള രക്ഷിതാക്കളുടെ ദേഹവിയോഗം കുട്ടികളുടെ ഭാവി അപകടത്തിലാക്കും എന്നതിൽ സംശയമില്ല. സാമ്പത്തിക സ്രോതസ്സ് നിലയ്ക്കുമ്പോൾ ദൈനം‌ദിന ചിലവുകൾ, വിദ്യാഭ്യാസ ചെലവുകൾ, ചികിൽസാ ചെലവ്, വായ്പാ തിരിച്ചടവ് തുടങ്ങിയവ ആര് നിർവഹിക്കും എന്നത് ഉത്തരമില്ലാത്ത ചോദ്യമായി കുട്ടികളുടെ മുന്നിൽ ഉയരും. ഈ സാഹചര്യം കുട്ടിക്ക് ഒഴിവാക്കണമെങ്കിൽ നിങ്ങൾ രക്ഷിതാക്കൾ ആവശ്യമായ ടേം ലൈഫ് പരിരക്ഷ എടുത്തിരിക്കണം. 

എത്ര കവറേജ്? 

മാതാപിതാക്കളുടെ പ്രതിമാസ വരുമാനത്തിന്റെ 120 ഇരട്ടി തുകയ്ക്കെങ്കിലും, ഇൻഷുർ ചെയ്തിരിക്കണം. അങ്ങനെയെങ്കിൽ രക്ഷാകർത്താവിന്റെ അഭാവത്തിലും കുട്ടിയുടെ ഭാവി സുരക്ഷിതമായിരിക്കും. ഇവിടെ കുട്ടികളെയല്ല ഇൻഷുർ ചെയ്യുന്നത്. വരുമാനമുളള രക്ഷിതാക്കൾക്കാണ് പോളിസി എടുക്കേണ്ടത്. 

എന്തുകൊണ്ട് ടേം പ്ലാൻ? 

∙ കുട്ടിയുടെ ഭാവിക്കായി നിക്ഷേപിച്ചു സമ്പത്ത് വളർത്താനല്ല പോളിസി എടുക്കുന്നത്. അതിനു മികച്ച മറ്റു നിക്ഷേപപദ്ധതികൾ പരിഗണിക്കാവുന്നതാകും കൂടുതൽ നന്ന്. 

∙ നിങ്ങളുടെ മാസവരുമാനത്തിന്റെ 120 ഇരട്ടി എങ്കിലും കുടുംബത്തിനായി ഉറപ്പാക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. അതു ടേം പ്ലാനിലൂടെയേ സാധ്യമാകൂ. മറ്റ് ലൈഫ് പോളിസികളിൽ അത്രയും കവറേജിനുള്ള പ്രീമിയം താങ്ങാനാവാത്തതായിരിക്കും. 

2, ഹെൽത്ത് പോളിസി 

ആരോഗ്യ ഇൻഷുറൻസാണ് ഏതു കുട്ടിക്കും അനിവാര്യമായ രണ്ടാമത്തെ പോളിസി. ഇതിനായി നിങ്ങളുടെ കുടുംബത്തെ ഒന്നായി ഇൻഷുർ ചെയ്യാവുന്ന ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ മതി. കാരണം, ഇവിടെയും കുട്ടിക്കായി പോളിസി കിട്ടില്ല. കുട്ടി ജനിച്ചനാൾ മുതൽ കവറേജ് ലഭ്യമാകുന്ന ഫാമിലി ഫ്ലോട്ടർ പോളിസികൾ ഇപ്പോൾ ലഭ്യമാണ്. സമയാസമയങ്ങളിൽ വാക്സിനേഷൻ നൽകാനുളള ചെലവു വരെ കവർ ചെയ്യുന്ന പോളിസികളുണ്ട്. 

insurance-council2

ഭാവിക്കായി പണം കണ്ടെത്താൻ

ലൈഫ് ഇൻഷുറൻസ് കമ്പനികൾ കുട്ടികൾക്കായി ഒട്ടേറെ പോളിസികൾ അവതരിപ്പിക്കുന്നുണ്ട്. ഓരോ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതി, ഭാവിയിലെ ആവശ്യങ്ങൾ, റിസ്കുകൾ എന്നിവ പരിഗണിച്ചു വേണം ഇവ തിരഞ്ഞെടുക്കാൻ. റിസ്കുകൾ മാത്രം കവർ ചെയ്യുന്നവ, സ്ഥിരവരുമാനം ഉറപ്പു തരുന്നവ, കൂടുതൽ റിസ്കുകൾ എടുക്കാവുന്നവർക്കായി യൂണിറ്റ് ലിങ്ക്ഡ് പോളിസികൾ എന്നിവയും ലഭ്യമാണ്. വിവിധതരം ലൈഫ് പോളിസികൾ നിലവിലുണ്ട്. 

എൻഡോവ്മെന്റ്, മണിബാക്ക് പോളിസികളിൽ ആദായം കുറവായിരിക്കും. എന്നാൽ നിക്ഷേപത്തിനും കിട്ടുന്ന വരുമാനത്തിനും ഉറപ്പുണ്ട്. അതുകൊണ്ട്, കുട്ടികൾക്കായി നിക്ഷേപിക്കുമ്പോൾ ഒരു വിഹിതം ലൈഫ് പോളിസികൾക്കായി മാറ്റിവയ്ക്കാം.

English Summary : Ensure Insurance Coverage for Your Childs Better Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com