ADVERTISEMENT

യുലിപ് ഇന്‍ഷുറന്‍സോ ഇന്‍വെസ്റ്റ്മെന്റോ എന്ന ചോദ്യം ഈ സവിശേഷ പോളിസി ആവിഷ്‌കരിച്ച കാലം മുതല്‍ ഉയര്‍ന്നതാണ് എങ്കിലും അതിന് വ്യക്തമായ ഉത്തരം വന്നത് ഇപ്പോഴാണ്. ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച അവസാന വാക്കായ ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) തന്നെ ഇതൊരു ഇന്‍വെസ്റ്റ്‌മെന്റ് പ്രോഡക്ട് അല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അതുകൊണ്ട് യുലിപ്പിനെ നിക്ഷേപമെന്ന എന്ന രീതിയില്‍ പരസ്യം ചെയ്യുന്നതും വിലക്കിയിരിക്കുകയാണ്. ഐആര്‍ഡിഎയുടെ ഈ നിലപാട് യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതിന് തുല്യമാണ് എന്ന് നിക്ഷേപകര്‍ക്ക് അറിയാം. എന്നിട്ടും എന്താണ് ഇത്തരമൊരു നടപടി ഉണ്ടായത്? യുലിപ്പില്‍ നിക്ഷേപിച്ചത് നഷ്ടക്കച്ചവടമായോ? പണം തിരികെ കിട്ടുമോ? നിക്ഷേപകരുടെ ഇടയില്‍ സംശയങ്ങളും ആശങ്കകളും വ്യാപകമായുണ്ട്. ഇതാ അവര്‍ ആവര്‍ത്തിച്ചുന്നയിക്കുന്ന പ്രധാനപ്പെട്ട 10 സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.

1.യുലിപ് ഇന്‍വെസ്റ്റ്‌മെന്റായിരുന്നില്ലേ. അതില്‍ നിക്ഷേപിച്ചത് മണ്ടത്തരമായോ?

യുലിപ് മികച്ച ഒരു ഇന്‍വെസ്റ്റ്‌മെന്റ് തന്നെ. അതില്‍ നിക്ഷേപിച്ചത് വളരെ നല്ല തീരുമാനം തന്നെയാണ്. അതിലെ പണത്തിന് ഒരു കുഴപ്പവുമില്ല. ഇന്‍ഷറുന്‍സ് കമ്പനി പറഞ്ഞിട്ടുള്ള നേട്ടം അതില്‍ നിന്ന് ഓഹരി വിപണിയുടെ ഗതിവിഗതികള്‍ക്ക് അനുസൃതമായി ലഭിക്കും.

2.പിന്നെ എന്തുകൊണ്ടാണ് ഇതൊരു നിക്ഷേപ ഉൽപ്പന്നമല്ല എന്നു പറയുന്നത്.

ഓഹരി, മ്യൂച്വല്‍ഫണ്ട്, ബാങ്ക് നിക്ഷേപം തുടങ്ങിയവയുമായയി താരതമ്യം ചെയ്യുമ്പോള്‍ അവയിലൊന്നും ഇല്ലാത്ത ഒരു ഇന്‍ഷുറന്‍സ് സംരക്ഷണം കൂടി യുലിപിന് ലഭിക്കും. അതുകൊണ്ട് യുലിപ് ഇന്‍ഷുറന്‍സ് പോളിസിയാണോ ഇന്‍വെസ്റ്റ്‌മെന്റ് ആണോ എന്ന സംശയമോ തര്‍ക്കമോ ഉണ്ടാകുക സ്വാഭാവികം. യുലിപ് ഇന്‍ഷുറന്‍സും ഇന്‍വെസ്റ്റ്‌മെന്റും ചേര്‍ന്ന ഒരു ഹൈബ്രിഡ് അല്ലെങ്കില്‍ സംയുക്ത പ്രോഡക്ടാണ്. ഇതിലെ നിക്ഷേപത്തില്‍ നിന്ന് നേട്ടവും കിട്ടും ഇന്‍ഷുറന്‍സ് സംരക്ഷണവും കിട്ടും.

insu-4-

3. പിന്നെ എന്തുകൊണ്ടാണ് ഐആര്‍ഡിഎ ഇതൊരു ഇന്‍വെസ്റ്റ്‌മെന്റ് പ്രോഡക്ട് അല്ല എന്നും അങ്ങനെ പരസ്യം ചെയ്യരുത് എന്നും പറഞ്ഞത്?

