ADVERTISEMENT

സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ നിന്നു കരകയറാനുള്ള മാര്‍ഗങ്ങള്‍ സ്വായത്തമാക്കുക എന്നത് ഒറ്റ ദിവസം കൊണ്ടു നേടിയെടുക്കാനാവില്ല. ചില കാര്യങ്ങളില്‍ പിതാവു നല്‍കുന്ന പരിശീലനം മക്കളെ മികച്ച സാമ്പത്തിക ശീലങ്ങളുമായി മുന്നോട്ടു പോകാന്‍ സഹായിക്കും.

1. പണത്തെ കുറിച്ച് ധാരണ വളര്‍ത്തിയെടുക്കുക

 

കുട്ടികളെ സമ്പാദിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന വിധത്തില്‍ പിഗ്ഗി ബാങ്കുകള്‍ നല്‍കുകയും മറ്റും ചെയ്ത് അവരെ ഈ രംഗത്തേക്കു കൊണ്ടു വരാം. വളര്‍ന്നു വരുന്നതനുസരിച്ച് ബാങ്കിങിനെ കുറിച്ചും ബജറ്റിനെ കുറിച്ചും ഭാവിയിലേക്കായി സമ്പാദിക്കുന്നതിനെ കുറിച്ചുമെല്ലാം അവരെ പഠിപ്പിക്കാം. കുട്ടികള്‍ക്കായി ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും അവരില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്ന രീതിയില്‍ പിപിഎഫ് അക്കൗണ്ട് പോലുള്ളവ പരിഗണിക്കുകയും ചെയ്യാം.

2. ബജറ്റിങിനു പര്യാപ്തരാക്കുക

girl6

അവധിക്കാലം അടക്കമുള്ളവ ആസൂത്രണം ചെയ്യുന്നതിലും അതിനുള്ള ബജറ്റ് തയ്യാറാക്കുന്നതിലും കുട്ടികളെ നിങ്ങള്‍ക്കു പങ്കാളികളാക്കാം.  അതിനായുള്ള വിവരങ്ങള്‍ അവര്‍ ശേഖരിക്കട്ടെ. താമസം, ഭക്ഷണം തുടങ്ങിയവയ്ക്കായുള്ള സൗകര്യങ്ങള്‍ നിശ്ചിത തുകയ്ക്കുള്ളില്‍ നിന്നു കണ്ടെത്താനും അവര്‍ക്ക് അവസരം നല്‍കാം. ഇക്കാര്യത്തില്‍ അവരെ മുതിര്‍ന്നവരെ പോലെ തന്നെ കണക്കാക്കുകയും അതിലൂടെ വിലയേറിയ അനുഭവങ്ങള്‍ ലഭ്യമാക്കുകയും ചെയ്യാം. വീട്ടിലേക്കുള്ള ബജറ്റ് തയ്യാറാക്കാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുക. അതിനിടെ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം. 

3. പണത്തിന്റെ കാര്യത്തില്‍ പുതിയ സൂത്രവാക്യങ്ങള്‍ സ്വീകരിക്കുക

വരുമാനമുണ്ടാക്കാന്‍ തുടങ്ങുന്ന യുവാക്കളെ സമ്പാദിക്കുന്നതിന് നല്‍കേണ്ട മുന്‍ഗണനയെ കുറിച്ചു പഠിപ്പിക്കണം. വരുമാനത്തില്‍ നിന്നു ചെലവു കുറയ്ക്കുന്നതാണ് സമ്പാദ്യം എന്ന രീതിയിലെ ചിന്താഗതിയില്‍ നിന്ന് അവരെ മുക്തരാക്കണം. വരുമാനത്തില്‍ നിന്നു സമ്പാദ്യം കുറച്ചുള്ളതാണ് ചെലവ് എന്ന രീതിയിലേക്ക് അവരെ ബോധവല്‍ക്കരിക്കുകയും വേണം.  ഇത്തരത്തിലൊരു ബോധം അവരിലുണ്ടാകുന്നതോടെ അവരില്‍ സാമ്പത്തിക അച്ചടക്കം വളരുകയും അടിച്ചമര്‍ത്തപ്പെട്ടു എന്ന തോന്നലില്ലാതെ അതുമായി മുന്നോട്ടു പോകുകയും ചെയ്യും.  ക്രമേണ അവരെ മറ്റു സമ്പാദ്യ രീതികളിലേക്കും നിക്ഷേപ മാര്‍ഗങ്ങളിലേക്കും കൊണ്ടു പോകാം.

