ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ നിങ്ങൾക്കും ലഭിക്കും ഇൻഷുറൻസ് കവറേജ്
Mail This Article
നിങ്ങൾ ഏതെങ്കിലും ഓൺലൈൻ, സൈബർ തട്ടിപ്പുകൾക്ക് ഇരയായോ? സൈബർ പോളിസി കവറേജ് ഉണ്ടെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് കവറേജ് ലഭിക്കും. സാധാരണയായി കോർപ്പറേറ്റ് കമ്പനികൾക്കും മറ്റും സൈബർ ഇൻഷുറൻസ് കവറേജ് ഉണ്ടെങ്കിലും സ്വകാര്യ വ്യക്തികൾക്കായി കവറേജ് നൽകിയിരുന്നില്ല. ഇപ്പോൾ ചില ഇൻഷുറൻസ് കമ്പനികൾ വ്യക്തികൾക്കായി പഴ്സനൽ സൈബർ ഇൻഷുറൻസ് കവർ പോളിസകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഏതൊക്കെ കമ്പനികൾ
എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, ഫ്യൂചർ ജനറലി ഇൻഷുറൻസ് ഇന്ത്യ തുടങ്ങിയ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പഴ്സനൽ സൈബർ പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ കൂടി
സൈബർ ഇടങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണ്. രണ്ടു വർഷത്തെ കോവിഡിനു ശേഷം ജനങ്ങൾ കൂടുതലായി ഓൺലൈൻ ആശ്രയിച്ചുതുടങ്ങി. വർക്ക് ഫ്രം ഹോം വ്യാപകമായപ്പോൾ സിഇആർടി–ഇൻ റിപ്പോർട്ട് അനുസരിച്ച് സൈബർ സെക്യൂരിറ്റി ഇൻഡക്സ് 2018 ൽ 2.08 ലക്ഷമായിരുന്നെങ്കിൽ 2021 ൽ അത് 14.02 ലക്ഷമായി ഉയർന്നു. ഇതോടൊപ്പം സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു. 2020–21 കാലയളവിൽ എംടിഎം, ഡബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ 63.4 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊതുമേഖല, സ്വകാര്യ ബാങ്കുകൾ റിപ്പോർട്ട് ചെയ്യുന്നു. നിരന്തരം ഓൺലൈൻ ഇടപാടുകൾ നടത്തുന്ന വ്യക്തിയാണെങ്കിൽ പഴ്സനൽ സൈബർ ഇൻഷുറൻസ് കവർ എടുക്കുന്നതു നല്ലതാണ്.
എന്താണ് കവറേജ്
ഫിഷിങ്, ഐഡന്റിറ്റി തെഫ്റ്റ്, സോഷ്യൽ മീഡിയ ഹാക്കിങ്, സ്റ്റാക്കിങ് (സൈബർ ബുള്ളിയിങ്) എന്നിങ്ങനെ ഐആർഡിഐ ലിസ്റ്റ് ചെയ്തിട്ടുള്ള പതിനൊന്നോളം ഇനങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ കവറേജ് നൽകും. 10,000 രൂപ മുതൽ 5 കോടി രൂപവരെയാണ് പഴ്സനൽ കവറേജ് ലഭിക്കുക. ഉപയോക്താക്കൾക്ക് വേണമെങ്കിൽ പ്രത്യേക കുറ്റകൃത്യങ്ങൾക്കു മാത്രമായും കവറേജ് എടുക്കാം. കസ്റ്റമൈസേഷൻ ഓപ്ഷൻ ഉണ്ട്. ഐടി കൺസൽട്ടേഷൻ, സൈക്യാട്രിക് കൗൺസിലിങ് തുടങ്ങിയ സേവനങ്ങൾ വേണമെങ്കിൽ ചെറിയ തുക അധികമായി നൽകിയാൽ മതി.
പഴ്സനൽ പ്ലാനിൽ വരുന്ന കവറേജുകൾ
∙തെഫ്റ്റ് ഓഫ് ഫണ്ട് (ഫണ്ട് തട്ടിപ്പ്)
മൂന്നാമതൊരാൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, മൊബൈൽ വോലെറ്റ് എന്നിവയിൽ ഏതെങ്കിലും ഹാക്ക് ചെയ്യുകയും തന്മൂലം പണം നഷ്ടമാകുകയും ചെയ്താൽ കവറേജ് ലഭിക്കും.
∙സൈബർ ബുള്ളിയിങ്, സ്റ്റാക്കിങ് (സൈബർ അധിക്ഷേപം)
സമൂഹമാധ്യമങ്ങളിലൊ മറ്റൊ സൈബർ ആക്രമണത്തിനു വിധേയമായാൽ അധിക്ഷേപിച്ച വ്യക്തിക്കെതിരെ നിയമ നടപടിപകൾ സ്വീകരിക്കുന്നതിനുള്ള ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കും.
