മെഡിസെപ്: പുതിയ ജീവനക്കാരും മൂന്നു വർഷത്തെ പ്രീമിയം അടയ്ക്കണം
Mail This Article
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ കരാർ കാലാവധിയായ മൂന്നു വർഷത്തിനിടെ എപ്പോൾ ചേർന്നാലും തുടക്കം മുതലുള്ള പ്രീമിയം അടയ്ക്കണം. മൂന്നു വർഷത്തെ മുഴുവൻ പ്രീമിയം തുക അടയ്ക്കുന്ന ജീവനക്കാർക്കു മാത്രമേ പദ്ധതിയുടെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ.
മെഡിസെപ് പദ്ധതി ആരംഭിച്ചത് 2022 ജൂലായ് 1 മുതലാണ്. 2025 ജൂൺ 30 വരെ മൂന്നു വർഷമാണ് പദ്ധതിയുടെ കാലാവധി. ഇതിനിടയിൽ പുതുതായി ജോലിക്കു പ്രവേശിക്കുന്നവർ തുടക്കം മുതലുള്ള പ്രീമിയം അടച്ചെങ്കിൽ മാത്രമേ Catastrophic പാക്കേജ് ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളുവെന്ന് ധനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പ്രതിമാസം 500 രൂപയാണ് മെഡിസെപ് പ്രീമിയമായി ജീവനക്കാരിൽ നിന്നും ഈടാക്കുന്നത്.
കുടിശിക ഈടാക്കും
മൂന്നു വർഷത്തെയും തുക പൂർണമായും അടച്ചാൽ മാത്രമേ ആനുകൂല്യം ലഭിക്കൂ എന്ന കരാറാണ് കമ്പനിയുമായുള്ളതെന്ന് ധനവകുപ്പു വ്യക്തമാക്കുന്നു. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കു വേണ്ടി സർക്കാർ മുൻകൂറായി പ്രീമിയം അടച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ ഈ തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കുടിശികയായി ഈടാക്കുമെന്ന് ഉത്തവിൽ പറയുന്നു. തങ്ങൾ സർവീസിൽ ഇല്ലാത്ത കാലത്തെ കുടിശിക നിർബന്ധപൂർവം ഈടാക്കുന്നത് അന്യായമാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം.