ADVERTISEMENT

സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് ആരംഭിച്ച് നാലുമാസം കഴിഞ്ഞിട്ടും പരാതികൾ ഒഴിയുന്നില്ല. സർക്കാരുമായി കരാറിൽ ഒപ്പുവച്ച ആശുപത്രികൾ മെഡിസെപ് വ്യവസ്ഥകൾ കാറ്റിൽ പറത്തുന്ന സംഭവങ്ങളാണ് ഏറെയും. ഓരോ ജില്ലയിലും എംപാനൽ ചെയ്ത ആശുപത്രികളുടെ എണ്ണം വളരെ കുറവാണെന്ന പരാതി നേരത്തെ തന്നെയുണ്ട്. കരാറിൽ ഏർപ്പെട്ട ആശുപത്രികളിലാകട്ടെ മെഡിസെപ് മാർഗരേഖയിൽ പറയുന്ന എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നില്ലെന്ന ആരോപണം വ്യാപകമാണ്. ചികിത്സാ പാക്കേജിന്റ പേരിൽ ഭാഗികമായ പരിരക്ഷ മാത്രം നൽകുന്ന ആശുപത്രികളും ഉണ്ട്. രോഗിക്ക് ലഭിക്കേണ്ട ചികിത്സകളിൽ പലതും പാക്കേജിൽ ഉൾപ്പെടുന്നില്ലെന്ന് പറഞ്ഞ് ചികിത്സാ ചെലവിന്റെ  നല്ലൊരു ഭാഗം രോഗികളിൽ നിന്ന് ഈടാക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പുതിയ മറ്റൊരു ആരോപണമാണ് ചില ആശുപത്രികൾക്കു നേരെ ഉയർന്നിട്ടുള്ളത്. 

ബില്ലിൽ ഒളിഞ്ഞിരിക്കുന്ന ചതി

മെഡിസെപ് ചികിത്സാനുകൂല്യം നേടി ഡിസ്ചാർജ് ചെയ്യുന്ന രോഗിക്ക് നൽകുന്ന ബില്ലിലാണ് ചതി ഒളിഞ്ഞിരിക്കുന്നത്. രോഗിക്ക് നൽകുന്ന ബിൽ തുകയുടെ ഇരട്ടിയിലധികം തുകയ്ക്കുള്ള ബില്ലാണ് ചില ആശുപത്രികൾ ക്ലെയിമിനായി ഇൻഷുറൻസ് കമ്പനിയിലേക്ക് സമർപ്പിക്കുന്നത്. രോഗിക്ക് നൽകുന്ന ബില്ലല്ല ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കുന്നത് എന്നു സാരം. ബില്ലിൽ രോഗി ഒപ്പിട്ട് നൽകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ചില ആശുപത്രികളിൽ ഇത്തരം തട്ടിപ്പ് നടന്നതായി രോഗികൾ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായാണ് അറിവ്. 

2000 രൂപയിൽ കുറഞ്ഞ മുറിയില്ല

മുറിവടക ക്ലെയിം ചെയ്യുന്ന കാര്യത്തിലും ആശുപത്രികൾ ക്രമക്കേട് നടത്തുന്നുണ്ടെന്നാണ് മറ്റൊരു ആരോപണം. മെഡിസെപിൽ പ്രതിദിനം 2000 രൂപ ക്ലെയിം ചെയ്യാൻ വ്യവസ്ഥയുണ്ട്. ഇതിൽ കൂടുതൽ വാടകയുള്ള മുറിയെടുത്താൽ വ്യത്യാസമുള്ള തുക രോഗി വഹിക്കേണ്ടി വരും. അതേ സമയം 2000 രൂപയിൽ താഴെയുളള മുറി എടുത്താലും ആശുപത്രികൾ പരമാവധി തുക വാടകയിനത്തിൽ ക്ലെയിം ചെയ്യുന്നതായാണ് പരാതി.

ചികിത്സാ ദിവസങ്ങളുടെ പേരിലും

യഥാർത്ഥ ചികിത്സ നടത്തിയ ദിവസങ്ങളിലും കൂടുതൽ ദിവസങ്ങൾ ചികിത്സ നടത്തിയതായി കാണിച്ച് ക്ലെയിം അടിച്ചെടുക്കുന്ന ആശുപത്രികളും ഉണ്ടത്രേ. പക്ഷേ ഇക്കാര്യങ്ങളൊന്നും പല രോഗികളും ശ്രദ്ധിക്കാറില്ല. തങ്ങളുടെ മൊത്തം ഇൻഷുറൻസ് തുകയിലുണ്ടാകുന്ന ചോർച്ച പിന്നീട് ആശുപത്രികളിൽ ചികിത്സയ്ക്ക് സമീപിക്കുമ്പോഴാണ് അറിയുന്നത്.

എങ്ങനെ അറിയും? എന്തു ചെയ്യും?

ആശുപത്രി നമുക്കു തന്ന ബില്ലിലെ തുക തന്നെയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ക്ലെയിം ചെയ്തു വാങ്ങിയിരിക്കുന്നതെന്ന് എങ്ങനെ അറിയും? medisep.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് യൂസർ ഐഡിയും പാസ് വേഡും നൽകി സ്വന്തം പ്രൊഫൈൽ എടുക്കുക. അതിലെ ക്ലെയിം ഹിസ്റ്ററി പരിശോധിച്ചാൽ എത്ര തുകയാണ് നമ്മുടെ അക്കൗണ്ടിൽ നിന്നും കുറവു ചെയ്തിരിക്കുന്നത് എന്നും ബാക്കി എത്ര തുക നീക്കിയിരിപ്പുണ്ടെന്നും മനസ്സിലാക്കാം. ആശുപത്രിയിൽ നിന്ന് നമുക്കു തന്ന ബിൽ തുകയിൽ നിന്ന് വ്യത്യാസം കണ്ടാൽ പ്രൊഫൈലിലെ Grievance മെനുവിൽ ക്ലിക്ക് ചെയ്ത് തെളിവു സഹിതം പരാതി സമർപ്പിക്കുക. ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ ബില്ല് /ബിൽ കോപ്പി ചോദിച്ചു വാങ്ങാനും മറക്കരുത്.

English Summary : Beware about Medisep Treatment Bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com