ജോലി മാറിയാലും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടരേണ്ടേ?
Mail This Article
ജോലി മാറുമ്പോഴോ, ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുമ്പോഴോ നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ, ആശുപത്രി ചെലവുകൾക്ക് എന്തുചെയ്യും? തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസത്തിൽ അവസാനിക്കും. എന്നാൽ ചില കമ്പനികൾ ജീവനക്കാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ തുടർന്നും നൽകുകയും പ്രീമിയം പൂർണ്ണമായോ ഭാഗികമായോ അടയ്ക്കുകയും ചെയ്യാറുണ്ട്.
വ്യക്തിഗത പോളിസിയിലേയ്ക്ക് മാറാം
എന്നാൽ ഗ്രൂപ്പ് ഇൻഷുറൻസിൽ നിന്ന് വ്യക്തിഗത ഇൻഷുറൻസിലേക്ക് മാറുന്നതിനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ അതാണ് നല്ലത്. പക്ഷെ ഏതാനും ഇൻഷുറൻസ് കമ്പനികളും തൊഴിലുടമകളും മാത്രമാണ് ഇതിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നത്. അതിനാൽ, ഒരു വ്യക്തിഗത ഇൻഷുറൻസ് പ്ലാനിലേക്ക് മാറാൻ സൗകര്യം ലഭിച്ചാൽ നിങ്ങളുടെ തൊഴിലുടമയുമായി അതിന്റെ കാര്യങ്ങളെ കുറിച്ച് സംസാരിച്ച് തീരുമാനിക്കണം. നിങ്ങൾ ഇതിനായി അധിക പ്രീമിയം അടയ്‌ക്കേണ്ടി വന്നേക്കാം. കൂടാതെ ഗ്രൂപ്പിൽ നിന്ന് വ്യക്തിഗത ആരോഗ്യ ഇൻഷുറൻസിലേക്ക് മാറുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റും നൽകേണ്ടി വന്നേക്കാം.
അധിക ചെലവ്
ജോലി പോകുമ്പോൾ പലർക്കും ആരോഗ്യ ഇൻഷുറൻസ് ഇങ്ങിനെ പുതുക്കിയെടുക്കാം എന്ന കാര്യം അറിയാത്തതിനാൽ പുതിയ ആരോഗ്യ ഇൻഷുറൻസ് കുടുംബത്തിനായി എടുക്കേണ്ടി വരാറുണ്ട്. സാധാരണക്കാരന് അതൊരു അധിക ചെലവുണ്ടാകുന്ന കാര്യമാണ്. അതുകൊണ്ടു ജോലി പോകുകയാണെങ്കിൽ പോക്കറ്റ് ചോർച്ച കുറയ്ക്കാൻ നിലവിലെ ജോലിയിലെ ഗ്രൂപ്പ് ഇൻഷുറൻസിനെ വ്യക്തിഗത ഇൻഷുറൻസ് ആക്കി മാറ്റുക.
English Summary : How to Maintain Your Insurance Protection if Lost Your Job