∙മാൽവയർ, ഡാറ്റ റിസ്റ്റൊറേഷൻ ചെലവ്
മാൽവയർ (വൈറസ് അറ്റാക്ക്) മൂലം നിങ്ങളുടെ ഡാറ്റ നഷ്ടപ്പെട്ടാൽ അതു പുനസ്ഥാപിക്കുന്നതിനുള്ള ചെലവ്.
∙ഫിഷിങ്
സൈബർ ഫിഷിങ് (എസ്എംഎസ്, ഇ–മെയിൽ എന്നിവയിലൂടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സന്ദേശം അയക്കുകയും ഒടിപി, പാസ്‌വേർഡ് എന്നിവ ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തുക) മൂലം നഷ്ടം സംഭവിച്ചാൽ ആ നഷ്ടം നികത്തുന്നതിനൊടൊപ്പം അത് ചെയ്തവർക്കെതിരെയുള്ള നിയമ നടപടികൾക്കുള്ള ചെലവും ഇൻഷുറൻസിലൂടെ ലഭിക്കും.
∙സൈബർ എക്സ്ടോർഷൻ
സൈബർ എക്സ്ടോർഷൻ (മുൻനിര ബിസിനസ് സ്ഥാപനങ്ങളുടെ രഹസ്യ സ്വഭാവമുള്ള ഡാറ്റ ചോർത്തുകയും അവ തിരികെ നൽകുന്നതിനു പണം ആവശ്യപ്പെടുകയും ചെയ്യുക) മൂലമുള്ള നഷ്ടങ്ങൾക്ക് കവറേജ് ലഭിക്കുന്നു. കൂടാതെ നിയമ നടപടികൾക്കുള്ള ചെലവും ലഭിക്കും.
∙ഐഡന്റിറ്റി തെഫ്റ്റ്
വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചു നിങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയാൽ ഉണ്ടാകുന്ന നഷ്ടം നികത്തുന്നു. കൂടാതെ നിയമ നടപടികൾക്കുണ്ടാകുന്ന ചെലവ്, യാത്രാ ചെലവ് തുടങ്ങിയവയും കവറേജിൽ ഉൾപ്പെടുന്നു.
∙മീഡിയ ലയബലിറ്റി ക്ലെയിം
ഏതെങ്കിലും ബ്രോഡ്കാസിറ്റിങ് സ്ഥാപനം, മീഡിയ, ഡിജിറ്റൽ മീഡീയ വഴി നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ എന്തെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ അവ പ്രതിരോധിക്കുന്നതിന് ക്ലെയിം ലഭിക്കും.
∙സോഷ്യൽ മീഡിയ (സമൂഹ മാധ്യമങ്ങൾ)
സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ പ്രതിരോധിക്കുന്നതിനും നിയമനടപടി, യാത്ര എന്നിവയ്ക്കുള്ള ചെലവ് ലഭിക്കും.
∙അംഗീകൃതമല്ലാത്ത ഓൺലൈൻ ഇടപാടുകൾ
തട്ടിപ്പിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, മൊബൈൽ വോലെറ്റ് എന്നിവ ഉപയോഗിച്ചു മൂന്നാമതൊരാൾ ഓൺലൈൻ വിൽപ്പന സൈറ്റുകളിൽനിന്നു സാധനങ്ങൾ വാങ്ങിയാൽ കവറേജ് ലഭിക്കും.
ഇ–മെയിൽ സ്പൂഫിങ് (വഞ്ചന)
സ്പൂഫിങ്ങിലൂടെ നിങ്ങളുടെ ഇ–മെയിൽ ഹാക്ക് ചെയ്യുകയും തന്മൂലം സാമ്പത്തിക നഷ്ടം ഉണ്ടായാൽ അവയ്ക്ക് കവറേജ് ലഭിക്കുന്നതിനോടൊപ്പം നിയമ നടപടി സ്വീകരിക്കുന്നതിനുള്ള ചെലവും ലഭിക്കും.
∙ഡാറ്റ ബ്രീച്ച് ആൻഡ് പ്രൈവസി ബ്രീച്ച് (സുരക്ഷാ ലംഘനം)
ഡാറ്റ ബ്രീച്ച് / പ്രൈവസി ബ്രീച്ച് (രഹസ്യ സ്വഭാവമുള്ള ഡാറ്റ മോഷ്ടിക്കുകയോ കോപ്പി ചെയ്യുകയോ അംഗീകാരമില്ലാത്തവർ കൈകാര്യം ചെയ്യുകയോ ചെയ്യുക) മൂലം നഷ്ടം സംഭവിച്ചാൽ കവറേജ് ലഭിക്കും. ഒപ്പം അവ പ്രതിരോധിക്കുന്നതിനുള്ള ചെലവും ലഭിക്കും.
English Summary : Details of Insurance Protection Against Cyber Fraud