യുലിപ് പോളിസികളെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് തുല്യമായ രീതിയില്‍ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം ചെയ്യാന്‍ തുടങ്ങിയതാണ് ഐആര്‍ഡിഎ ഇടപെടലിന് വഴിതെളിയിച്ചത്. ന്യൂഫണ്ട് ഓഫര്‍, എസ്.ഐ.പി തുടങ്ങിയ മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട ടേമുകള്‍ യുലിപ് പരസ്യങ്ങളില്‍ ചിലര്‍ ഉപയോഗിച്ചിരുന്നു. ആളുകള്‍ യുലിപ് പോളിസികള്‍ മ്യൂച്ച്വല്‍ ഫണ്ടുകളാണ് എന്ന് തെറ്റിദ്ധരിച്ച് യുലിപ് പോളിസികളില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു. ഇതാണ് കര്‍ശന നടപടിക്ക് ഐആര്‍ഡിഎയെ പ്രേരിപ്പിച്ചത്.

4. അപ്പോള്‍ യുലിപ് മ്യുച്വല്‍ ഫണ്ട് പോലുള്ള മറ്റൊരു നിക്ഷേപ മാര്‍ഗമല്ലേ?

മ്യൂച്വല്‍ ഫണ്ട് പോലെ അല്ലെന്നുമാത്രമല്ല യുലിപ് ഒരിക്കലും മറ്റൊരു നിക്ഷേപം പോലെയല്ല. ഇന്‍ഷുറന്‍സും ഇന്‍വെസ്റ്റുമെന്റും സംയോജിപ്പിച്ച ഒരേ ഒരു നിക്ഷേപമാര്‍ഗമേയുള്ളൂ. അത് യുലിപ്പ് ആണ്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ കിട്ടുന്ന അത്ര  ലാഭം യുലിപില്‍ നിന്ന് കിട്ടണമെന്നില്ല. എന്നാല്‍ യുലിപ്പില്‍ നിന്നു കിട്ടുന്ന ഇന്‍ഷുറന്‍സ് സംരക്ഷണം ഒരിക്കലും മ്യൂച്വല്‍ ഫണ്ടില്‍ നിന്നോ, ഓഹരിയില്‍ നിന്നോ, ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നോ കിട്ടില്ല.

insu-protection

5. അങ്ങനെ എങ്കില്‍ യുലിപ് പോളിസികള്‍ മ്യൂച്വല്‍ ഫണ്ട് ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്നത് തെറ്റല്ലേ?

ഏത് പ്രോഡക്ടും തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്നത് തെറ്റുതന്നെയാണ്. ഇത്തരത്തില്‍ മിസ് സെല്ലിങ് തടയാനാണ് ഐആര്‍ഡിഎ മാസ്റ്റര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതു പ്രകാരം യുലിപ് പോളിസികള്‍ പരസ്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട നിബന്ധനകള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

6. യുലിപ് പോളിസികള്‍ സ്വന്തം നിലയ്ക്ക് നിക്ഷേപകര്‍ക്ക് ലാഭകരമാണോ?

ലാഭകരം തന്നെയാണ്. പക്ഷേ യുലിപ്പില്‍ നിന്നുള്ള ലാഭം മറ്റു നിക്ഷേപമാര്‍ഗങ്ങളുമായി താരതമ്യം ചെയ്തു വിലയിരുത്തുന്നതിലാണ് പിഴവ് പറ്റുന്നത്. മറ്റൊരു നിക്ഷേപമാര്‍ഗത്തില്‍ നിന്നും ഇന്‍ഷുറന്‍സ് സംരക്ഷണം കിട്ടില്ലെന്നിരിക്കേ യുലിപ്പില്‍ നിന്നുള്ള ലാഭത്തെ മറ്റൊന്നുമായും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.

7. യുലിപ്പില്‍ നിക്ഷേപിക്കുന്ന പണം അവര്‍ എന്തുചെയ്യുന്നു.

പ്രതിമാസമോ പ്രതിവര്‍ഷമോ നിക്ഷേപകന്‍ അടയ്ക്കുന്ന പ്രീമിയത്തില്‍ നിന്ന് നിശ്ചിത വിഹിതം തുക പോളിസി ഉടമയ്ക്ക് ലൈഫ് കവറേജ് നല്‍കാനുള്ള പ്രീമിയമായി എടുക്കുന്നു. ബാക്കി തുക മ്യൂച്വല്‍ ഫണ്ടിലേതുപോലെ ഓഹരികളിലോ കടപ്പത്രങ്ങളിലോ രണ്ടിലും കൂടിയോ നിക്ഷേപിക്കുന്നു. യൂണിറ്റുകളായി പോളിസി ഉടമയ്ക്ക് നല്‍കുന്നു.

8. യുലിപ്പിന്റെ പോരായ്മകള്‍ എന്തൊക്കെയാണ്

യുലിപ് പോലെ മറ്റൊരു നിക്ഷേപമാര്‍ഗവുമില്ലാത്തതുകൊണ്ട് ഇതിന് പോരായ്മകള്‍ ഉണ്ട് എന്നുപറയാന്‍ കഴിയില്ല. എന്നാല്‍ മറ്റ് നിക്ഷേപമാര്‍ഗങ്ങളുമായി താരതമ്യം ചെയ്താല്‍ പോരായ്മകളായി പലതും എടുത്തുകാട്ടാന്‍ ഉണ്ടുതാനും.

