ADVERTISEMENT

മുൻആഴ്ചയിൽ കരടികളുടെ കൈയിലകപ്പെട്ട ഇന്ത്യൻ വിപണി ഈയാഴ്ച ഷോർട്ട്കവറിങ്ങിന്റെ കൂടി പിന്തുണയിൽ തിരിച്ചു കയറി വൻനേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻ വെള്ളിയാഴ്ച 22055 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ആറ് വ്യാപാര ദിനങ്ങളുണ്ടായിരുന്ന ഈയാഴ്ച രണ്ട് ശതമാനത്തിലധികം മുന്നേറി 22502 പോയിന്റിലാണ് ക്ളോസ് ചെയ്തത്. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം അഞ്ചും നാലും ശതമാനം മുന്നേറിയപ്പോൾ, മെറ്റൽ, റിയൽറ്റി സെക്ടറുകൾ 7% വീതം മുന്നേറി. നിഫ്റ്റി നെക്സ്റ്റ്-50യും, കൺസ്യൂമർ ഡ്യൂറബിൾസും 5%ൽ കൂടുതലും മുന്നേറി. ഈ മാസത്തിൽ ആദ്യമായി വെള്ളിയാഴ്ച വിദേശഫണ്ടുകൾ വാങ്ങലുകാരായതും പ്രതീക്ഷയാണ്. 

തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന്
 

പൊതുതിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പോളിങ് തിങ്കളാഴ്ച നടക്കുമ്പോൾ മുംബൈയിലും പോളിങ് നടക്കുന്നതിനാൽ ഇന്ത്യൻ വിപണി അവധിയിലാണ്. രണ്ടാഴ്ചകൾക്കപ്പുറം തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നത് ഇന്ത്യൻ വിപണിയിലും വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമായേക്കാമെന്ന ‘’പൊതു’’ പ്രതീക്ഷ വിപണിയിലും സജീവമാണ്. പോളിങ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ വിപണി കൂടുതൽ ചാഞ്ചാട്ടവിധേയമാകുമെന്നതും, എക്സിറ്റ് പോളുകൾ വിപണിയെ വീണ്ടും ചൂട് പിടിപ്പിക്കുമെന്നും കരുതുന്നു. എങ്കിലും അടുത്ത തിരുത്തൽ ദീർഘകാല നിക്ഷേപകർക്ക് മികച്ച അവസരമാണെന്ന ധാരണയും സജീവമാണ്.

ഫെഡ് നിരക്ക് പ്രതീക്ഷ

അമേരിക്കയുടെ പിപിഐ ഏപ്രിലിൽ വിപണി പ്രതീക്ഷക്കപ്പുറം വാർഷിക വളർച്ച കുറിച്ചെങ്കിലും, അമേരിക്കൻ സിപിഐ അഥവാ റീടെയ്ൽ പണപ്പെരുപ്പം വിപണി പ്രതീക്ഷക്കൊപ്പം മാത്രം വളർച്ച കുറിച്ചത് ഫെഡ് നിരക്ക് കുറക്കുന്നത് നീണ്ടുപോകില്ലെന്ന പ്രതീക്ഷ വീണ്ടും ശക്തമാക്കി. ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷ ശക്തമായപ്പോൾ ഡോളറും, ബോണ്ട് യീൽഡും വീണതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൽ സൂചികകൾ വീണ്ടും റെക്കോർഡ് ഉയരങ്ങൾ കീഴടക്കി. കഴിഞ്ഞ ആഴ്ചയിൽ 1% മുന്നേറിയ ഡൗ ജോൺസ്‌ 40000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തപ്പോൾ നാസ്ഡാക് 16797 എന്ന പുതിയ റെക്കോർഡ് ഉയരവും കുറിച്ചു. 

share-market

അമേരിക്കൻ പണപ്പെരുപ്പം ക്രമമാണെങ്കിലും ഡോളർ നിരക്ക് പിടിച്ചു നിർത്താൻ വേണ്ടി ഫെഡ് നിരക്ക് ഉയർന്ന നിരക്കിൽ തന്നെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫെഡ് അംഗങ്ങൾ വാചാലരാകുന്നതാണ് കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടത്.