4. നിക്ഷേപ ചുവടുവയ്പുകള്‍ ലളിതമാക്കുക

എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാവുന്ന എസ്‌ഐപികളും റിക്കറിങ് ഡെപോസിറ്റുകളും പോലുള്ള മാര്‍ഗങ്ങള്‍ വഴി നിക്ഷേപം ആരംഭിക്കുവാന്‍ യുവാക്കളെ പ്രോല്‍സാഹിപ്പിക്കുക. സ്വയം ചെയ്യാനാവുന്ന ഇത്തരം നിക്ഷേപ മാര്‍ഗങ്ങള്‍ വഴി അവരില്‍ സമ്പാദിക്കുന്നതും സ്ഥിരമായി നിക്ഷേപിക്കുന്നതുമായ സ്വഭാവം വളര്‍ത്തിയെടുക്കാനാവും.  പ്രാരംഭ നിക്ഷേപ തുകയുടെ കാര്യത്തിലാവരുത് കൂടുതല്‍ ശ്രദ്ധ.  സമ്പാദ്യ, നിക്ഷേപ സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കുന്ന കാര്യത്തിലാവണം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. 

5. സമഗ്രമായ ഫിനാന്‍ഷ്യല്‍ പ്ലാനുമായി പിന്തുണ നല്‍കുക

സാമ്പത്തിക കാര്യങ്ങളില്‍ അറിവു നല്‍കുന്നതിന് ഒപ്പം ശക്തമായ ഒരു സാമ്പത്തിക പദ്ധതികൂടി ലഭ്യമാക്കേണ്ടത് ആവശ്യമാണ്.  നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പദ്ധതി തയ്യാറാക്കാനായി സാമ്പത്തിക ഉപദേശകന്റെ സഹായം തേടാം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായുള്ള യൂലിപിനോടൊപ്പം വരുമാനം നേടുന്ന അംഗത്തിന്റെ വിയോഗത്തില്‍ സാമ്പത്തിക പിന്തുണയാകുന്ന വിധത്തിലുള്ള ടേം ഇന്‍ഷൂറന്‍സ് പരിഗണിക്കാവുന്നതാണ്. അപ്രതീക്ഷിത മെഡിക്കല്‍ ചെലവുകളെ നേരിടാനാവും വിധത്തില്‍ മുഴുവന്‍ കുടുംബത്തിനും ആരോഗ്യ ഇന്‍ഷൂറന്‍സ് നേടുന്നതിനു മുന്‍ഗണന നല്‍കണം. ബില്ലുകളും വായ്പാ തിരിച്ചടവുകളും കൃത്യസമയത്തു തിരിച്ചടച്ചും ആദായ നികുതി റിട്ടേണുകള്‍ കൃത്യമായി സമര്‍പ്പിച്ചും സാമ്പത്തിക പദ്ധതികള്‍ എല്ലാ വര്‍ഷവും വിശകലനം ചെയ്തും  സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തണം.

ഈ ചുവടു വെയ്പുകള്‍ പിന്തുടര്‍ന്നും അറിവുകള്‍ നേടാനുള്ള അവസരങ്ങള്‍ ലഭ്യമാക്കിയും പിതാവിന് തങ്ങളുടെ കുട്ടികള്‍ക്ക് വിലയേറിയ സാമ്പത്തിക കഴിവുകള്‍ നല്‍കുകയും കുടുംബത്തിന്റെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കുകയും ചെയ്യാനാവും.

ലേഖകൻ ഇന്ത്യ ഫസ്റ്റ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്

English Summary : Father's Role in Kid's Finacial Lessons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com