മറ്റ് നിക്ഷേപമാര്‍ഗങ്ങള്‍ ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ചാര്‍ജുകള്‍ യുലിപ്പ് പോളിസി ഉടമകളില്‍ നിന്ന് ഈടാക്കുന്നുവെന്ന ആക്ഷേപം പണ്ടേയുണ്ട്. പ്രീമിയം അലോക്കേഷന്‍ ചാര്‍ജ്, പോളിസി അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്, ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ് തുടങ്ങിയവ അതില്‍ പെടുന്നു. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പീരീഡ് ഉണ്ട്. നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷത്തേക്ക് അതില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയില്ല.

9. എന്താണ് യുലിപ്പിന്റെ മേന്മകള്‍

യുലിപ്പ് പോലെ മറ്റൊരു നിക്ഷേപ പ്രോഡക്ട് ഇല്ല എന്നതുതന്നെ ഇതിന്റെ ഏറ്റവും വലിയ മേന്മ. പോളിസി ഉടമയ്ക്ക് സാമ്പത്തിക സുരക്ഷിതത്വവും വിവിധ നിക്ഷേപമാര്‍ഗങ്ങളില്‍ നിന്നുള്ള നേട്ടവും ഒരേ സമയം നല്‍കുന്നു. നിങ്ങളുടെ റിസ്‌കിന് അനുസരിച്ചുള്ള വിവിധ നിക്ഷേപമാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് യുലിപ് മുഖേന സ്വീകരിക്കാം. വലിയ റിസ്‌ക് താങ്ങാന്‍ ശേഷിയുണ്ടെങ്കില്‍ ഓഹരികളില്‍ നിക്ഷേപിക്കാം. ഒട്ടും റിസ്‌ക് എടുക്കാന്‍ പറ്റില്ലെങ്കില്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാം. അല്ലെങ്കില്‍ ഒരേസമയം രണ്ടിലും നിക്ഷേപിക്കാം. നിങ്ങള്‍ തിരഞ്ഞെടുത്ത ഫണ്ട് ഉദ്ദേശിച്ചപോലെ ലാഭം തരുന്നില്ലെങ്കിലോ ഓഹരി വിപണിയിലെ ഗതിവിഗതികള്‍ അനുകൂലമല്ലെങ്കിലോ ഒരു ഫണ്ടില്‍ നിന്ന് മറ്റൊരു ഫണ്ടിലേക്ക് മാറ്റാം.

അടയ്ക്കുന്ന പ്രീമിയം തുകയ്ക്കും കാലാവധി എത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും ആദായ നികുതി ഇളവ് ലഭിക്കും.

10. എല്ലാവര്‍ക്കും ഉചിതമായ മാര്‍ഗമാണോ യുലിപ്

141 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് വെറും 42 കോടി ആളുകള്‍ക്ക് മാത്രമാണ്  ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുള്ളത്.  ഓഹരി നിക്ഷേപമുള്ളവരുടെ എണ്ണമാകട്ടെ വെറും 16.2 കോടിയും. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഇറ്റിഎഫ് തുടങ്ങിയ നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ച് യാതൊരു അറിവില്ലാത്തവര്‍ക്കും അവയെക്കുറിച്ച് മനസിലാക്കാനുളള അവസരവും സമയവും ഇല്ലാത്തവര്‍ക്കും യുലിപ് പോളിസി പ്രയോജനം ചെയ്യും. ഒരേസമയം ഇന്‍ഷുറന്‍സിന്റെയും ഓഹരി വിപണിയുടെയും പ്രയോജനം ഇവര്‍ക്ക് കിട്ടും. എന്നാല്‍ യുലിപ് പോളിസിയില്‍ ചേര്‍ന്നതുകൊണ്ട് മാത്രം എല്ലാം ആയി എന്നുകരുതരുത്. ഓരോരുത്തര്‍ക്കും അവശ്യമായത്ര ഇന്‍ഷുറന്‍സ് സംരക്ഷണം യുലിപ് പോളിസിയില്‍ നിന്ന് കിട്ടണം എന്നില്ല. അതേപോലെ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള പണം മുഴുവന്‍ യുലിപില്‍ നിന്ന് സമാഹരിക്കാന്‍ കഴിയണം എന്നുമില്ല. എന്നാല്‍ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ ഉറപ്പായും എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ട ഒരു ഇന്‍ഷുറന്‍സ് നിക്ഷേപ പദ്ധതി തന്നെയാണ് യുലിപ്.

(പെഴ്‌സണല്‍ ഫിനാന്‍സ് അനിലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഇ മെയ്ല്‍ 9447667716)

English Summary:

Insurance and Ulip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com