ലോക വിപണിയിൽ അടുത്ത ആഴ്ച
 

തിങ്കളാഴ്ച വീണ്ടും ഫെഡ് റിസേർവ് ചെയർമാൻ ജെറോം പവലും, ഫെഡ് അംഗങ്ങളായ റാഫേൽ ബോസ്റ്റിക്കും, ക്രിസ്റ്റഫർ വാലറും അടക്കമുള്ള അംഗങ്ങളും സംസാരിക്കുന്നത് അമേരിക്കൻ വിപണിക്ക് അതിപ്രധാനമാണ്. ബുധനാഴ്ച വരുന്ന ഫെഡ് റിസേർവിന്റെ കഴിഞ്ഞ മീറ്റിങ്ങിലെ മിനുട്സും, ഫെഡ് അംഗങ്ങളുടെ തുടർന്നുള്ള പ്രസ്താവനകളും അമേരിക്കൻ വിപണിയെ അടുത്ത ആഴ്ചയിലും നിയന്ത്രിക്കും.

വ്യാഴാഴ്ച വരുന്ന അമേരിക്കയുടെയും, യൂറോപ്യൻ രാജ്യങ്ങളുടെയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും വിപണിക്ക് പ്രധാനമാണ്. വ്യാഴാഴ്ച തന്നെ ജപ്പാനും ഇന്ത്യയുമടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടെയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ പുറത്ത് വരും.

തിങ്കളാഴ്ച ചൈനീസ് പീപ്പിൾസ് ബാങ്കിന്റെ പ്രൈം ലെൻഡിങ് നിരക്കിലെ മാറ്റങ്ങളും, വ്യാഴാഴ്ചത്തെ ബാങ്ക് ഓഫ് കൊറിയയുടെ പലിശ നിരക്ക് തീരുമാനങ്ങളും ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്.

ഓഹരികളും സെക്ടറുകളും
 

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, പിഎഫ്സി, ആർവിഎൻഎൽ, സീമെൻസ്, കിർലോസ്കർ ബ്രദേഴ്‌സ്‌, കെയിൻസ്, ടാറ്റ മോട്ടോഴ്‌സ്, മഹിന്ദ്ര, ക്രോമ്പ്ടൺ ഗ്രീവ്സ്, ഡിഎൽഫ്, സിഗ്നേച്ചർ ഗ്ലോബൽ, ഒബ്‌റോയ് റിയൽറ്റി, ടിറ്റാഗർ റെയിൽ സിസ്റ്റംസ്, റെക്ക്സ് റെയിൽ, ആദിത്യ ബിർള ക്യാപിറ്റൽ, സൊമാറ്റോ, വരുൺ ബിവറേജസ്, വി ഗാർഡ് മുതലായ കമ്പനികളും മുൻ പാദത്തിൽ നിന്നും മുൻ വർഷത്തിൽ നിന്നും മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഡിഫൻസ് & ഷിപ്പ്ബിൽഡിങ് ഓഹരികൾ മികച്ച റിസൾട്ടുകളുടെയും, പുത്തൻ ഓർഡറുകളുടെയും പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിൽ പറന്ന് കയറി പുതിയ ഉയരങ്ങൾ താണ്ടി. എച്ച്എഎൽ കഴിഞ്ഞ ആഴ്ചയിൽ 22% മുന്നേറിയപ്പോൾ, കൊച്ചിൻ ഷിപ്യാർഡ് 20% നേട്ടമാണ് കുറിച്ചത്.

share-market

ക്യാപിറ്റൽ ഗുഡ്‌സ് കമ്പനികളുടെ ഒന്നിനൊന്ന് മെച്ചപ്പെട്ട റിസൾട്ടുകൾ കഴിഞ്ഞ ആഴ്ചയിൽ ക്യാപിറ്റൽ ഗുഡ്‌സ് സെക്ടറിന് അതിമുന്നേറ്റം നൽകി. എബിബി, സീമെൻസ്, കിർലോസ്കർ ബ്രതേഴ്‌സ്, കിർലോസ്കർ ഓയിൽ എഞ്ചിൻസ് മുതലായ കമ്പനികൾ കഴിഞ്ഞ ആഴ്ചയിൽ മികച്ച കുതിപ്പ് നേടി. 

