വെറും 89 രൂപ വീതം നിക്ഷേപിച്ചാൽ മതി 6 ലക്ഷം കൈയിൽ കിട്ടും!
Mail This Article
നമ്മള്‍ പല കാര്യത്തിനും പണം ചിലവാക്കുന്നുണ്ട്.ഓണ്‍ലൈന്‍ വഴിയെല്ലാം അനാവശ്യമായി പണം ചെലവാക്കിയാണ് പലതും വാങ്ങികൂട്ടുന്നത് തന്നെ. എന്നാല്‍ ഇത്തരം അനാവശ്യ ചെലവുകള്‍ ഒന്ന് ചുരുക്കി ദിവസം വെറും 89 രൂപ മാറ്റിവയ്ക്കാന്‍ നിങ്ങളുടെ കൈയ്യിലുണ്ടോ?. എന്നാല്‍ നേടാം 6 ലക്ഷം രൂപയോളം. എന്നാല്‍, സ്ത്രീകള്‍ക്ക് മാത്രമേ ഈ നേട്ടം ലഭിക്കൂ. അതായത്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു പദ്ധതിയാണ് ആധാര്‍ ശില പ്ലാന്‍. ഈ പ്ലാന്‍ വഴിയാണ് ഇത്രയും മികച്ച റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നത്
സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ മുന്‍നിര്‍ത്തിയാണ് എല്‍.ഐ.സി. ഈ പ്ലാന്‍ കൊണ്ട് വന്നത്. ഓഹരി വിപണിയില്‍ ബന്ധിപ്പിക്കാത്ത പരമ്പരാഗത പ്ലാനാണിത്. അതായത്, കാലാവധി കഴിയുമ്പോള്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കും. അതിനാല്‍ പെണ്‍മക്കള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് അവരുടെ പേരില്‍ തുടങ്ങാന്‍ പറ്റുന്ന പോളിസികളിലൊന്നാണിത്.
പദ്ധതിയില്‍ ചേരാന്‍
എട്ട് വയസ് മുതലാണ് ആധാര്‍ ശില പ്ലാനില്‍ ചേരാന്‍ സാധിക്കുക. 55 വയസാണ് പോളിസിയെടുക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി. 55 വയസ് കഴിഞ്ഞാല്‍ പോളിസി എടുക്കാന്‍ സാധിക്കില്ല. അങ്ങനെയാകുമ്പോൾ, കുറഞ്ഞത് 10 വര്‍ഷവും പരമാവധി 20 വര്‍ഷവും പോളിസിയുടെ പ്രീമിയം അടയ്ക്കാന്‍ സാധിക്കും. പരമാവധി മെച്യൂരിറ്റി പ്രായം 70 വയസാണ്.
നിക്ഷേപം
താല്‍പ്പര്യമുള്ള നിക്ഷേപകര്‍ക്ക് കുറഞ്ഞത് 2 ലക്ഷം രൂപ മുതല്‍ പരമാവധി 5 ലക്ഷം രൂപ വരെ തെരെഞ്ഞെടുക്കാം. അതായത്, 55 വയസുള്ള ഒരു സ്ത്രീ 15 വര്‍ഷത്തേക്ക് ദിവസം 89 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ നിക്ഷേപത്തിന്റെ ആദ്യ വര്‍ഷമവസാനിക്കുമ്പോള്‍ ആകെ നിക്ഷേപം 32,315 രൂപയായിരിക്കും. 15വര്‍ഷം കൊണ്ട് നിക്ഷേപിച്ച തുക 4,74,981 രൂപയാകുകയും 70 വയസില്‍ ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് മൊത്തം 6 ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ടാകുകയും ചെയ്യുന്നു.
25 വയസുള്ളവർ മാസം 76 രൂപ നിക്ഷേപിച്ചാല്‍ മതി.15 വര്‍ഷം കൊണ്ട് 4,04,978 രൂപയാണ് അടയ്ക്കുക. ഇതുവഴി ലഭിക്കുക ആറ് ലക്ഷം രൂപ.
മാസം തോറും അല്ലെങ്കില്‍ വാര്‍ഷികം, അര്‍ധവാര്‍ഷികം, ത്രൈമാസം എന്നിങ്ങനെയാണ് പണം നിക്ഷേപിക്കേണ്ടത്. നിക്ഷേപകർ പോളിസി എടുക്കുമ്പോള്‍ തന്നെ പണം അടയ്ക്കുന്ന രീതി തെരെഞ്ഞെടുക്കണം.
മറ്റ് സവിശേഷതകള്‍
പോളിസി കാലയളവു പൂര്‍ത്തിയാക്കുന്നൊരാള്‍ ലൈഫ് അഷ്വേര്‍ഡ് മെച്യൂരിറ്റി ബെനിഫിറ്റ് ലഭിക്കാന്‍ യോഗ്യയാകുന്നുവെന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്.
തുടര്‍ച്ചയായി രണ്ട് പോളിസി വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പോളിസി ഉടമകള്‍ക്ക് അവരുടെ പോളിസി സറണ്ടര്‍ ചെയ്യാന്‍ അപേക്ഷിക്കാം. വായ്പാ സൗകര്യവും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കാലയളവില്‍ മരണം നടന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് പോളിസിയുടെ ഗുണം ലഭിക്കും.
എല്‍.ഐ.സി.എജന്റ് വഴിയോ അല്ലെങ്കില്‍ വെബ്സൈറ്റ് വഴിയോ പോളിസിക്കായി അപേക്ഷിക്കാം. പോളിസി എടുക്കുമ്പോള്‍ ആവശ്യമായ രേഖകളെല്ലാം അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.