ADVERTISEMENT

പൊതു മേഖലയിലെ വമ്പനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 50 ശതമാനത്തോളം ഓഹരികൾ വാങ്ങാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ സാധ്യതകള്‍ മുന്നിൽ കണ്ടാണ് നീക്കം. ഇന്ത്യക്കാരുടെ ആയുർദൈർഘ്യം വർദ്ധിക്കുന്നതോടൊപ്പം രോഗങ്ങള്‍ കൂടുന്നതും, മെഡിക്കൽ ചെലവുകൾ ഉയരുന്നതും എൽ ഐ സി യെ ആരോഗ്യ ഇൻഷുറൻസ്  മേഖലയിലേക്ക് കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്. മൊത്തം ആരോഗ്യ സംരക്ഷണ ചെലവുകളുടെ 3 ശതമാനത്തിൽ താഴെ മാത്രമേ നിലവിൽ ഇൻഷുറൻസ് പരിരക്ഷയുള്ളു എന്ന കണക്കുകളും എൽ ഐ സിയെ പോലുള്ള ഇൻഷുറൻസ് ഭീമന് ചിറക് വിരിക്കാൻ അവസരമൊരുക്കുന്നു.

ഏറ്റെടുക്കൽ നീക്കം

ആരോഗ്യ ഇൻഷുറൻസ് ബിസിനസിലേക്ക് പ്രവേശിക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതായി LIC മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ മൊഹന്തി മുമ്പ് പറഞ്ഞിരുന്നു.

നിലവിൽ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്, നിവാ ബുപ, കെയർ ഹെൽത്ത് ഇൻഷുറൻസ്, ആദിത്യ ബിർള, മണിപ്പാൽ സിഗ്ന, നാരായണ ഹെൽത്ത് ഇൻഷുറൻസ് എന്നിങ്ങനെ ആറ്  ആരോഗ്യ ഇൻഷുറൻസ് കമ്പനികളുണ്ട്. ഗാലക്‌സി ഹെൽത്ത് ഇൻഷുറൻസിനും അടുത്തിടെ റെഗുലേറ്റർ അനുമതി നൽകിയിട്ടുണ്ട്. ജനറൽ ഇൻഷുറൻസിലെ ഏറ്റവും വലിയ വിഭാഗമാണ് ആരോഗ്യം. കഴിഞ്ഞ ഓഗസ്റ്റിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർഷം തോറും 11.60 ശതമാനം വർധിച്ച് 44,372.26 കോടി രൂപയിൽ നിന്ന് 49,520.64 കോടി രൂപയായി.

health-3-

ഉപഭോക്താക്കൾക്ക് നേട്ടം?
 

ഡാറ്റാ സ്വകാര്യത,സാങ്കേതികവിദ്യ ചിലവ് എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ ഉണ്ടെങ്കിലും ഇതിലേക്ക് ഇറങ്ങാൻ തന്നെയാണ് എൽ ഐ സി നോക്കുന്നത്. ഇൻഷുറൻസ് കമ്പനികളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ, ഹാക്കിങ് പോലുള്ളവയുമുണ്ടെങ്കിലും ഇന്ത്യയുടെ ജനസംഖ്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെ വളർച്ചക്ക് സഹായിക്കും എന്ന ഉറപ്പും എൽ ഐ സിക്ക് ഉണ്ട്. ഇതുകൂടാതെ നിലവിലുള്ള പോളിസി ഹോൾഡർമാരിലൂടെ പോലും പെട്ടെന്ന് ആരോഗ്യ ഇൻഷുറൻസ് വ്യവസായം വളർത്താൻ സാധിക്കും എന്ന നേട്ടവുമുണ്ട്. എന്തായാലും മത്സരം കടക്കുന്നതോടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഇൻഷുറൻസ് ലഭിക്കാനാണ് സാധ്യത. 

English Summary:

Explore how the insurance giant plans to leverage its massive reach and the potential impact on India's healthcare landscape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com