ചൈനക്ക് പുറമെ മറ്റൊരു ഉല്പാദകകേന്ദ്രം കൂടി വികസിപ്പിക്കുക എന്ന പരിഗണന മുന്നിൽ വച്ചുകൊണ്ട്, ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനായി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ‘’പ്രതികാരനികുതികൾ’’ നിലനിൽക്കെ ബൈഡൻ ഭരണകൂടം വീണ്ടും ചൈനീസ് ഉല്പന്നങ്ങൾക്ക് മേൽ അധിക നികുതി ഏർപ്പെടുത്തിയത് ഇന്ത്യൻ ഓഹരികൾക്ക് അനുകൂലമായി മാറി. സ്റ്റീൽ, അലുമിയം, ക്രിട്ടിക്കൽ മിനറൽസ്, സെമികണ്ടക്ടറുകൾ, സോളാർ ബാറ്ററികൾ, ഇലക്ട്രിക് വാഹനങ്ങൾ മുതലായവായുടെ ചൈനയിൽ നിന്നുമുള്ള ഇറക്കുമതിക്ക് അമേരിക്ക 25% മുതൽ 100% വരെ അധികനികുതിയാണ് പ്രഖ്യാപിച്ചത്.

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ഇന്ത്യ ഇൻഡക്സിൽ പതിന്ന് ഇന്ത്യൻ ഓഹരികൾ പുതുതായി ഇടം പിടിച്ചപ്പോൾ മൂന്നെണ്ണത്തിന് ഇടം നഷ്ടമായി. എംഎസ്സിഐയിലെ മെയ് മാസത്തിലെ മാറ്റങ്ങൾ മെയ് മുപ്പത്തിയൊന്നാം തീയതി മുതലാണ് പ്രാബല്യത്തിൽ വരിക.

എംഎസ്സിഐയിൽ നിന്നും പേടിഎം പുറത്തായപ്പോൾ പോളിസി ബസാർ, ഇൻഡസ് ടവേഴ്സ്, ഫീനിക്സ് മിൽസ് മുതലായ കമ്പനികൾ പുതുതായി ഇടംപിടിച്ചു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് മികച്ച വരുമാന വളർച്ചക്കൊപ്പം അറ്റാദായത്തിലും വളർച്ച കുറിച്ചത് ഓഹരിക്ക് കുതിപ്പ് നൽകി. അറ്റാദായം മുൻ വർഷത്തിലെ 2841 കോടിയിൽ നിന്നും 4292 കൊടിയിലേക്കുയർന്നു. വരുമാന വളർച്ചയുടെ പിൻബലത്തിൽ അറ്റാദായം മുൻപാദത്തിൽ നിന്നും ഇരട്ടിയോളം വളർന്നതും ഒബ്‌റോയ് റിയൽറ്റിക്ക് അനുകൂലമാണ്. 

