ADVERTISEMENT

കേരളത്തില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഏറ്റവും മൂല്യമേറിയ സ്ഥാപനമെന്ന നേട്ടം ഇനി കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണശാലയായ ഫാക്ടിന് സ്വന്തം. ഇന്ന് ഓഹരിവില 20 ശതമാനം മുന്നേറി അപ്പര്‍-സര്‍ക്യൂട്ടില്‍ എത്തിയതോടെയാണ് ഫാക്ട് ഈ നേട്ടം സ്വന്തമാക്കിയത്.

ഓഹരിവില ഇന്ന് വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോൾ തന്നെ 20 ശതമാനം ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 1,090.35 രൂപയിലെത്തി. ഇതോടെ ഫാക്ടിന്‍റെ വിപണിമൂല്യം (മാര്‍ക്കറ്റ് ക്യാപ്പ്) 70,533 കോടി രൂപയിലുമെത്തി. ആദ്യമായാണ് കമ്പനിയുടെ വിപണിമൂല്യം 70,000 കോടി രൂപയും ഓഹരിവില 1,000 രൂപയും ഭേദിക്കുന്നത്. 

മുത്തൂറ്റ് ഫിനാന്‍സ് പിന്നിലായി
 

വിപണിമൂല്യം 70,000 കോടി രൂപ ഭേദിക്കുന്ന രണ്ടാമത്തെ മാത്രം കേരള ലിസ്റ്റഡ് കമ്പനിയാണ് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്ന ഫാക്ട്. നേരത്തേ മുത്തൂറ്റ് ഫിനാന്‍സ് ഈ നേട്ടം കുറിച്ചിരുന്നെങ്കിലും ഇന്ന് വിപണിമൂല്യമുള്ളത് 69,850 കോടി രൂപയിലാണ്. ഇതോടെയാണ് ഒന്നാംസ്ഥാനം ഫാക്ടിന് ലഭിച്ചത്. 59,227 കോടി രൂപ വിപണിമൂല്യവുമായി കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡാണ് മൂന്നാമത്.

muthoot-finance-logo

ഫാക്ടിന്‍റെ മുന്നേറ്റം

കഴിഞ്ഞ നവംബറിലാണ് ഫാക്ടിന്‍റെ വിപണിമൂല്യം ആദ്യമായി 50,000 കോടി രൂപ ഭേദിച്ചത്. കഴിഞ്ഞ ജനുവരി 25ന് കുറിച്ച 908 രൂപയെന്ന 52-ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഫാക്ട് ഓഹരികൾ ഇന്ന് മറികടന്നതും പുതിയ ഉയരം കുറിച്ചതും. 

ഇന്നിതുവരെ ഫാക്ടിന്‍റെ ഏകദേശം 1,550 കോടി രൂപയുടെ ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് എന്‍എസ്ഇയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

നേട്ടത്തിന് പിന്നില്‍

വളം കമ്പനികളില്‍ നിന്ന് മുന്‍കാല പ്രാബല്യത്തോടെ നികുതി പിരിക്കാനുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ ഈയാഴ്ച ചേരുന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫാക്ടിന്‍റെ അടക്കം വളം ഓഹരികളുടെ കുതിപ്പ്. 

ഇക്കുറി ഭേദപ്പെട്ട മണ്‍സൂണ്‍ ലഭിക്കുമെന്നതും കേന്ദ്രസര്‍ക്കാര്‍ സബ്സിഡി വിഹിതം വെട്ടിക്കുറയ്ക്കില്ലെന്ന വിലയിരുത്തലുകളും ഫാക്ട് ഓഹരികൾക്ക് ആവേശമായി. 2024-25 സീസണിലെ ഖാരിഫ് വിളകള്‍ക്ക് താങ്ങുവില കൂട്ടിയ കേന്ദ്ര മന്ത്രിസഭാ തീരുമാനവും കരുത്തായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്ന് വളം ആവശ്യകത ഏറുമെന്നതാണ് കാരണം.

English Summary:

FACT Becomes Kerala's Most Valuable Listed Company with 20% Share Price Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com