കുഞ്ഞ് ജനിക്കുമ്പോഴേ ഭാവിക്കുറിച്ച് ചിന്തിക്കാം
Mail This Article
കുട്ടികളല്ലേ അവരുടെ ഭാവിയെ കുറിച്ച് ഇപ്പോഴെ ചിന്തിക്കണോ എന്നതാണ് രക്ഷിതാക്കള്‍ പലപ്പോഴും കരുതുക. എന്നാല്‍ തെറ്റി. ഒരു കുട്ടി ജനിച്ചു വീഴുമ്പോള്‍ തന്നെ ഭാവിയെ കുറിച്ച് ചിന്തിക്കേണ്ട കാലമാണിപ്പോൾ. അതുകൊണ്ട് തന്നെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) കുട്ടികള്‍ക്കായി അവതരിപ്പിച്ച പുതിയ പോളിസിയാണ് 'അമൃത് ബാല്‍ ഇന്‍ഷുറന്‍സ് പ്ലാന്‍'.
1000ന് 80 രൂപ നിരക്കില്‍ പോളിസി കാലയളവ് മുഴുവന്‍ ഗ്യാരണ്ടീഡ് അഡിഷന്‍ നല്‍കുന്ന എന്‍ഡോവ്‌മെന്റ് പ്ലാന്‍ കൂടിയാണിത്.
ഒരു മാസം മുതല്‍ നിക്ഷേപിക്കാം
ഒരു കുട്ടി ജനിച്ച് 30 ദിവസം മുതല്‍ പോളിസിയില്‍ അംഗമാകാം. ഉയര്‍ന്ന പ്രായപരിധി 13 വയസാണ്. കുറഞ്ഞ മെച്യൂരിറ്റി പ്രായം 18 വയസാണ്. ഉയര്‍ന്ന പരിധി 25 വയസും. കുറഞ്ഞ അഷ്വറന്‍സ് തുക രണ്ട് ലക്ഷം രൂപയാണ്. പരമാവധി തുകയ്ക്ക് ലിമിറ്റ് ഇല്ല.
കാലാവധി
ഒറ്റത്തവണ നിക്ഷേപിക്കുന്ന സിംഗിള്‍ ആയും, നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കുന്ന റഗുലര്‍ പ്രീമിയം ലിമിറ്റഡ് പേയ്‌മെന്റ് ആയും തിരഞ്ഞെടുക്കാം. ഇതില്‍ സിംഗിള്‍ പ്രീമിയത്തിന് പോളിസി കാലാവധി 5 വര്‍ഷം മുതല്‍ 25 വര്‍ഷം വരെ തിരഞ്ഞെടുക്കാം. നവജാത ശിശുക്കൾ മുതൽ 13 വയസു വരെയുള്ള കുട്ടികൾക്ക് ചേരാം. റഗുലര്‍ പ്രീമിയത്തിന് ലിമിറ്റഡ് പെയ്‌മെന്റ് രീതിയില്‍ 5, 6,7 എന്നിങ്ങനെ പ്രീമിയം പേയ്‌മെന്റ് കാലാവധിയും, പോളിസി കാലാവധി മിനിമം 10 വര്‍ഷം മുതല്‍ പരമാവധി 25 വര്‍ഷം എന്ന രീതിയിലും തിരഞ്ഞെടുക്കാം. മരണ ആനുകൂല്യവുമുണ്ട്.
പെണ്‍കുട്ടികള്‍ക്ക് അധിക നേട്ടം
പോളിസിയില്‍ വായ്പ സൗകര്യം ലഭ്യമാണ്. എന്നാല്‍ വായ്പയില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഇളവ് ലഭിക്കും. അതായത്, പെണ്‍കുട്ടികള്‍ക്ക് പോളിസിയില്‍ ലോണ്‍ എടുത്താല്‍ പലിശയില്‍ 1 ശതമാനം കുറവ് ലഭിക്കും. കൂടാതെ, തവണകളായാണ് പ്രീമിയം അടയ്ക്കുന്നതെങ്കില്‍ മൂന്ന് വര്‍ഷം കഴിഞ്ഞാണ് ലോണ്‍ സൗകര്യം. ഒറ്റത്തവണയായാണ് പ്രീമിയം അടയ്ക്കുന്നതെങ്കില്‍ മൂന്ന് മാസം കഴിയുമ്പോള്‍ വായ്പ എടുക്കാം.
കൂടാതെ സറണ്ടര്‍ ഓപ്ഷനും പോളിസിക്കുണ്ട്. ആദായ നികുതി വകുപ്പിലെ 80സി, 10 (10ഡി) എന്നീ വകുപ്പുകള്‍ പ്രകാരം നികുതിയളവ് ഉണ്ട്.