share-market

ടാറ്റ മോട്ടോഴ്‌സ് മികച്ച വരുമാന വളർച്ചക്കൊപ്പം, ഓപ്പറേറ്റിങ് മാർജിനിലും വളർച്ച കുറിച്ചത് ഓഹരിക്ക് അനുകൂലമാണ്. തിരുത്തൽ ടാറ്റ മോട്ടോഴ്‌സിൽ ദീർഘകാല നിക്ഷേപ അവസരമാണ്. റിസൾറ്റിന് ശേഷം തിരുത്തലിൽ വീണ എൽ&ടി ക്യാപിറ്റൽ ഗുഡ്‌സ് സെക്ടറിനൊപ്പം വീണ്ടും മുന്നേറ്റപാതയിലാണ്. എൽ&ടി കഴിഞ്ഞ ആഴ്ചയിൽ കൊൽക്കത്ത മെഡിക്കൽ കോളേജ് പ്രോജക്റ്റ് അടക്കം ബിൽഡിങ് & ഫാക്ടറി മേഖലയിൽ നിരവധി നിർമാണ ജോലികൾ സ്വന്തമാക്കി. എംസിസിഐ സ്‌മോൾ ക്യാപ്പ് സൂചികയിൽ ഇടംപിടിച്ചത് പുറവങ്കരക്കും അനുകൂലമാണ്. കമ്പനി മികച്ച വിൽപനയാണ് കഴിഞ്ഞ പാദത്തിൽ സ്വന്തമാക്കിയത്. 

അടുത്ത ആഴ്ചയിലെ പ്രധാനറിസൾട്ടുകൾ
 

ഒഎൻജിസി, ഓയിൽ ഇന്ത്യ, ഭാരത് ഇലക്ട്രോണിക്സ്, ഐആർഎഫ്സി, ടാൽബ്രോസ് എഞ്ചിനിയറിങ്, വിആർഎൽ ലോജിസ്റ്റിക്സ്, വിവി മെഡ്ലാബ്സ് മുതലായ ഓഹരികൾ തിങ്കളാഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്നു. ഭെൽ, ജിഎസ്എഫ്സി, എൻഎംഡിഎസി, ഐടിസി, ഹിൻഡാൽകോ, ഗ്രാസിം, രാംകോ സിമന്റ്, ഗ്ലാൻഡ് ഫാർമ, അശോക് ലൈലാൻഡ്, പവർഇന്ത്യ, പേജ് ഇൻഡസ്ട്രീസ്, റേറ്റ് ഗെയിൻ, ജൂബിലന്റ് ഫുഡ്, എച്ച്ബിഎൽ പവർ, എച്ച്ഇജി, നൈക്ക, ജെഎംഫിനാൻഷ്യൽ, മണപ്പുറം ഫിനാൻസ് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾറ്റുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ
 

ഡോളർ വീക്കായതും ക്രൂഡിന് കൂടുതൽ ആവശ്യകത വരുമെന്ന അനുമാനവും ക്രൂഡ് ഓയിലിനും കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 84 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. ഫെഡ് നിരക്ക് സൂചനകളും, ചൈനീസ് സ്റ്റിമുലസ് സൂചനകളും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും അടുത്ത ആഴ്ചയിൽ ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും.

Photo Credit: istockphoto/KangeStudio
Photo Credit: istockphoto/KangeStudio

സ്വർണം

വെള്ളിയാഴ്ചത്തെ ഒന്നര ശതമാനം മുന്നേറ്റത്തിന്റെ പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിൽ രണ്ട് ശതമാനത്തിലേറീ മുന്നേറ്റമാണ് സ്വർണം സ്വന്തമാക്കിയത്. ബോണ്ട് യീൽഡ് താഴേക്കിറങ്ങിയത് സ്വർണത്തിനും അനുകൂലമായി. അടുത്ത ആഴ്ചയിലെ ഫെഡ് ഒഫിഷ്യലുകളുടെ പ്രസ്താവനകളും, ഫെഡ് മിനുട്സും സ്വർണത്തെയും സ്വാധീനിക്കും.

ഐപിഒ
 

ആശിഷ് കച്ചോലിയയും ക്രിസ് ക്യാപിറ്റലും പിന്തുണക്കുന്ന കോ-വർക്കിങ് കമ്പനിയായ ഔഫിസ് സ്പെയ്സ് സൊല്യൂഷന്റെ ഐപിഓ അടുത്ത ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ഡൽഹി ആസ്ഥാനമായ കമ്പനിയുടെ ഐപിഒ വിലനിലവാരം 364-383 രൂപയാണ്.

English Summary:

Nifty Soars to 22,502 amidst Election Buzz and Foreign Fund Inflows: Unpacking This Week’s Market Recovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com