അഭിമാനം! എല്‍ഐസി ലോകത്തിലെ നാലാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനി
Mail This Article
പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനി. കരുതല്‍ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ നാല് കമ്പനികളുടെ കൂട്ടത്തില്‍ എല്‍ഐസി ഇടം നേടിയിരിക്കുന്നത്. എസ് & പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി മുന്‍നിരയില്‍ ഇടം പിടിച്ചിരിക്കുന്നത്.
അലയന്‍സ് എസ്ഇ, ചൈന ലൈഫ് ഇന്‍ഷുറന്‍സ്, നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവരാണ് എല്‍ഐസിക്ക് മുമ്പിലുള്ളത്. റിപ്പോര്‍ട്ട് പ്രകാരം എല്‍ഐസിയുടെ കരുതല്‍ ശേഖരം 504 ബില്യണ്‍ ഡോളറാണ്. നിപ്പോണിന്റേത് 536 ബില്യണ്‍ ഡോളറും ചൈന ലൈഫ് ഇന്‍ഷുറന്‍സിന്റെത് 616 ബില്യണ്‍ ഡോളറും അലയന്‍സ് എസ്ഇയുടേത് 750 ബില്യണ്‍ ഡോളറുമാണ്.
അലയന്‍സ് എസ്ഇ ജര്‍മന്‍ കമ്പനിയാണ്. മറ്റ് രണ്ട് കമ്പനികള്‍ ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമാണ്. പട്ടികയിലെ ടോപ് കമ്പനികളില്‍ 17 എണ്ണം ഏഷ്യയില്‍ നിന്നാണ്. ടോപ് 50 ഗ്ലോബല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും ഇടം പിടിച്ചിട്ടുണ്ട്.
ഏഷ്യയിലെ വളരുന്ന വിപണികളിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അടുത്ത വലിയ സാധ്യതകളെന്ന് എസ് & പി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവരുടെ ഏണ്ണം ഇത്തരം വിപണികളില്‍ വളരെ കൂടുതലാണെന്നതാണ് കാരണം.
ഓഹരി വിപണിയിലും എല്‍ഐസി മികച്ച മുന്നേറ്റമാണ് ഇപ്പോള്‍ നടത്തുന്നത്. പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ശേഷം വ്യാപാരം ആരംഭിച്ച എല്‍ഐസി ഓഹരി വില കുറച്ചുകാലത്തേക്ക് ഇടിഞ്ഞെങ്കിലും കഴിഞ്ഞ ആറ് മാസമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ആറ് മാസത്തിനിടെ എല്‍ഐസി ഓഹരിവിലയിലുണ്ടായത് 20 ശതമാനം വര്‍ധനയാണ്. കഴിഞ്ഞ മാസം മാത്രം 16 ശതമാനത്തിന്റെ വര്‍ധന ഓഹരിവിലയിലുണ്ടായി.
ഗുജറാത്തിലെ ആഗോള ധനകാര്യ കേന്ദ്രമായ ഗിഫ്റ്റ് സിറ്റിയിലും എല്‍ഐസി ഉടന്‍ ബ്രാഞ്ച് തുറക്കുമെന്ന് അടുത്തിടെ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതും നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കി. നിലവില്‍ 14 രാജ്യങ്ങളില്‍ എല്‍ഐസിക്ക് സാന്നിധ്യമുണ്ട്.